‘ഇത് വിചിത്രം’; അമേത്തിയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ പരിഹസിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ അമേത്തി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ പരിഹസിച്ച് നിലവിലെ എം.പിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. സ്മൃതിയെ എതിരിടാൻ വീണ്ടും രാഹുൽ ഗാന്ധി എത്തുമെന്ന സൂചനകൾക്കിടെയാണ് ബി.ജെ.പി നേതാവിന്റെ പരിഹാസം. 2004 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ച രാഹുൽ ഗാന്ധിയെ 2019ൽ സ്മൃതി തോൽപിച്ചിരുന്നു. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. സ്മൃതിക്ക് 4,68,514 വോട്ട് ലഭിച്ചപ്പോൾ രാഹുലിന് 4,13,394 വോട്ടാണ് ലഭിച്ചത്.

‘ഇത് വിചിത്രമാണ്, ആദ്യമായാണ് അമേത്തിയിലെ സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കാൻ കോൺ​ഗ്രസ് ഇത്രയും സമയം എടുക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് അവർ വലിയ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. ഇത് തന്നെ തോൽവിയുടെ ലക്ഷണമാണ്’ -സ്മൃതി ഇറാനി പറഞ്ഞു.

രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് കേന്ദ്ര നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം മാർച്ച് ഏഴിന് വൈകീട്ട് ആറിന് നടക്കുമെന്നാണ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചിട്ടുള്ളത്. ആഴ്ചകൾക്ക് മുമ്പ് ഭാരത് ജോഡോ ന്യായ് യാത്രക്ക് അമേത്തി മണ്ഡലത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ, അമേത്തി ഇപ്പോഴും രാഹുൽ ഗാന്ധിയെ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, രാഹുൽ ഗാന്ധിയുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അമേത്തി ജില്ല പ്രസിഡന്റ് പ്രദീപ് സിംഗാൾ അറിയിച്ചു. ഡൽഹിയിൽ കോൺ​ഗ്രസ് നേതാക്കളുമായി നടത്തിയ ​കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു സിംഗാളിന്റെ പ്രതികരണം. 

Tags:    
News Summary - 'This is strange'; Smriti Irani ridiculed the delay in announcing the Congress candidate in Amethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.