ബാഗൽകോട്ട്: സ്വന്തം പാർട്ടിയിലെ വനിതാ കൗൺസിലറെ നിലത്തിട്ട് ചവിട്ടി ബി.ജെ.പി എം.എൽ.എ. മഹാലിംഗപുര ടൗൺ മുനിസിപ്പൽ കൗൺസിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കൗൺസിലർ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ബിജെപി എംഎൽഎ സിദ്ദു സവാദിയാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. കർണാടക കൈത്തറി വികസന കോർപ്പറേഷൻ (കെഎച്ച്ഡിസി) ചെയർമാൻ കൂടിയാണ് തേർദാൽ എംഎൽഎയായ സവാദി. എംഎൽഎ യുവതിയെ തള്ളിയിടുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിട്ടുണ്ട്.
മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി നേതാക്കൾ അവസരം നൽകണമെന്ന് ബിജെപി കൗൺസിലർമാരായ സവിത, ചാന്ദ്നി, ഗോദാവരി എന്നിവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രാദേശിക ബിജെപി നേതാക്കൾ ആവശ്യം നിരസിക്കുകയായിരുന്നു. പാർട്ടിയുടെ തീരുമാനത്തെ എതിർത്ത വനിതാ കൗൺസിലർമാർ മൂവരും തിരഞ്ഞെടുപ്പിെൻറ അവസാന ദിവസം കോൺഗ്രസുമായി സഖ്യമുണ്ടാക്കി.
സവിത പ്രസിഡൻറ് സ്ഥാനത്തേക്കും ഗോദാവരി വൈസ്പ്രസിഡൻറ് സ്ഥാനത്തേക്കും നാമനിർദേശം നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയന്ന് സാവദിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം കൗൺസിലർമാരെ ആക്രമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നടന്ന മുനിസിപ്പൽ കൗൺസിലിലേക്ക് ഇവർ പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ച അക്രമികൾ സ്ത്രീകളെ തറയിലിട്ട് വലിച്ചിഴക്കുകയും ചവിട്ടുകയും ചെയ്തു. കൗൺസിലർ സവിതക്കാണ് കൂടുതൽ മർദനമേറ്റത്.
.@BJP4Karnataka MLA from Terdal manhandles & physically pushes a woman member of Mahalingpur municipal council in Bagalkote. Brazen assault by leader & his supporters after women members said they would vote for Congress in President & VP elections on Wednesday pic.twitter.com/sHymKyMr4S
— Anusha Ravi Sood (@anusharavi10) November 11, 2020
'ഞാൻ എംഎൽഎ സാവദിയെ പിതാവിെൻറ സ്ഥാനത്താണ് കാണുന്നത്. അദ്ദേഹം ഇതുപോലെ പെരുമാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവരാരും ഞങ്ങളുടെ തീരുമാനങ്ങളെ മാനിക്കാൻ തയ്യാറായിരുന്നില്ല'-കൗൺസിലർ സവിത പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.'ഇത് എെൻറ സംസ്കാരമല്ല. എനിക്കും പാർട്ടി അംഗങ്ങൾക്കും സ്ത്രീകളോട് ഉയർന്ന ബഹുമാനമുണ്ട്. ഞാൻ ഒരു വനിതാ കൗൺസിലറേയും തള്ളിയിട്ടിട്ടില്ല. ഇതെല്ലാം വ്യാജ ആരോപണങ്ങളാണ്. ഞാൻ ഒരു തെറ്റും ചെയ്യാത്തതിനാൽ ക്ഷമ ചോദിക്കില്ല'-ആരോപണങ്ങൾ നിഷേധിച്ച് എംഎൽഎ സവാദി പറഞ്ഞു. സംഭവത്തിൽ മഹാലിംഗപുര പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.