കൊൽക്കത്ത: ഖരഗ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫസർ ഒാൺലൈൻ ക്ലാസിനിടെ അധിക്ഷേപിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വിദ്യാർഥികൾ. വിഡിയോ വൈറലായതോടെ അധ്യാപികക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ. പട്ടികജാതി^പട്ടിക വർഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുമായുള്ള ഇംഗ്ലീഷ് പ്രിപ്പറേറ്ററി ക്ലാസിനിടെയാണ് ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിലെ അസോസിയേറ്റ് പ്രഫസർ സീമ സിംഗ് വിദ്യാർഥികളെ മോശമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത്.
ബോംബെ ഐ.ഐ.ടിയിലെ വിദ്യാർത്ഥി സംഘമാണ് ഇതുസംബന്ധിച്ച മൂന്ന് വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഒരു വീഡിയോയിൽ അധ്യാപിക വിദ്യാർത്ഥികളെ അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുന്നത് കേൾക്കാം. എല്ലാവരെയും പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് അവർ. ഇതിനെതിരെ വനിതാ ശിശു സംരക്ഷണ മന്ത്രാലയം, എസ്.സി / എസ്.ടി / ന്യൂനപക്ഷ മന്ത്രാലയം എന്നിവയിൽ പരാതിപ്പെടാനും വെല്ലുവിളിക്കുന്നു. എന്നാൽ, അതുകൊണ്ടൊന്നും തെൻറ തീരുമാനം മാറ്റാനാവില്ലെന്നും അവർ പറയുന്നത് കേൾക്കാം.
മറ്റൊരു വീഡിയോയിൽ മുത്തച്ഛെൻറ മരണം കാരണം ലീവ് ആവശ്യപ്പെട്ട വിദ്യാർത്ഥിയെയും അവർ കുറ്റപ്പെടുത്തുന്നു. മുത്തച്ഛെൻറ മരണം എങ്ങനെയാണ് വിദ്യാർത്ഥിയെ ബാധിക്കുന്നതെന്ന് അവർ ചോദ്യം ചെയ്യുന്നു. അപേക്ഷ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഞാനും ഒരു ഹിന്ദുവാണ്. മരണശേഷം ചില ആചാരങ്ങൾ ചെയ്യാനുണ്ടെന്ന് എനിക്കറിയാം. എന്നാൽ, ഈ കോവിഡ് കാലത്ത് മതപരമായ എല്ലാ ആചാരങ്ങൾക്കും നിയന്ത്രണമുണ്ടെന്ന് എനിക്കറിയാം -അവർ പറയുന്നു.
മൂന്നാമത്തെ വീഡിയോയിൽ 'ഭാരത് മാതാ കി ജയ്' എന്ന് വിദ്യാർത്ഥികളെ പറയാൻ പ്രേരിപ്പിക്കുന്നത് കേൾക്കാം. നിങ്ങളുടെ രാജ്യത്തിനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചുരുങ്ങിയത് ഇതാണെന്നും അവർ പറയുന്നു.
അതേസമയം, ഇത്തരം പെരുമാറ്റങ്ങൾ സ്ഥാപനം പിന്തുണക്കുന്നില്ലെന്നും നടപടിയെടുക്കുമെന്നും ഐ.ഐ.ടി ഖരഗ്പൂർ രജിസ്ട്രാർ തമൽ നാഥ് പറഞ്ഞു. ഡയറക്ടർ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തിയെന്നും അധ്യാപികയെ അവലോകന സമിതിയിലേക്ക് വിളിപ്പിച്ചതായും അധികൃതർ അറിയിച്ചു.
വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിദ്യാർത്ഥികൾ പ്രഫസറെ ഉടൻ പുറത്താക്കുക, എസ്.സി - എസ്.ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം പൊലീസ് കേസെടുക്കുക, െഎ.െഎ.ടികളിൽ എസ്.സി^എസ്.ടി, ഒ.ബി.സി സെൽ തുടങ്ങുക എന്നീ കാര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. മരണാനന്തര ചടങ്ങിൽ പെങ്കടുക്കാൻ അനുവദിക്കാത്തത് വിദ്യാർത്ഥിയുടെ വികാരത്തെ പൂർണമായും അവഗണിക്കുന്നതിന് തുല്യമാണ്. സവർണ ആധിപത്യമുള്ള ഐ.ഐ.ടി അധികാരികൾ തന്നെ സംരക്ഷിക്കുമെന്ന തിരിച്ചറിവിൽനിന്നാണ് അധ്യാപിക ഇക്കാര്യങ്ങൾ ചെയ്യുന്നതെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.