മുംബൈ: ''നിന്നെ ഞാൻ അത്രയ്ക്കും സ്നേഹിക്കുന്നു വിവേക്. എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല. നിന്‍റെ ആരോഗ്യം അപകടാവസ്ഥയിലാണെന്നെനിക്കറിയാം. രോഗത്തിൽനിന്ന് നിന്നെ രക്ഷിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടുപോയിരിക്കുന്നു. എന്‍റെ കുടുംബാംഗങ്ങെളല്ലാം കോവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിലാണ്. ഞാൻ ജീവിതം അവസാനിപ്പിക്കുകയാണ്. നീയില്ലാതെ ജീവിക്കാനാകില്ല വിവേക്'- മരണത്തിലേക്ക് നടന്നടുക്കും മുമ്പ് സ്വാതി മറാത്തിയിലെഴുതിയ കുറിപ്പ് വസായ് പൊലീസ് കണ്ടെടുക്കുേമ്പാൾ ആ 35കാരി ഈ ലോകം വിട്ടകന്നിരുന്നു. കോവിഡ് ബാധിതനായ ഭർത്താവ് വിവേക് ഡിസിൽവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായതോടെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് സ്വാതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് പിന്നീട് കണ്ടെടുക്കുകയായിരുന്നു.
കണ്ണീരുറഞ്ഞ ആ മരണക്കുറിപ്പിലെ സ്വാതിയുടെ ആധികൾക്കൊപ്പമായിരുന്നു വിവേകിന്‍റെ വിധിയും. പ്രിയതമൻ തന്നെ വിട്ടുപിരിയുമെന്ന സങ്കടത്തിൽ ചൊവ്വാഴ്ച ജീവൻ അവസാനിപ്പിച്ച സ്വാതിക്കൊപ്പം രണ്ടു ദിവസത്തിനുശേഷം വിവേകും മരണത്തിന്‍റെ വഴിയേ മറഞ്ഞു. കോവിഡ് ചികിത്സക്കിടെ വ്യാഴാഴ്ചയായിരുന്നു 38കാരനായ വിവേകിന്‍റെ അന്ത്യം.
വസായ് സ്വദേശിയായ വിവേക് ജൂലൈ 17നാണ് കോവിഡ് പൊസിറ്റീവായത്. സ്വാതിക്ക് നേരത്തേ, കോവിഡ് ബാധിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ സ്വാതി പിന്നീട് നെഗറ്റീവായി. എന്നാൽ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാരണം വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ആശുപത്രിയിൽനിന്ന് സ്വാതിയെ വിളിച്ചിരുന്നു. വിവേകിന്‍റെ അവസ്ഥ ഗുരുതരമാണെന്നും വെന്‍റിലേറ്ററിലേക്ക് മാറ്റാൻ അനുമതി നൽകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തി, ഭർത്താവിനെ വെന്‍റിലേറ്ററിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ അവർ പൂർത്തിയാക്കി. ശേഷം, വീട്ടിൽ തിരിച്ചെത്തിയ സ്വാതി ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
വിവേകിന്‍റെ മാതാപിതാക്കളും കോവിഡ് ബാധിതരാണ്. അവർ ഐസൊലേഷൻ സെന്‍ററിൽ കഴിഞ്ഞുവരവേയാണ് മകന്‍റെയും മരുമകളുടെയും ആകസ്മിക വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.