ഏക സിവില്‍കോഡ്: രണ്ടര കോടി ഒപ്പുകടന്ന് പേഴ്സനല്‍ ലോ ബോര്‍ഡ് കാമ്പയിന്‍

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് അടിച്ചേല്‍പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ആഹ്വാനംചെയ്ത ഒപ്പുശേഖരണ കാമ്പയിന് ആവേശകരമായ പ്രതികരണം. ഡിസംബര്‍ 31ന് ഒപ്പുശേഖരണം അവസാനിപ്പിക്കാനിരിക്കെ, ഇതിനകം രണ്ടര കോടിയിലേറെ പേര്‍ ഏക സിവില്‍കോഡിനെതിരായ നിവേദനത്തില്‍ ഒപ്പുവെച്ച് പ്രതിഷേധനിരയുടെ ഭാഗമായി.

കാമ്പയിന്‍ അവസാനിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാറിനുമുന്നില്‍ സമര്‍പ്പിക്കുന്ന നിവേദനത്തില്‍ മൂന്നുകോടിയിലേറെ പേരുടെ ഒപ്പുണ്ടാകുമെന്നാണ് ബോര്‍ഡിന്‍െറ പ്രതീക്ഷ. ഒപ്പുശേഖരണ കാമ്പയിന് ലഭിച്ച വമ്പിച്ച പ്രതികരണം കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുക്കണമെന്ന് പേഴ്സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വാലി റഹ്മാനി പറഞ്ഞു.  ഇത് സമുദായത്തിന്‍െറ വികാരമാണ്. ശരീഅത്തിനുമേലുള്ള കൈകടത്തല്‍ മുസ്ലിം സമുദായത്തിന് സ്വീകാര്യമല്ളെന്നാണ് മൂന്നുകോടി ആളുകളുടെ ഒപ്പുകളടങ്ങിയ നിവേദനം സര്‍ക്കാറിനോട് പറയുന്നത്. മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള മൗലികാവകാശമാണ് ഞങ്ങള്‍ ചോദിക്കുന്നത്. അത് മനസ്സിലാക്കി ഏക സിവില്‍കോഡ് അടിച്ചേല്‍പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

 പേഴ്സനല്‍ ലോ ബോര്‍ഡ് തയാറാക്കി നല്‍കിയ ഫോറങ്ങളിലും അല്ലാതെയുമായി വിവിധ സംഘടനകളും മറ്റും ശേഖരിച്ച ഒപ്പുകള്‍ സ്കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാണ് രാഷ്ട്രപതി, പ്രധാനമന്ത്രി, നിയമകമീഷന്‍, വനിത കമീഷന്‍ തുടങ്ങിയവര്‍ക്ക് സമര്‍പ്പിക്കുക. ഡല്‍ഹിയില്‍ പേഴ്സനല്‍ ലോ ബോര്‍ഡ് ആസ്ഥാനത്ത് ലഭിച്ച ഒപ്പുവെച്ച ഫോറങ്ങള്‍ സ്കാന്‍ ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹിക്ക് പുറമെ, ഭോപാല്‍, മലേഗാവ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ ബോര്‍ഡ് കേന്ദ്രങ്ങളിലും വളന്‍റിയര്‍മാര്‍ ഒപ്പുവെച്ച ഫോറങ്ങളുടെ സ്കാനിങ് പൂര്‍ത്തിയാക്കുകയാണ്.  

സംസ്ഥാനം, പുരുഷന്‍, സ്ത്രീ എന്നിങ്ങനെ തരംതിരിച്ചാണ് ഒപ്പുകള്‍ ക്രമീകരിക്കുന്നത്. ഒപ്പുവെച്ചവരില്‍ ഭൂരിപക്ഷവും തങ്ങളുടെ വോട്ടര്‍ കാര്‍ഡ് നമ്പര്‍ അല്ളെങ്കില്‍ ആധാര്‍ നമ്പര്‍, പൂര്‍ണമായ വിലാസം എന്നിവ നല്‍കിയിട്ടുണ്ട്. ആന്തമാന്‍-നികോബാര്‍, ലക്ഷദ്വീപ് തുടങ്ങിയ രാജ്യത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരുടെയും ഒപ്പുകളുണ്ട്.

10 ലക്ഷത്തിലേറെ പേരുടെ ഒപ്പുകള്‍ ഇതിനകം കേരളത്തില്‍നിന്ന് ലഭിച്ചുകഴിഞ്ഞതായും കാമ്പയിന് നേതൃത്വം നല്‍കുന്ന ബോര്‍ഡ് ഓഫിസ് സെക്രട്ടറി വഖാര്‍ ലത്തീഫി പറഞ്ഞു.   ഏക സിവില്‍കോഡ് സംബന്ധിച്ച ചോദ്യാവലി പുറത്തുവിട്ട നിയമകമീഷന്‍ അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പേഴ്സനല്‍ ലോ ബോര്‍ഡ് രാജ്യവ്യാപകമായി ഒപ്പുശേഖരണ കാമ്പയിന് തുടക്കമിട്ടത്. നിയമകമീഷന്‍ പുറത്തുവിട്ട ചോദ്യാവലിക്ക് മറുപടിനല്‍കാതെ ബഹിഷ്കരിക്കാന്‍ നേരത്തേ ബോര്‍ഡ് തീരുമാനിച്ചിരുന്നു.

Tags:    
News Summary - unified civil code personal law board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.