ന്യൂഡൽഹി: വിവാദ മുത്തലാഖ് നിരോധന ബിൽ കടുത്ത എതിർപ്പുകൾ വകവെക്കാതെ മോദിസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച് മണിക്കൂറുകൾക്കകം പാസാക്കി. ബിൽ വിശദപരിശോധനക്ക് പാർലമെൻറിെൻറ സ്ഥിരംസമിതിക്കു വിടണമെന്ന ആവശ്യം തള്ളി. ബില്ലിലെ വിവിധ വ്യവസ്ഥകൾക്കെതിരെ കൊണ്ടുവന്ന ഭേദഗതികളും വോെട്ടടുപ്പിൽ തള്ളിക്കളഞ്ഞു.
ഒരുമിച്ച് മൂന്നു വട്ടം തലാഖ് ചൊല്ലി ഉടനടി വിവാഹബന്ധം അവസാനിപ്പിക്കുന്നത് മൂന്നു വർഷം തടവുശിക്ഷ നൽകാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതാണ് ലോക്സഭ വ്യാഴാഴ്ച പാസാക്കിയ മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ-2017. ഭർത്താവിന് ജാമ്യം കിട്ടില്ല. ഭാര്യക്കും കുട്ടികൾക്കും ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനുമാണ്.
മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ബി.ജെ.പി സർക്കാർ വിവാദ ബിൽ തിരക്കിട്ട് പാർലമെൻറിലെത്തിച്ചത്. സംസ്ഥാനങ്ങളുടെയോ സമുദായ സംഘടനകളുടെയോ പണ്ഡിതരുടെയോ അഭിപ്രായത്തിന് കാത്തുനിൽക്കാതെ കൊണ്ടുവന്ന ബില്ലിൽ, ഉദ്ദേശ്യശുദ്ധിയേക്കാൾ ബി.ജെ.പിയുടെ രാഷ്ട്രീയ ലാക്കാണ് നിറഞ്ഞുനിൽക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്.
സഭാസമിതിയുടെ പരിശോധനക്കുപോലും വിടാതെ ബിൽ പാസാക്കാൻ തുനിയുന്നതിൽ കോൺഗ്രസ്, ഇടതുപാർട്ടികൾ, ബി.ജെ.ഡി, മുസ്ലിംലീഗ്, എ.െഎ.എ.ഡി.എം.കെ തുടങ്ങി പ്രതിപക്ഷപാർട്ടികളെല്ലാം കടുത്ത എതിർപ്പ് സഭയിൽ പ്രകടിപ്പിച്ചു. ഇറങ്ങിപ്പോക്ക്, പ്രതിഷേധം, വോെട്ടടുപ്പിൽനിന്ന് വിട്ടുനിൽക്കൽ തുടങ്ങി പ്രതിപക്ഷ ബഹളങ്ങളുടെ അകമ്പടിയോടെയാണ് വിവാദ ബിൽ പാസാക്കിയത്. ബില്ലിനെ തത്ത്വത്തിൽ എതിർക്കാതെ പല പാർട്ടികളും വെവ്വേറെ പ്രതിഷേധരീതിയാണ് അവലംബിച്ചത്.
ഇത്തരമൊരു നിയമനിർമാണത്തിലെ അപാകതകൾ നിരവധി അംഗങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമുള്ള സഭയിൽ സർക്കാർ അതു കണക്കിലെടുത്തില്ല. ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽക്കൂടി ബിൽ പാസാക്കാനാണ് സർക്കാർ ലക്ഷ്യം. എന്നാൽ, ഭരണപക്ഷം ദുർബലമായ രാജ്യസഭയിൽ സ്ഥിതി ഇതാവില്ല.
മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിനും തുല്യതക്കും വേണ്ടിയുള്ള കരുത്തുറ്റ ചുവടുവെപ്പാണ് സർക്കാർ നടത്തുന്നതെന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിച്ച നിയമമന്ത്രി രവിശങ്കർ പ്രസാദ് വാദിച്ചു. എന്നാൽ, ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനു നിരക്കാത്ത നിയമനിർമാണം യഥാർഥത്തിൽ മുസ്ലിം സ്ത്രീകളോട് അനീതി ചെയ്യുന്നതായി മാറുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മുത്തലാഖ് നിരോധന നിയമനിർമാണത്തെ കോൺഗ്രസ് അടക്കം പല പാർട്ടികളും എതിർത്തില്ല. വേണ്ടത്ര ചർച്ചയും പരിശോധനയും കൂടാതെ തിരക്കിട്ടു പാസാക്കുന്നതിനെയാണ് കോൺഗ്രസും മറ്റും എതിർത്തത്. സ്റ്റാൻഡിങ് കമ്മിറ്റിക്കു വിട്ട് പരിശോധന നടത്തി അടുത്ത സഭാസമ്മേളനത്തിൽ ബിൽ പാസാക്കണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ വാദിച്ചു. ഒാരോ സമുദായത്തിെൻറയും വ്യക്തിനിയമങ്ങളിൽ കൈകടത്തുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഇറങ്ങിപ്പോക്ക് നടത്തിയ മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി.
ബില്ലിലെ പ്രധാന നിയമവ്യവസ്ഥകൾ
മുസ്ലിം വനിത (വിവാഹാവകാശ സംരക്ഷണ) ബിൽ-2017 എന്ന പേരിൽ സർക്കാർ ലോക്സഭയിൽ പാസാക്കിയ മുത്തലാഖ് നിരോധന ബില്ലിലെ പ്രധാന വ്യവസ്ഥകൾ:
• വാക്കാലോ രേഖാമൂലമോ ഇലക്ട്രോണിക് രൂപത്തിലോ ഒറ്റയടിക്ക് തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് നിയമവിരുദ്ധം; അസാധു.
•മുത്തലാഖിന് മൂന്നു വർഷം വരെ തടവ്; പിഴ (പിഴ എത്രയെന്ന് ബില്ലിൽ പറയുന്നില്ല).
• വിവാഹബന്ധം വേർപെടുത്തപ്പെട്ട ഭാര്യക്കും ആശ്രിതരായ മക്കൾക്കും ഭർത്താവിൽനിന്ന് ജീവനാംശത്തിന് അവകാശം. അത് മജിസ്ട്രേറ്റ് നിശ്ചയിക്കും.
• കുട്ടികളെ സ്വന്തം സംരക്ഷണത്തിൽ വളർത്താൻ സ്ത്രീക്ക് അവകാശം.
•മുത്തലാഖ് നിയമപ്രകാരം കുറ്റം ചെയ്തയാൾക്ക് ജാമ്യത്തിന് അർഹതയില്ല.
• രാജ്യസഭകൂടി പാസാക്കി രാഷ്ട്രപതിയുടെ അനുമതിയോടെ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന മുറക്കാണ് നിയമം പ്രാബല്യത്തിൽ വരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.