ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്യുന്ന ലഡുവിൽ മൃഗക്കൊഴുപ്പ് കലർത്തിയെന്ന ആരോപണത്തിനു പിന്നാലെ, ഡിണ്ടുഗല്ലിലെ സ്വകാര്യ നെയ് വിതരണ കമ്പനിയിൽ കേന്ദ്ര ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമാണത്തിനാവശ്യമായ നെയ്യ് ഡിണ്ടുഗല്ലിലെ എ.ആർ ഡെയറി കമ്പനിയാണ് നൽകുന്നത്. ഇതിനാലാണ് ശനിയാഴ്ച കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പിലെ ഫുഡ് സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം കമ്പനിയിലെത്തി പരിശോധന നടത്തിയത്.
പാൽ, നെയ്യ് തുടങ്ങിയ ഉൽപന്നങ്ങളുടെ സാമ്പിളുകളും ശേഖരിച്ചു. ഇത് പരിശോധന വിധേയമാക്കിയതിനുശേഷം തുടർ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ, തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ’യുടെ ഭക്ഷ്യപരിശോധന ലാബുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭു രംഗത്തെത്തി. വലിയ അളവിൽ ഭക്ഷണസാധനങ്ങളുണ്ടാക്കുന്നവർക്ക് ഇത് വലിയ പ്രയാസമില്ലാതെ ചെയ്യാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻ സംസ്ഥാന സർക്കാറിന്റെ കാലത്തുള്ള നടപടികളുടെ ഭാഗമായി തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് കലരാനിടയായെന്ന ആരോപണം ഉന്നയിച്ചത് ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആണ്. എന്നാൽ, ഇത് വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്ന് വൈ.എസ്.ആർ.സി.പി പ്രതികരിച്ചു.
ലഡു വിവാദം കത്തിപ്പടർന്നതിനെ തുടർന്ന് തിരുമല -തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. ലഡു പ്രസാദത്തിന്റെ പവിത്രത വീണ്ടെടുത്തുവെന്നാണ് അറിയിപ്പിൽ പറഞ്ഞത്. ലഡുവിന്റെ പവിത്രതയും ശുദ്ധിയും ഇപ്പോൾ കളങ്കമില്ലാത്തതാണ്. പ്രസാദത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും അവർ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.