ബംഗളൂരു: കർണാടകയുടെ പഞ്ചസാരക്കിണ്ണമാണ് മാണ്ഡ്യ. കർഷക ഭൂരിപക്ഷ മേഖല. കാവേരി നദി ഫലഭൂയിഷ്ഠമാക്കിയ മണ്ണ്. ജെ.ഡി-എസും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടാറുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ ഇരുവരും ഒന്നിച്ചിട്ടും ബി.ജെ.പി പിന്തുണയിൽ നടി സുമലത അംബരീഷ് വിജയക്കൊടി പാറിച്ചു. സഖ്യത്തിലെ സ്വരച്ചേർച്ചയില്ലായ്മ പരാജയ കാരണമായി ചൂണ്ടിക്കാട്ടാമെങ്കിലും സുമലതയുടെ വിജയം മാണ്ഡ്യയിൽ ബി.ജെ.പിക്ക് ആത്മവിശ്വാസമേറ്റിയിരുന്നു. ഇത്തവണ ജെ.ഡി-എസും ബി.ജെ.പിയും സഖ്യംതീർത്ത് കോൺഗ്രസിനെ നേരിടുമ്പോൾ സിറ്റിങ് എം.പിയായ സുമലത പുറത്താണ്.
മാണ്ഡ്യയിൽ ഇത്തവണയും പിന്തുണ ഉറപ്പാക്കാൻ ബി.ജെ.പിയോട് ചേർന്നുതന്നെയാണ് സുമലത ഇത്രകാലവും നീങ്ങിയത്. കഴിഞ്ഞവർഷം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിക്ക് സമ്പൂർണ പിന്തുണ പരസ്യമായി പ്രഖ്യാപിച്ച അവർ, നിയമക്കുരുക്കുള്ളതിനാൽ മാത്രമാണ് താൻ ബി.ജെ.പി അംഗത്വമെടുക്കാത്തതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, സുമലതയുടെ ചരടുവലിയൊന്നും ഫലം കണ്ടില്ല. സഖ്യധാരണപ്രകാരം ബി.ജെ.പി കൈമാറിയ സീറ്റിൽ ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണ് എൻ.ഡി.എ സ്ഥാനാർഥി. മാണ്ഡ്യയിൽ വീണ്ടും സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമോ എന്ന് നടി വ്യക്തമാക്കിയിട്ടില്ല. മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല.
സുമലതയെ അനുനയിപ്പിക്കാൻ ബി.ജെ.പി തുടർച്ചയായ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സുമലതയുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. ചിക്കബല്ലാപുര ലോക്സഭ സീറ്റോ രാജ്യസഭാംഗത്വമോ വാഗ്ദാനം ചെയ്തതായാണ് വിവരം. സുമലത അനുകൂല മറുപടി നൽകിയിട്ടില്ല. ഞായറാഴ്ച എച്ച്.ഡി. കുമാരസ്വാമിതന്നെ നേരിട്ട് സുമലതയുടെ വീട്ടിലെത്തി പിന്തുണ തേടി. കഴിഞ്ഞതവണ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് സുമലത വീഴ്ത്തിയിരുന്നത്. അനുയായികളുമായി ചർച്ചചെയ്ത് ബുധനാഴ്ച തന്റെ അന്തിമ തീരുമാനം അറിയിക്കാമെന്നാണ് സുമലതയുടെ നിലപാട്. ചൊവ്വാഴ്ച ബംഗളൂരുവിലെത്തുന്ന അമിത്ഷായിൽനിന്ന് ബി.ജെ.പിയുടെ വാഗ്ദാനം സംബന്ധിച്ച ഉറപ്പുലഭിക്കുന്നതിനായാണ് ആ കാത്തിരിപ്പെന്നാണ് രാഷ്ട്രീയ സംസാരം. നടനും മുൻ കോൺഗ്രസ് മന്ത്രിയുമായിരുന്ന എം.എച്ച്. അംബരീഷിന്റെ ഭാര്യയായ സുമലത 2019ൽ കോൺഗ്രസ് ടിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് സ്വതന്ത്രയായി മത്സരിച്ചത്.
വെങ്കടരമണ ഗൗഡ എന്ന സ്റ്റാർ ചന്ദ്രുവാണ് കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞ ആറുമാസമായി ചന്ദ്രു മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിട്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എട്ടിൽ ആറ് മണ്ഡലങ്ങളിൽ കോൺഗ്രസാണ് വിജയിച്ചത്. ഒരു സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ കർഷക പാർട്ടിയായ കർണാടക സർവോദയപക്ഷയും ഒരു സീറ്റിൽ ജെ.ഡി-എസും ജയിച്ചു. സുമലതക്കായി കോൺഗ്രസും വാതിൽ തുറന്നിട്ടിരിക്കുകയാണ്. കുമാരസ്വാമിയും സ്റ്റാർ ചന്ദ്രുവും തമ്മിൽ പ്രചാരണത്തുടക്കമായെങ്കിലും, സുമലത വീണ്ടും രംഗത്തുവന്നാൽ മാണ്ഡ്യയിലെ മത്സരചിത്രം മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.