ന്യൂഡൽഹി: തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമീഷന്‍റെ നീക്കം. വോട്ടഭ്യർഥിച്ചുകൊണ്ട് ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കുമെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നതിൽ പാർട്ടികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാൻ പുതിയ നിയമത്തിന് സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു. തെരഞ്ഞടുപ്പ് പത്രികയിൽ നൽകിയ വാഗ്ദാനങ്ങളെ കുറിച്ചും സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും പദ്ധതികൾക്ക് ധനസഹായം ലഭിക്കാനുള്ള മാർഗങ്ങളെ കുറിച്ചും വിശദവിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ പാർട്ടികൾക്ക് കത്തയച്ചിട്ടുണ്ട്. നിർദേശിച്ചിട്ടുള്ള മാറ്റങ്ങളോട് ഒക്ടോബർ 19നകം പ്രതികരിക്കണമെന്നും കത്തിൽ പറയുന്നു.
നടപ്പാക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ വോട്ടർമാർക്ക് വാഗ്ദാനം നൽകാൻ പാടുള്ളൂവെന്ന് കമീഷൻ വ്യക്തമാക്കി. പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
പ്രകടനപത്രിക തയാറാക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ അവകാശമാണെന്ന കാഴ്ചപ്പാടിനോട് കമീഷൻ യോജിക്കുന്നുണ്ടെങ്കിലും വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടെന്ന് പാർട്ടികൾ ഉറപ്പുവരുത്തേണ്ടതുണ്ട്. വാഗ്ദാനങ്ങളിൽ നിന്ന് പ്രയോജനം പ്രതീക്ഷിക്കുന്ന വോട്ടർമാർക്കായി പദ്ധതിയുടെ ധനലഭ്യത, വിഭവങ്ങൾ സമാഹരിക്കാനുള്ള വഴികളും മറ്റ് മാർഗങ്ങളുമുൽപ്പെടെയുള്ള വിശദാംശങ്ങൾ പാർട്ടികൾ നൽകണം -തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. പാർട്ടികളിൽ നിന്ന് മറുപടി ലഭിച്ചില്ലെങ്കിൽ വിഷയത്തിൽ അവർക്ക് ഒന്നും പറയാനില്ലെന്ന് കണക്കാക്കേണ്ടി വരുമെന്നും കമീഷൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.