'ഈ ജാതിവെറിയനെ മഠത്തിലേക്ക് തിരിച്ചയക്കാന്‍ സമയമായി; ദളിതരേയും മുസ്‍ലിംകളേയും ഉപദ്രവിക്കുക മാത്രം ചെയ്തു'

വാരാണസി: യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സങ്കുചിതവും ജാതീയവുമായ ചിന്താഗതിയോടെ പ്രവർത്തിച്ചുവെന്നും ദളിതരെയും പിന്നാക്കക്കാരെയും മുസ്ലീങ്ങളെയും അവഗണിച്ചെന്നും ബിഎസ്പി അധ്യക്ഷ മായാവതി. ആദിത്യനാഥിനെ സ്വന്തം മഠത്തിലേക്ക് തിരിച്ചയക്കണമെന്നും അവർ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


ജാതിചിന്ത മാത്രം വെച്ചുപുലര്‍ത്തി ദളിതുകളെയും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവരെയും മുസ്‌ലിംകളെയും അടിച്ചമര്‍ത്താനാണ് യോഗി എന്നും ശ്രമിച്ചത്. സംസ്ഥാനത്തെ മാധ്യമങ്ങൾ ബി.ജെ.പിക്കും ബി.എസ്.പിയുടെ എതിരാളികള്‍ക്കും അനുകൂലമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മായാവതി ആരോപിച്ചു.

'ഈ ജനപങ്കാളിത്തവും അതിന്റെ ആവേശവും കാണുമ്പോള്‍, ബി.എസ്.പിയെ വീണ്ടും അധികാരത്തിലെത്തിക്കാനും നിങ്ങളുടെ 'ബെഹന്‍ജിയെ' അഞ്ചാം തവണയും മുഖ്യമന്ത്രിയാക്കാനും യോഗിയെ അദ്ദേഹത്തിന്റെ മഠത്തിലേക്ക് തിരിച്ചയക്കാനും നിങ്ങള്‍ തയ്യാറാണെന്ന് എനിക്ക് പറയാന്‍ കഴിയും' -തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മായാവതി പറഞ്ഞു.

യോഗി ആദിത്യനാഥ് വലിയ രീതിയില്‍ ജാതിചിന്ത വെച്ചുപുലര്‍ത്തുന്ന ആളാണെന്നും ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്നും ആരോപിച്ച മായാവതി, ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ യോഗിയെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ മുസ്‌ലിം വിഭാഗത്തിനുവേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല. അവരെ കള്ളക്കേസില്‍ കുടുക്കാന്‍ മാത്രമാണ് യോഗി ശ്രമിച്ചത്. മുസ്‌ലിം വിഭാഗത്തെ മാത്രമല്ല, ബ്രാഹ്‌മണ സമുദായത്തെ പോലും അവഗണിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.


ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യ ആറ് ഘട്ടങ്ങളും പൂര്‍ത്തിയായി. മാര്‍ച്ച് ഏഴിനാണ് അവസാനഘട്ട വോട്ടെടുപ്പ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.കിഴക്കൻ യു.പിയിലെ 10 ജില്ലകളിലായി 57 സീറ്റുകളിലേക്കാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതാദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന ഗോരഖ്പുർ അർബൻ മണ്ഡലവും ഇതിൽ ഉൾപ്പെടുന്നു. യു.പി കോൺഗ്രസ് പ്രസിഡന്റ് അജയ്കുമാർ ലല്ലു, സമാജ്‍വാദി പാർട്ടിയിലെ സ്വാമി പ്രസാദ് മൗര്യ, പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി, മന്ത്രി സൂര്യപ്രതാപ് ഷാഹി തുടങ്ങിയവരുടെ വിധിയെഴുത്തും ബുധനാഴ്ചയാണ്.

ദലിത് സ്വാധീന മേഖല കൂടിയായ കിഴക്കൻ യു.പിയിൽ മായാവതി നയിക്കുന്ന ബി.എസ്.പി ഇക്കുറി എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നത് പ്രധാനമാണ്. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും ബി.എസ്.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇത്തവണയാകട്ടെ, മത്സരം പ്രധാനമായും ബി.ജെ.പിയും സമാജ്‍വാദി പാർട്ടിയും തമ്മിലാണ്. 1998 മുതൽ 2017 വരെ ഗോരഖ്പുരിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു യോഗി. എം.പി സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിയായ ആദിത്യനാഥ്, നിയമസഭ തെരഞ്ഞെടുപ്പിനു നിൽക്കാതെ എം.എൽ.സിയെന്ന നിലയിലാണ് പദവിയിൽ തുടർന്നത്. ഗോരഖ്പുർ മഠാധിപതിയെന്ന നിലയിലാണ് അവിടം ആദിത്യനാഥിന്റെ തട്ടകമായി മാറിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 57ൽ 46 സീറ്റും നേടിയത് ബി.ജെ.പിയാണ്. ശക്തമായ ഭരണവിരുദ്ധ വികാരത്തിനിടയിൽ ഈ സീറ്റുകളെല്ലാം നിലനിർത്താൻ കഴിയുമെന്ന് ബി.ജെ.പി തന്നെ കരുതുന്നില്ല. യോഗി സർക്കാറിനെതിരായ വികാരം തങ്ങളുടെ സീറ്റെണ്ണം വർധിപ്പിക്കുമെന്ന് പ്രധാന പ്രതിയോഗിയായ സമാജ്‍വാദി പാർട്ടി കരുതുന്നു.

ഒൻപതു ജില്ലകളിലെ 54 സീറ്റിലേക്കാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ്. ഇതോടെ 403 സീറ്റുകളിലെയും വോട്ടെടുപ്പു പ്രക്രിയ പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭ മണ്ഡലമായ വാരാണസിയിലെ നിയമസഭ സീറ്റുകൾ, മുസ്‍ലിം സ്വാധീന മണ്ഡലമായ അഅ്സംഗഢ്, ഗാസിപുർ തുടങ്ങിയവയാണ് അവസാന ഘട്ടത്തിലുള്ളത്.

Tags:    
News Summary - Time to send Yogi Adityanath back to mutt: Mayawati lashes out at UP CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.