പൂജാരി സായ് കൃഷ്ണ, കൊലപ്പെട്ട അപ്സര
ഹൈദരാബാദ്: കാമുകിയെ കൊന്ന് മാൻഹോളിൽ ഉപേക്ഷിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരിക്ക് ജീവപര്യന്തം. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയും ടെലിവിഷൻ താരവുമായ അപ്സരയെ (30) കൊലപ്പെടുത്തിയ കേസിലാണ് രംഗറെഡ്ഡി ജില്ലാ കോടതി വിധി പറഞ്ഞത്.
സരൂർ നഗർ ക്ഷേത്രത്തിലെ പൂജാരിയായ അയ്യരി വെങ്കിട്ട് സൂര്യ സായ് കൃഷ്ണയെയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമേ പത്ത് ലക്ഷം രൂപ പിഴയും അടക്കണം. ഇതിൽ 9.75 ലക്ഷം രൂപ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകണം.
വിവാഹതിനായ പൂജാരിയും കൊലപ്പെട്ട യുവതിയുമായി രഹസ്യബന്ധത്തിലായിരുന്നുവെന്നും യുവതി വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതക കാരണമെന്നുമാണ് പൊലീസ് പറയുന്നത്. ക്ഷേത്രത്തിൽ വെച്ചാണ് ഇവർ തമ്മിൽ കാണുന്നതും പരിചയപ്പെടുന്നതും.
2023 ജൂൺ മൂന്നിന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാമെന്ന് പറഞ്ഞ് കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അപ്സരയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിന് പിറകിലുള്ള മാൻഹോളിൽ ഉപേക്ഷിക്കുകയായിരുന്നു.
ജൂൺ നാല് മുതൽ അപ്സരയെ കാണാനില്ലെന്ന് പറഞ്ഞ് സായ് കൃഷ്ണ തന്നെയാണ് പൊലിസിൽ പരാതി നൽകുന്നത്. മൊഴിയിലെ പൊരുത്തക്കേട് ശ്രദ്ധയിൽ പെട്ട അന്വേഷസംഘം പരാതിക്കാരനെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലയുടെ വിവരങ്ങൾ പുറത്തുവരുന്നത്.
നാർകുഡയിലെ വിജനമായ പ്രദേശത്ത് എത്തിച്ചാണ് കൊല നടത്തിയത്. കാറിന്റെ സീറ്റ് കവർ കൊണ്ട് ശ്വാസം മുട്ടിക്കുകയും നേരത്തെ വാഹനത്തിൽ കരുതിയ കല്ല് കൊണ്ട് തലക്കടിക്കയും ചെയ്തു. മൃതദേഹം കവറിൽ പൊതിഞ്ഞ് കാറിൽ സരൂർനഗറിലെത്തിച്ച് ബംഗാരു മൈസമ്മ ക്ഷേത്രത്തിനടുത്തുള്ള മാൻഹോളിലേക്ക് തള്ളുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.