ഗോശാലയിൽ പശുക്കൾ കൂട്ടത്തോടെ ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

അംരോഹ: ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഹൻസർപൂരിൽ ഗോശാലയിൽ ദുരൂഹ സാഹചര്യത്തിൽ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കാലിത്തീറ്റ കഴിച്ച പശുക്കൾക്ക് കൂട്ടത്തോടെ അസുഖം ബാധിക്കുകയായിരുന്നു. യു.പി മൃഗസംരക്ഷണ മന്ത്രി ധരംപാൽ സിങ്ങിനോട് സംഭവസ്ഥലത്തെത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും സംഭവസ്ഥലത്തെത്തി കന്നുകാലികളെ പരിശോധിച്ചിരുന്നു. എന്നാൽ 50ലധികം പശുക്കൾ ചത്തതായി എസ്.പി ആദിത്യ ലാങ്കെഹ് പറഞ്ഞു.

കാലിത്തീറ്റ കഴിച്ച് വൈകുന്നേരത്തോടെ പശുക്കൾക്ക് അസുഖം വന്നതായി അംരോഹ ജില്ലാ മജിസ്‌ട്രേറ്റ് ബി. കെ ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. താഹിർ എന്ന വ്യക്തിയിൽ നിന്നാണ് ഗോശാലയിലെ മാനേജ്‌മെന്റ് കാലിത്തീറ്റ സംഭരിച്ചത്. താഹിറിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ തുടർന്ന് ഗോശാലയുടെ ചുമതലയുണ്ടായിരുന്ന വില്ലേജ് ഡെവലപ്മെന്‍റ് ഓഫീസറെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

അംരോഹയിൽ പശുക്കൾ ചത്തതിനെ തുടർന്ന് സംഭവസ്ഥലത്ത് എത്താൻ മുഖ്യമന്ത്രി ആദിത്യനാഥ് മൃഗസംരക്ഷണ മന്ത്രിയോട് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - UP CM Adityanath orders probe into death of over 50 cows at shelter in Amroha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.