ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജോലിക്ക് തമിഴ് എഴുതാനും വായിക്കാനും അറിയണമെന്ന് മദ്രാസ് ഹൈകോടതി. സംസ്ഥാനത്ത് ഭാഷാ സംഘർഷം രൂക്ഷമായ സന്ദർഭത്തിൽ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചാണ് വിധി പറഞ്ഞത്. തമിഴ്‌നാട് വൈദ്യുതി ബോർഡിലെ (ടി.എൻ.ഇ.ബി) ജൂനിയർ അസിസ്റ്റന്റ് തമിഴ് ഭാഷാ പരീക്ഷ പാസാകാത്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. നിർബന്ധിത ഭാഷാ പരീക്ഷ പാസാകാത്തതിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് വൈദ്യുതി ബോർഡ് ജീവനക്കാരനായ തേനി സ്വദേശി എം. ജയ്കുമാർ കോടതിയെ സമീപിക്കുകയായിരുന്നു.
സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിച്ചതിനാൽ തമിഴ് പഠിച്ചിട്ടില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഹരജിയിൽ ജസ്റ്റിസുമാരായ ജി. ജയചന്ദ്രൻ, ആർ. പൂർണിമ എന്നിവരായിരുന്നു വാദം
കേട്ടത്. തമിഴ് അറിയാതെ ഒരു സർക്കാർ ജീവനക്കാരന് എങ്ങനെ സർക്കാർ സർവിസിൽ പ്രവർത്തിക്കാൻ കഴിയും. ഏതൊരു സംസ്ഥാനത്തും സർക്കാർ ജീവനക്കാർ സംസ്ഥാനത്തിന്റെ ഭാഷ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ, എന്തുചെയ്യാൻ കഴിയുമെന്നും ബെഞ്ച് ചോദിച്ചു.
സർക്കാർ നടത്തുന്ന ഭാഷാ പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ പാസാകണമെന്ന് ജഡ്ജിമാർ പറഞ്ഞു. തുടർന്ന് ഇരു കക്ഷികളോടും അന്തിമ വാദത്തിന് തയാറാകാൻ കോടതി നിർദേശിക്കുകയും കേസ് ആറാഴ്ചത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.