ന്യൂഡൽഹി: പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്കു മുന്നിൽ രാപ്പകൽ സമരവുമായി പ്രതിപക്ഷ മുന്നണി ഇൻഡ്യ. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിനെ സമ്മേളന കാലത്തേക്ക് സസ്പെൻഡ് ചെയ്ത നടപടികൂടി ഉണ്ടായതോടെയാണ് പ്രതിേഷധം രാത്രിയിലേക്ക് നീണ്ടത്.
സസ്പെൻഷനു പിന്നാലെ സഞ്ജയ് സിങ് തുടങ്ങിയ ധർണക്കൊപ്പം തങ്ങളുടെ പ്രതിനിധികളെ വിവിധ പ്രതിപക്ഷ പാർട്ടികൾ നിയോഗിച്ചു. അച്ചടക്കലംഘനത്തിന്റെ പേരിലാണ് രാജ്യസഭയിലെ ‘ആപ്’ എം.പിയെ സമ്മേളനം തീരുന്ന ആഗസ്റ്റ് 11 വരെ സസ്പെൻഡ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കുകയും സഞ്ജയ് സിങ്ങിന്റെ സസ്പെൻഷൻ പിൻവലിക്കുകയും വേണമെന്ന് പ്രതിപക്ഷ മുന്നണിയായ ഇൻഡ്യ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ജൂലൈയിൽ പ്രതിപക്ഷം രാത്രിയിലും ഗാന്ധിപ്രതിമക്കു മുന്നിൽ ധർണ നടത്തിയിരുന്നു. 20 രാജ്യസഭ അംഗങ്ങളെ സസ്പെൻഡ് ചെയ്തതിനെ തുടർന്നായിരുന്നു ഇത്. ചൊവ്വാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ യോഗം ചേർന്ന് തുടർനടപടികൾ നിശ്ചയിക്കാൻ ഇൻഡ്യ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എം.പിമാരായ ജോൺ ബ്രിട്ടാസ്, ജെബി മേത്തർ, പി. സന്തോഷ് കുമാർ തുടങ്ങിയവർ രാത്രി സമരത്തിൽ പങ്കു ചേർന്നു.
മണിപ്പൂർ വിഷയത്തിൽ സർക്കാറും പ്രതിപക്ഷവും ഏറ്റുമുട്ടൽ തുടരുകയാണ്. പാർലമെന്റ് തുടർച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. തുടർച്ചയായ രണ്ടാം ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുസഭകളിലും ഹാജരായില്ല. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയതിന്റെ പേരിലാണ് സഞ്ജയ് സിങ്ങിനെ സഭയിൽ ഹാജരാകുന്നതിൽനിന്ന് വിലക്കിയത്. രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻഖർ ആവശ്യപ്പെട്ടിട്ടും നടുത്തളത്തിൽനിന്ന് പിൻവാങ്ങാത്ത കാരണം പറഞ്ഞാണ് സസ്പെൻഷൻ. സർക്കാറിനുവേണ്ടി മന്ത്രി പീയൂഷ് ഗോയൽ സസ്പെൻഷൻ പ്രമേയം കൊണ്ടുവന്ന് ഭരണപക്ഷം ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.
ഇരു സഭകളിലും പ്ലക്കാർഡുയർത്തിയുള്ള നടുത്തള പ്രതിഷേധം പലവട്ടം നടന്നതിനിടയിൽതന്നെയാണ് ഒരംഗത്തിന്റെ സസ്പെൻഷൻ. നടപ്പുസമ്മേളനത്തിൽ സർക്കാർ പാസാക്കാൻ ഉദ്ദേശിക്കുന്ന വിവാദ ഡൽഹി ഓർഡിനൻസ് ബില്ലിൽ ബി.ജെ.പിയും ആം ആദ്മി പാർട്ടിയും ഇടഞ്ഞു നിൽക്കേയാണ് സസ്പെൻഷൻ എന്നതും ശ്രദ്ധേയമാണ്.ഇൻഡ്യയുടെ പൂർണ പിന്തുണ ആപ്പിനുണ്ട്. സസ്പെൻഷനെ തുടർന്ന് രാജ്യസഭ നിർത്തിവെക്കേണ്ടി വന്ന സാഹചര്യത്തിൽ രാജ്യസഭാധ്യക്ഷൻ വിളിച്ച യോഗം പ്രതിപക്ഷ ഇറങ്ങിപ്പോക്കിൽ കലാശിച്ചു.
പുറത്താക്കിയ സഞ്ജയ് സിങ്ങിനു പകരം ആപ്പിന്റെ പ്രതിനിധിയായി രാഘവ് ഛദ്ദയും തൃണമൂൽ കോൺഗ്രസിനു വേണ്ടി സീനിയറല്ലാത്ത ശാന്തനു സെന്നും പങ്കെടുക്കുന്നതിൽ ജഗ്ദീപ് ധൻഖർ എതിർപ്പു പ്രകടിപ്പിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക്. പാർലമെന്റിന്റെ ഇരുസഭകളും മൂന്നുവട്ടം സമ്മേളിച്ചെങ്കിലും സഭാ നടപടി മുന്നോട്ടുകൊണ്ടുപോകാനായില്ല. മണിപ്പൂർ ചർച്ചക്ക് തയാറാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവർത്തിച്ചു. പ്രതിപക്ഷം എന്തുകൊണ്ടാണ് സഹകരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി എവിടെ എന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
സഭാ നടത്തിപ്പിന്റെ വഴി തേടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കം മുതിർന്ന നേതാക്കളെ ഫോണിൽ വിളിച്ചിരുന്നു. പ്രധാനമന്ത്രി ഇരുസഭകളിലും പ്രസ്താവന നടത്താതെ സഹകരിക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇൻഡ്യയുടെ ബാനറിൽ സംയുക്ത പ്രതിപക്ഷം നേരത്തെ ഗാന്ധിപ്രതിമക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയത് നിലപാടിന്റെ പ്രതിഫലനമായി. പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീസുരക്ഷ അപകടത്തിലാണെന്ന് കുറ്റപ്പെടുത്തിയാണ് ഭരണപക്ഷ എം.പിമാർ ഇതിനെ നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.