ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ചീഫ് ജസ്റ്റിസ് യു.യു. ലളിതാണ് ആറാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റിയത്. അഞ്ച് വർഷത്തോളം സി.ബി.ഐയും പ്രതിഭാഗവും ഒരുപോലെ നീട്ടിവെക്കാൻ ആവശ്യപ്പെട്ട കേസ് 33ാം തവണയാണ് മാറ്റിവെക്കുന്നത്.
ലാവലിൻ കേസ് തുടർച്ചയായി മാറ്റി വെക്കുന്നത് ഉചിതമല്ല എന്ന് അഭിപ്രായ പ്രകടനം നടത്തിയാണ് രണ്ട് വർഷത്തിലേറെയായി കേസ് കൈകാര്യം ചെയ്തുകൊണ്ടിരുന്ന ചീഫ് ജസ്റ്റിസ് നവംബർ എട്ടിന് വിരമിക്കാനിരിക്കെ ആറാഴ്ചത്തേക്ക് നീട്ടിയത്. കേസ് പുതുതായി പരിഗണിക്കുന്ന ബെഞ്ചിനെ അടുത്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തീരുമാനിക്കും.
ജസ്റ്റിസ് എൻ.വി. രമണ ചീഫ് ജസ്റ്റിസാകും മുമ്പ് കേട്ടിരുന്ന ലാവലിൻ കേസ് പിന്നീട് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയത് ശരിവെച്ച ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ച സി.ബി.ഐക്കായി അഭിഭാഷകർ വ്യാഴാഴ്ച ഹാജരായിരുന്നില്ല.
സി.ബി.ഐയും പ്രതിഭാഗവും കേസ് മാറ്റിവെക്കാൻ നിരന്തരം ആവശ്യപ്പെടുന്നത് കേസിന്റെ വേഗത്തിലുള്ള നടത്തിപ്പിനെ ബാധിച്ചിട്ടുണ്ടെന്നും കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും നീട്ടിവെക്കും മുമ്പ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
കേസില്‍ ഹ്രസ്വവാദം മതിയെന്ന ഊർജ വകുപ്പ് മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറിന്റെ വാദം ചീഫ് ജസ്റ്റിസ് ഖണ്ഡിച്ചു. വിധി അനുകൂലമോ പ്രതികൂലമോ ആകാമെങ്കിലും വിശദ വാദം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിചാരണ കോടതിയും ഹൈകോടതിയും കുറ്റവിമുക്തനാക്കിയിട്ടും സുപ്രീംകോടതി തീർപ്പാക്കാത്തതു മൂലം ഡെമോക്ലസിന്റെ വാളായി ഹരജി തലക്ക് മുകളിൽ തൂങ്ങിക്കിടക്കുകയാണെന്നും അഡ്വ. രഞ്ജിത്കുമാർ ബോധിപ്പിച്ചു.
കേസില്‍ പിണറായി വിജയനെ കുറ്റമുക്തനാക്കിയ വിചാരണ കോടതി വിധി ഹൈകോടതി ശരിവെച്ചിരുന്നു. രണ്ട് കോടതികള്‍ പുറപ്പെടുവിച്ച വിധി റദ്ദാക്കുന്നതിന് നിദാനമായ വസ്തുതകൾ വാദത്തിന് മുമ്പ് ഹാജരാക്കാൻ സി.ബി.ഐയോട് സുപ്രീംകോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.
എന്നാൽ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍മാരായ എസ്.വി. രാജു, മാധവി ദിവാന്‍, കെ.എം. നടരാജന്‍ എന്നിവർ കോടതിയില്‍ വന്നില്ല. അതേസമയം പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കസ്തൂരി രംഗ അയ്യര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്തും കെ.ജി. രാജശേഖരനുവേണ്ടി രാകേന്ദ് ബസന്തും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.