മുംബൈ: ബി.ജെ.പിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ക്ക് പ്രധാന വെല്ലുവിളിയാകുന്നത് സീറ്റുവിഭജനം. പട്ന, ബംഗളൂരു, മുംബൈ യോഗങ്ങളിലൂടെ നേതാക്കൾക്കിടയിൽ ആത്മബന്ധം വളർന്നെങ്കിലും താഴേക്കിടയിൽ സീറ്റുവിഭജനം തലവേദനയാകും. സീറ്റുവിഭജന ചർച്ച പ്രാദേശികതലത്തിലാണ് നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ടുശതമാനമനുസരിച്ച് ജയസാധ്യതയുള്ള പൊതു സ്ഥാനാർഥി എന്നതാണ് ‘ഇൻഡ്യ’യുടെ ലക്ഷ്യം.
കേരളത്തിലും പശ്ചിമബംഗാളിലും സീറ്റുവിഭജനം സാധ്യമാകില്ല. കേരളത്തിൽ ഇടതുപക്ഷം ജയിച്ചാലും കോൺഗ്രസ് സഖ്യം ജയിച്ചാലും ദേശീയതലത്തിൽ അത് ‘ഇൻഡ്യ’യുടെ ഭാഗമാണ്. പശ്ചിമബംഗാളിൽ അണികൾക്കിടയിലെ വാശിയാണ് പ്രതികൂലം. അതിനാൽ, സി.പി.എമ്മിനും തൃണമൂലിനും വിട്ടുവീഴ്ചകൾ സാധ്യമാകില്ല.
ആം ആദ്മി പാർട്ടിയും കോൺഗ്രസും എല്ലാ വിട്ടുവീഴ്ചകൾക്കും തയാറാണെന്നാണ് വ്യക്തമാക്കിയത്. പലയിടങ്ങളിലും പൊതുസ്ഥാനാർഥി എന്നത് സാധ്യമാകില്ല. അതിനാലാണ് ‘കഴിയുന്നിടത്തോളം’ ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് പ്രമേയത്തിൽ ഉൾപ്പെടുത്തിയത്.വേദിയിലുള്ള നേതാക്കൾ 60 ശതമാനം ജനങ്ങളുടെ പിന്തുണയിലുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി ‘ഇൻഡ്യ’ ഒന്നിച്ചുനിന്നാൽ ബി.ജെ.പിക്ക് ഒരുവിധത്തിലും ജയം സാധ്യമല്ലെന്ന് പറഞ്ഞു. മുംബൈ യോഗത്തിൽ സീറ്റുവിഭജന ചർച്ച മുഖ്യ വിഷയമായത് പ്രധാനമന്ത്രി പ്രത്യേക പാർലമെന്റ് യോഗം വിളിച്ചതിനാലാണ്.
ഇതോടെ ഇനി ചർച്ചകളിൽ ഒതുങ്ങിയാൽ പോരായെന്നും നടപടികളിലേക്ക് എത്രയും വേഗം കടക്കണമെന്നും മമത ബാനർജിയും നിതീഷ് കുമാറും അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടു. ഇന്ത്യൻരാഷ്ട്രീയത്തിലെ കാരണവന്മാരും പുതുതലമുറയും ഒരേ വേദിയിൽ എത്തിയ കാഴ്ചയായിരുന്നു മുംബൈയിലെ ‘ഇൻഡ്യ’ യോഗത്തിൽ.എന്ത് വിട്ടുവീഴ്ച ചെയ്തും ബി.ജെ.പിക്ക് എതിരെ ഒറ്റക്കെട്ടാകുക എന്ന തീരുമാനത്തോടെയാണ് അവർ പിരിഞ്ഞത്. അടുത്ത യോഗം ഡൽഹിയിലാണെന്ന് എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ പറഞ്ഞു.
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിന് തയാറെടുക്കുന്നതിനായി പ്രതിപക്ഷ ബ്ലോക്ക് ‘ഇൻഡ്യ’ മുന്നണി കഴിഞ്ഞദിവസം മുംബൈ യോഗത്തിൽ രൂപവത്കരിച്ച കമ്മിറ്റികളിൽ കൂടുതൽപേരെ നിയമിച്ചു. വിവിധ പാർട്ടി അംഗങ്ങളെ ഉൾപ്പെടുത്തി 14 അംഗ ഏകോപന തെരഞ്ഞെടുപ്പ് നയ രൂപവത്കരണ സമിതി രൂപവത്കരിച്ചിരുന്നു.കോൺഗ്രസിന്റെ ഗുർദീപ് സിങ് സപ്പാൽ, ജെ.ഡി.യുവിന്റെ സഞ്ജയ് ഝാ, അനിൽ ദേശായി (ശിവസേന), സഞ്ജയ് യാദവ് (ആർ.ജെ.ഡി), പി.സി. ചാക്കോ (എൻ.സി.പി), ചമ്പായി സോറൻ (ജെ.എം.എം), എന്നിവരടങ്ങിയ പ്രചാരണ സമിതിയെയും സഖ്യം പ്രഖ്യാപിച്ചിരുന്നു.
കിരൺമോയ് നന്ദ (സമാജ്വാദി പാർട്ടി), സഞ്ജയ് സിങ് (എ.എ.പി), അരുൺ കുമാർ (സി.പി.എം), ബിനോയ് വിശ്വം (സി.പി.ഐ), ഹസ്നൈൻ മസൂദി (എൻ.സി), ഷാഹിദ് സിദ്ദീഖി (ആർ.എൽ.ഡി), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), ജി. ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), രവി റായ് (സി.പി.ഐ-എം.എൽ), തിരുമാവളൻ (വി.സി.കെ), കെ.എം. ഖാദർ മൊയ്ദീൻ (മുസ്ലിം ലീഗ്), ജോസ് കെ. മാണി (കേരള കോൺഗ്രസ്-എം) എന്നിവർ അംഗങ്ങളാണ്.
ഡി.എം.കെയുടെ തിരുച്ചി ശിവയുടെയും പി.ഡി.പിയുടെ മെഹബൂബ് ബേഗിന്റെയും പേരുകൾ പ്രചാരണസമിതിയിൽ ഉൾപ്പെടുത്തിയതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് അംഗത്തെ പിന്നീട് തീരുമാനിക്കും. മാധ്യമങ്ങൾക്കായുള്ള വർക്കിങ് ഗ്രൂപ്പിൽ കോൺഗ്രസിലെ പവൻ ഖേരയേയും ഡി.എം.കെയുടെ കനിമൊഴിയേയും ഉൾപ്പെടുത്തി. ഡി.എം.കെയുടെ ദയാനിധി മാരനെയും ആർ.എൽ.ഡിയുടെ രോഹിത് ജാഖദിനേയും സോഷ്യൽ മീഡിയക്കുള്ള ബ്ലോക്കിന്റെ വർക്കിങ് ഗ്രൂപ്പിൽ നിയമിച്ചു.ഡി.എം.കെയിലെ എ. രാജയെ ഗവേഷണത്തിനായുള്ള വർക്കിങ് ഗ്രൂപ്പിൽ ഉൾപ്പെടുത്തി.
കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, ആർ.ജെ.ഡിയിലെ മനോജ് ഝാ, അരവിന്ദ് സാവന്ത് (ശിവസേന), ജിതേന്ദ്ര അഹ്വാദ് (എൻ.സി. പി), രാഘവ് ഛദ്ദ (എ.എ.പി), രാജീവ് രഞ്ജൻ (ജെ.ഡി-യു), പ്രാഞ്ജൽ (സി.പി.എം) ആശിഷ് യാദവ് (എസ്പി). സുപ്രിയോ ഭട്ടാചാര്യ, അലോക് കുമാർ (ജെ.എം.എം), മനീഷ് കുമാർ (ജെ.ഡി.യു), രാജീവ് നിഗം (എസ്.പി), ഭാൽചന്ദ്രൻ കാംഗോ (സി.പി.ഐ), തൻവീർ സാദിഖ് (നാഷനൽ കോൺഫറൻസ്), പ്രശാന്ത് കനോജിയ (ആർ.എൽ.ഡി), നരേൻ ചാറ്റർജി (ഫോർവേഡ് ബ്ലോക്ക്), സുചേതാ ദേ (സി.പി.ഐ-എം.എൽ) മോഹിത് ഭാൻ (പി.ഡി.പി) എന്നിവരാണ് അംഗങ്ങൾ. പാനലിൽ ഉൾപ്പെടുത്തുന്നതിനായി തൃണമൂൽ നേതാവിന്റെ പേര് പിന്നീട് നൽകും.
സോഷ്യൽ മീഡിയ വർക്കിങ് ഗ്രൂപ്പ്: സുപ്രിയ ശ്രീനേറ്റ് (കോൺഗ്രസ്), സുമിത് ശർമ (ആർ.ജെ.ഡി), ആശിഷ് യാദവ്, രാജീവ് നിഗം (എസ്.പി), രാഘവ് ഛദ്ദ (എ.എ.പി), അവിന്ദാനി (ജെ.എം.എം), ഇൽതിജ മെഹബൂബ (പി.ഡി.പി), പ്രാഞ്ജൽ (സി.പി.എം), ഭാൽചന്ദ്രൻ കാങ്കോ (സി.പി.ഐ), ഇഫ്ര ജാ (എൻ.സി), വി. അരുൺകുമാർ (സി.പി.ഐ-എം.എൽ). പാനലിൽ ഉൾപ്പെടുത്തേണ്ട നേതാവിന്റെ പേര് തൃണമൂൽ നൽകിയിട്ടില്ല.
ഗവേഷണ വർക്കിങ് ഗ്രൂപ്പ്: അമിതാഭ് ദുബെ (കോൺഗ്രസ്), സുബോധ് മേത്ത (ആർ.ജെ.ഡി), പ്രിയങ്ക ചതുർവേദി (ശിവസേന), വന്ദന ചവാൻ (എൻ.സി.പി), കെ.സി. ത്യാഗി (ജെ.ഡി.യു), സുദിവ്യ കുമാർ സോനു (ജെ.എം.എം) ജാസ്മിൻ ഷാ (എ.എ.പി), അലോക് രഞ്ജൻ (എസ്.പി), ഇമ്രാൻ നബി ദാർ (നാഷനൽ കോൺഫറൻസ്), ആദിത്യ (പി.ഡി.പി) എന്നിവരാണ് അംഗങ്ങൾ. തൃണമൂൽ നേതാവിന്റെ പേര് പിന്നീട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.