ന്യൂഡൽഹി: ഹരിയാനയിലെ കർനാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരുടെ രക്തം പൊടിയുേമ്പാൾ ഇന്ത്യ വീണ്ടും നാണക്കേടുകൊണ്ട് തലതാഴ്ത്തുന്നുവെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.
പൊലീസ് നടത്തിയ അതിക്രമത്തിൽ പത്തിലധികം കർഷകർക്ക് മാരക പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരതരമാണെന്നാണ് വിവരം. 'വീണ്ടും കർഷകരുടെ രക്തം പൊടിയുന്നു. ഇന്ത്യ ലജ്ജിച്ച് താഴ്ത്തുന്നു' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്‍റെ സർക്കാർ കർഷകരോട് ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ജനറൽ റെജിനാൾഡ് ഡയറിനെപ്പോലെ പെരുമാറുന്നുവെന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയുടെ പ്രതികരണം. േകന്ദ്രത്തിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമാധാനമായി പ്രതിഷേധിക്കാൻ പോലും കർഷകരെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും കർഷകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ വിളിച്ചുചേർത്ത ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിലേക്ക് കർഷകർ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇവിടേക്ക് എത്തിയ കർഷകരെ പൊലീസ് തടയുകയായിരുന്നു.
ബി.ജെ.പി നേതാക്കളുടെ വാഹനം തടയാനും കരിങ്കൊടി കാട്ടാനും ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തെന്നും പരിക്കേറ്റ കർഷകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് അറിയിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കർഷകർ ഡൽഹി-ഹിസാർ ദേശീയപാത ഉപരോധിച്ചു.
വിവാദമായ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷക സംഘടനകൾ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. കർഷകരോട് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും ദേശീയപാതകൾ ഉപരോധിക്കാനും ബി.കെ.യു നേതാവ് ഗുർനാം സിങ് ചാധുനി ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.