മഥുര ഷാഹി ഈദ് ഗാഹ് പള്ളി ​പൊളിക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കി, അയോധ്യയിൽ രാമക്ഷേത്രം പണിതപോലെ ഒരു ട്രസ്റ്റുണ്ടാക്കി തൽസ്ഥാനത്ത് ശ്രീകൃഷ്ണ ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. നിലവിലുള്ള തർക്കത്തിൽ ഇടപെടാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്.

ഈ വിഷയം പൊതുതാൽപര്യ ഹരജിയായി ഉന്നയിക്കേണ്ട ഒന്നല്ലെന്നും തർക്ക വിഷയമാണെന്നും സുപ്രീംകോടതി ഇടപെടുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. അതേസമയം, ഹരജി തള്ളിയത് ഏതെങ്കിലും നിയമം ചോദ്യം ചെയ്തുള്ള ഹരജി സമർപ്പിക്കുന്നതിന് തടസ്സമാകില്ലെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഇതേ തർക്കവുമായി ബന്ധപ്പെട്ട് മറ്റു ഹരജികൾ കോടതിയുടെ പരിഗണനയിലുള്ളത് ചൂണ്ടിക്കാട്ടി 2020ൽ അഭിഭാഷകനായ മഹേക് മഹേശ്വരി സമർപ്പിച്ച പൊതുതാൽപര്യ ഹരജി അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. തുടർന്ന് അത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ എത്തുകയായിരുന്നു. അയോധ്യയിൽ രാമ​ക്ഷേത്രം പണിതപോലെ ഒരു ട്രസ്റ്റുണ്ടാക്കി തൽസ്ഥാനത്ത് ക്ഷേത്രം നിർമിക്കണമെന്നായിരുന്നു ആവശ്യം.

ബലം ​പ്രയോഗിച്ച് ഏറ്റെടുത്ത ഭൂമിയിലാണ് മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിക്കുന്ന ഹരജി, ഇസ്‍ലാമിക നിയമപ്രകാരം അങ്ങനെയുണ്ടാക്കിയത് ഒരു പള്ളിയായി പരിഗണിക്കപ്പെടില്ലെന്നും മഹേക് മഹേശ്വരി വാദിച്ചു. ഈ ഹരജി സുപ്രീംകോടതി തള്ളിയെങ്കിലും ഇതേ ഭൂമിയിൽ ക്ഷേത്രത്തിന് അവകാശവാദമുന്നയിച്ചുള്ള ഹരജി ഉത്തർപ്രദേശിലെ വിചാരണ കോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല, പള്ളിയുടെ പരിസരത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന അവകാശവാദം ഉയർത്തി സർവേ നടത്താൻ കോടതി കമീഷണറെ വെക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ ഫൈസാബാദിൽ ബാബരി മസ്ജിദ് തകർത്ത് തൽസ്ഥാനത്ത് സുപ്രീംകോടതി വിധിയു​ടെ ബലത്തിൽ രാമക്ഷേത്രമുണ്ടാക്കിയതിന് പിന്നാലെയാണ് സംഘ്പരിവാർ അവകാശവാദമുന്നയിച്ച മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കി തൽസ്ഥാനത്ത് ശ്രീകൃഷ്ണ ക്ഷേത്രമുണ്ടാക്കാനുള്ള നീക്കം ശക്തമാക്കുന്നത്. അയോധ്യ-മഥുര-കാശി എന്നീ മൂന്ന് തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന സർകീട്ടുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നതിനിടയിൽ ഇത് കൂടാതെ വാരാണസിയിലെ ഗ്യാൻവാപി പള്ളി പൊളിച്ച് കാശി വിശ്വനാഥ ക്ഷേത്രത്തിനായും അവകാശവാദമുന്നയിച്ചിട്ടുണ്ട്.

Tags:    
News Summary - Supreme Court Refuses To Interfere With High Court's Dismissal Of PIL Seeking Removal Of Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.