ട്രെയിൻ വെടിവെപ്പിൽ മരിച്ചയാളുടെ കുടുംബത്തിന് ഫ്ലാറ്റും ഭാര്യക്ക് ജോലിയും നൽകി തെലങ്കാന സർക്കാർ

ഹൈദരാബാദ്: മുംബൈ-ജയ്പുർ എക്സ്പ്രസിൽ ആർ.പി.എഫ് കോൺസ്റ്റബിളിന്‍റെ വെടിയേറ്റ് മരിച്ച ഹൈദരാബാദ് സ്വദേശിയുടെ കുടുംബത്തിന് ഫ്ലാറ്റും ഭാര്യക്ക് ജോലിയും നൽകി തെലങ്കാന സർക്കാർ.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ ആർ.‌പി‌.എഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ഹൈദരാബാദിലെ ബസാർഘട്ട് സ്വദേശിയായ സെയ്ദ് സൈഫുദ്ദീനാണ് മരിച്ച ഒരു യാത്രക്കാരൻ. ഇദ്ദേഹത്തിന്‍റെ ഭാര്യക്ക് വിധവ പെൻഷനും സർക്കാർ അനുവദിച്ചിട്ടുണ്ട്. തെലങ്കാന നിയമസഭയിലെ ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ സഭ നേതാവ് അക്ബറുദ്ദീൻ ഉവൈസി സൈഫുദ്ദീന്‍റെ കുടുംബത്തിന് ജോലി നൽകണമെന്ന് സർക്കാറിനോട് അഭ്യർഥിച്ചിരുന്നു.

സൈഫുദ്ദീന്‍റെ ഭാര്യക്ക് സർക്കാർ ജോലിയും വിധവ പെൻഷനും കുടുംബത്തിന് വീടും നൽകുമെന്ന് മറുപടിയായി ഐ.ടി മന്ത്രി രാമ റാവു ഉറപ്പ് നൽകിയിരുന്നു. അസാറ പെൻഷൻ പദ്ധതിയിൽ മാസം 2016 രൂപയാണ് അഞ്ജും ഷഹീന് വിധവ പെൻഷൻ ലഭിക്കുക. വാപി സ്റ്റേഷനും ബോറിവലി സ്റ്റേഷനും ഇടയിൽവെച്ച് ബി-5 കോച്ചിലായിരുന്നു വെടിവെപ്പ്. പ്രതി തന്റെ ഔദ്യോഗിക തോക്കുപയോഗിച്ച് എ.എസ്.ഐക്കും യാത്രക്കാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.

യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കമായിരുന്നു. പ്രതിയായ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ ഹാഥ്റസ് സ്വദേശിയാണ് പ്രതി.

Tags:    
News Summary - Train firing: Telangana govt grants job, 2BHK to victim’s kin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.