ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പത്തുവരി പാതയിലെ രാമനഗര ജില്ലയിലെ ശേഷഗിരി ഹള്ളി ടോൾ ഗേറ്റിൽ ടോളിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ടോൾ ജീവനക്കാരനെ ഒരു സംഘം മർദിച്ച് കൊലപ്പെടുത്തി. രാമനഗര ജില്ലയിലെ കരികാൽ തണ്ഡ്യയിലെ പവൻകുമാർ (26) ആണ് കൊല്ലപ്പെട്ടത്. ശേഷഗിരി ഹള്ളി ടോൾ പ്ലാസയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഞായറാഴ്ച രാത്രി പത്തുമണിയോടെ ടോൾ ഗേറ്റിലെ തിരക്കിനെ ചൊല്ലി ചിലരുമായി തർക്കമുണ്ടായിരുന്നു. ടോൾ നൽകാതെ പോകാൻ ശ്രമിച്ചവരെ ജീവനക്കാർ തടഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുകൂട്ടരും തമ്മിലെ തർക്കം അക്രമാസക്തമായിരുന്നു. പ്രദേശവാസികൾ ഇടപെട്ട് ഇരുകൂട്ടരെയും സമാധാനിപ്പിച്ച് രംഗം ശാന്തമാക്കി. എന്നാൽ, പിന്നീട് പവൻകുമാർ ജോലികഴിഞ്ഞ് പുറത്തിറങ്ങുന്നതുവരെ സംഘം കാത്തുനിൽക്കുകയായിരുന്നു. അർധരാത്രിയോടെ ഇയാൾ ജോലികഴിഞ്ഞ് പുറത്തിറങ്ങിയതോടെ സംഘം ഹോക്കി സ്റ്റിക്കുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ബിഡദി പൊലീസ് സ്റ്റേഷൻ പരിധിയിൽവെച്ചായിരുന്നു അക്രമം. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബംഗളൂരു-മൈസുരു പത്തുവരി അതിവേഗ പാത ഉദ്ഘാടനം ചെയ്തത്.ആകെ മൂന്ന് ടോൾ ബൂത്തുകളാണ് ഉള്ളത്. രണ്ടിടങ്ങളിൽനിന്നാണ് ടോൾ പിരിക്കുന്നത്. മൈസൂരു-നിദഘട്ട ഭാഗത്ത് ശ്രീരംഗപട്ടണക്ക് സമീപത്തെ ഗനഗുരുവിലാണ് ആദ്യത്തെ ടോൾ ബൂത്ത്. ബംഗളൂരു-നിദഘട്ട ഭാഗത്ത് ബിഡദിക്ക് സമീപത്തെ കണിമിണികെയിലാണ് രണ്ടാമത്തെയും മൂന്നാമത്തെയും ടോൾ ബൂത്തുകൾ.
പാതയിലൂടെയുള്ള യാത്ര ചെലവേറിയതിനാൽ ടോൾ പിരിവിനെതിരെ നേരത്തേതന്നെ പ്രതിഷേധമുയർന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞയുടൻതന്നെയുള്ള മഴയിൽ ഈ പാത പലയിടത്തും വെള്ളത്തിൽ മുങ്ങിയിരുന്നു. സർവിസ് റോഡുകളടക്കമുള്ള സൗകര്യമൊരുക്കാതെ വലിയ തുക ടോൾ പിരിക്കുകയാണെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.