ജമ്മു: നിയന്ത്രണ രേഖക്കു സമീപം നുഴഞ്ഞുകയറിയ തീവ്രവാദികളും സുരക്ഷ സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് തിരച്ചിൽ കൂടുതൽ ശക്തമാക്കി. കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന അനുമാനത്തിലാണിത്. ചെങ്കുത്തായ കുന്നിൻനിരകളുള്ള ഇവിടെ ഞായറാഴ്ച നടന്ന തീവ്രവാദി ആക്രമണത്തിൽ ആർമി ഓഫിസർ അടക്കം നാലു സുരക്ഷ സൈനികർ വീരമൃത്യു വരിച്ചിരുന്നു. മൂന്നു തീവ്രവാദികളും സൈന്യത്തിെൻറ തോക്കിന് ഇരയായി.
വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ മാച്ചിൽ ഇന്ത്യൻ നിയന്ത്രണ രേഖയുടെ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ തീവ്രവാദികൾ ഞായറാഴ്ച രാത്രിയിൽ ശ്രമം നടത്തിയതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് അതിർത്തി രക്ഷാസേന അഡീഷനൽ ഡയറക്ടർ ജനറൽ സുരീന്ദർ പവാർ പറഞ്ഞു. തീവ്രവാദികളുടെ ആക്രമണത്തിൽ കോൺസ്റ്റബിളായ സർക്കാറിന് സാരമായി പരിക്കേറ്റു. അത് വകവെക്കാതെ ഒരു തീവ്രവാദിയെ അദ്ദേഹം വകവരുത്തി. അതിനിടെ, ക്യാപ്റ്റൻ അശുതോഷ് കുമാറും രണ്ടു സൈനികരും വീരമൃത്യു വരിച്ചു. പ്രദേശത്തുനിന്ന് എ.കെ 47 തോക്കും വെടിക്കോപ്പുകളും കണ്ടെടുത്തു.
സുരക്ഷസേന പൂഞ്ച് ജില്ലയിലെ കിർണി മേഖലയിലും നടത്തിയ തിരച്ചിലിൽ വൻതോതിൽ ആയുധങ്ങൾ കണ്ടെടുത്തു. സാംബ ജില്ലയിലെ ക്ഷേത്രത്തിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ട ഗ്രനേഡ് പുറത്തെടുത്ത് നിർവീര്യമാക്കി. അതിനിെട, ദുരൂഹ സാഹചര്യത്തിൽ മേജർ റാങ്കിലുള്ള കരസേന ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. രജൗരി ജില്ലയിലെ രാഷ്ട്രീയ റൈഫ്ൾസ് ക്യാമ്പിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടത്. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.