ബംഗളൂരു: മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ രണ്ടാംഘട്ട സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചൊവ്വാഴ്ച ഡൽഹിയിൽ നടക്കും. ടിക്കറ്റ് ഉറപ്പിക്കാനും സ്വന്തക്കാർക്ക് ഒപ്പിച്ചെടുക്കാനുമായി കർണാടക നേതാക്കൾ തിങ്കളാഴ്ച വൈകീട്ടോടെ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അതിനിടെ, തങ്ങളുടെ മണ്ഡലത്തിലെ നേതാക്കൾക്ക് ടിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു ക്വീൻസ് റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് തിങ്കളാഴ്ച പ്രവർത്തകർ പ്രതിഷേധം നടത്തി.
പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെ കാർ തടയാനും ശ്രമമുണ്ടായി. ചിലർ വിഷം കഴിക്കുമെന്ന ഭീഷണിയും മുഴക്കി. സുള്ള്യ മണ്ഡലത്തിൽ ജി. കൃഷ്ണപ്പയെ മാറ്റി, എച്ച്.എം. നന്ദകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 124 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട പട്ടിക കോൺഗ്രസ് നേരത്തേ പുറത്തിറക്കിയിരുന്നു. 35 പേരടങ്ങിയ രണ്ടാംഘട്ട പട്ടികയും 65 പേരുടെ അവസാന പട്ടികയും ഏകദേശം തയാറായെന്നാണ് വിവരം.
വരുണക്കു പുറമേ കോലാറിൽനിന്നാണോ സിദ്ധരാമയ്യ രണ്ടാമത് മത്സരിക്കുകയെന്നതടക്കമുള്ള കാര്യങ്ങൾ ഡൽഹി യോഗത്തിൽ ചർച്ചചെയ്യും. ചന്നപട്ടണയടക്കമുള്ള മണ്ഡലങ്ങൾ ഒഴിച്ചിട്ടായിരുന്നു ആദ്യ പട്ടിക. ബി.ജെ.പിയിൽ നിന്നോ ജെ.ഡി.എസിൽനിന്നോ രാജിവെച്ച് വരുന്ന നിലവിലെ എം.എൽ.എമാരെയടക്കം കണ്ടാണിത്. മുൻമന്ത്രി സി.പി. യോഗേശ്വർ ബി.ജെ.പി വിട്ട് എത്തിയാൽ ചന്നപട്ടണയിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായേക്കും.
ഇവിടെ സിറ്റിങ് എം.എൽ.എയായ എച്ച്.ഡി. കുമാരസ്വാമിയാണ് ജെ.ഡി.എസ് സ്ഥാനാർഥി. കെ.ആർ പേട്ട്, യശ്വന്ത്പുര, കെ.ആർ പുരം സീറ്റുകളും കോൺഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്. ബി.ജെ.പി മന്ത്രിമാരായ കെ.സി. നാരായണ ഗൗഡ, എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ് എന്നിവർ പാർട്ടിയിലെത്തുമെന്ന കണക്കുകൂട്ടലിലാണിത്. അതേസമയം, ഇക്കാര്യം മന്ത്രിമാരാണ് തീരുമാനിക്കേണ്ടതെന്നും ബി.ജെ.പിയിൽ തമ്മിൽതല്ല് രൂക്ഷമാണെന്നും അതിനാലാണ് അവരുടെ പട്ടിക വൈകുന്നതെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു.
കൂടുതൽ ജെ.ഡി.എസ്, ബി.ജെ.പി നേതാക്കൾ പാർട്ടിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പുലികേശി നഗറിലെ സിറ്റിങ് എം.എൽ.എയായ അഖണ്ട ശ്രീനിവാസ മൂർത്തിക്ക് ഇത്തവണ കോൺഗ്രസ് സീറ്റ് നൽകില്ലെന്നാണ് സൂചന. 2020 ആഗസ്റ്റിൽ ഡി.ജെ ഹള്ളിയിൽ നടന്ന കലാപത്തിൽ എം.എൽ.എക്ക് പങ്കുണ്ടെന്ന് ന്യൂനപക്ഷവിഭാഗം ആരോപിക്കുന്നുണ്ട്. എം.എൽ.എയുടെ സഹോദരീപുത്രന്റെ ഇസ്ലാമിനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് വെടിവെപ്പിൽ മൂന്നുപേർ മരിച്ചിരുന്നു. ഇതിനു ശേഷം ശ്രീനിവാസ മൂർത്തി കോൺഗ്രസുമായി അകൽച്ചയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.