വിനേഷ് ഫോഗട്ട്

‘പേരുകേട്ട ക്രിക്കറ്റ് താരങ്ങളേ... നിങ്ങളൊക്കെ പേടിത്തൊണ്ടന്മാരാണോ?’ -ഗുസ്തി താരം വിനേഷ് ഫോഗട്ട് ചോദിക്കുന്നു

ന്യൂഡൽഹി: ലൈംഗിക പീഡനാരോപണ വിധേയനായ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുൻനിര ഗു​സ്തി താരങ്ങൾ തെരുവിൽ സമരരംഗത്താണ്. ലോകത്തിന്റെ ശ്രദ്ധ നേടിയ ഈ പ്രതിഷേധസമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന, രാജ്യത്തെ അറിയപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുടെയും കായിക പ്രമുഖരുടെ മൗനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ജേത്രിയായ ഗുസ്തി താരം വിനേഷ് ഫോഗട്ട്. അധികാരത്തിലിരിക്കുന്നവർക്കെതിരെ എഴുന്നേറ്റു നിൽക്കാനുള്ള ധൈര്യം അവർക്കില്ലെന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും ഫോഗട്ട് പറഞ്ഞു.

‘രാജ്യം മുഴവൻ ക്രിക്കറ്റിനെ ആരാധിക്കുന്നവരാണ്. എന്നാൽ, ഒരു ക്രിക്കറ്റ് താരം പോലും തുറന്നു പറയാൻ ധൈര്യമുള്ളവരല്ല. നിങ്ങൾ ഞങ്ങളുടെ പക്ഷം ചേർന്ന് സംസാരിക്കണമെന്നല്ല പറയുന്നത്. ചുരുങ്ങിയപക്ഷം ആരെയും ‘വേദനിപ്പിക്കാ’തെ, നീതിക്ക് വേണ്ടിയെന്ന രീതിയിൽ നിഷ്പക്ഷമായൊരു സന്ദേശമെങ്കിലും നൽകിക്കൂടേ? അതുപോലും ഇല്ലെന്നതാണ് എന്നെ സങ്കടപ്പെടുത്തുന്നത്. ക്രിക്കറ്റർമാരായാലും ബാഡ്മിന്റൺ കളിക്കാരായാലും അത്‍ലറ്റിക്സ്, ബോക്സിങ് രംഗത്തുള്ളവരൊക്കെയാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ’ -ദ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വിനേഷ് ഫോഗട്ട് പറയുന്നു.

‘യു.എസിൽ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ മൂവ്മെന്റ് സമയത്ത് ലോകമെമ്പാടുമുള്ള കായിക താരങ്ങൾ വംശീയതക്കും വിവേചനത്തിനുമെതിരെ ഒറ്റക്കെട്ടായി രംഗത്തുവരുന്നത് നാം കണ്ടു. നമ്മുടെ രാജ്യത്ത് അത്രയേറെ വലിയ അത്‍ലറ്റുകളൊന്നുമില്ലല്ലോ. ഉള്ളത് ക്രിക്കറ്റർമാരാണ്. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ നടന്നപ്പോൾ അവർ പിന്തുണയറിയിച്ചിരുന്നു. അത്ര​യൊന്നും നമ്മൾ അർഹിക്കുന്നില്ലേ..’

ഈ വിഷയത്തിൽ കായിക രംഗത്തെ പ്രമുഖർ തുറന്ന അഭിപ്രായപ്രകടനം നടത്തണമെന്നാവശ്യപ്പെട്ട് ഞാനും ബജ്റങ് പൂനിയയും കത്തുകളും വിഡി​യോകളുമൊക്കെ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, എന്തിനെയാണ് അവർ ഭയപ്പെടുന്നതെന്ന് ഞങ്ങൾക്കറിയില്ല. തങ്ങളുടെ സ്​പോൺസർഷിപ്പിനെയും ​പരസ്യക്കരാറുകളെയുമൊക്കെ ബാധിക്കുമെന്ന ഭീതിയായിരിക്കും അവർക്കെന്ന് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടായിരിക്കാം, പ്രതിഷേധിക്കുന്ന അത്‍ലറ്റുകളുമായി സഹകരിക്കാൻ അവർ ഭയപ്പെടുന്നത്. ഇത് വേദനാജകമാണ്.’ -ഫോഗട്ട് വിശദീകരിച്ചു.

‘ഞങ്ങൾ എന്തെങ്കിലും ജയിക്കുമ്പോൾ അഭിനന്ദിക്കാൻ എല്ലാവരും മുന്നോട്ടുവരും. ക്രിക്കറ്റർമാർ വരെ അപ്പോൾ ട്വീറ്റുകളുമായെത്തും. ഇപ്പോൾ എന്തുപറ്റി? നിങ്ങൾ വ്യവസ്ഥിതിയെ പേടിക്കുന്നവരാണോ?’ അടുത്ത തലമുറക്കുവേണ്ടിയെങ്കിലും ഈ വ്യവസ്ഥിതിയെ മാറ്റിത്തിരുത്തണം. രാജ്യത്തെ മുൻനിര അത്‍ലറ്റുകളാണ് അതിന് മുന്നിട്ടിറങ്ങേണ്ടത്. എല്ലാ അത്‍ലറ്റുകളും പ്രതി​ഷേധവുമായി ഇരിക്കുകയാണെങ്കിൽ എല്ലാ വ്യവസ്ഥിതിയും നിലംപൊത്തും. ഇതിന്റെ നടത്തിപ്പുകാർക്ക് സമാധാനപരമായി ഉറങ്ങാൻ കഴിയാത്ത നാളുകളായിരിക്കും’-അവർ കൂട്ടിച്ചേർത്തു.

മറിച്ച്, വമ്പൻ അത്‍ലറ്റുകളൊക്കെ മിണ്ടാതിരിക്കുകയാണെങ്കിൽ പിന്നെന്തു​ കാര്യം? പല അത്‍ലറ്റുകളും എന്റെ സുഹൃത്തുക്കളാണ്. എല്ലാ സ്​പോർട്സ് ഫെഡറേഷനുകളിലും പ്രശ്നങ്ങളുണ്ടെന്ന് എനിക്കറിയാം. ഞാൻ അവരുടെ മത്സരങ്ങൾക്ക് പോകാറുണ്ട്. അവർ ഞങ്ങളുടേതിന് വരാറുണ്ട്. ഒന്നിച്ച് ഫോട്ടോയെടുക്കാറുണ്ട്. മെഡൽ നേടിയാൽ പരസ്പരം അഭിനന്ദിക്കുന്നു. സോഷ്യൽ മീഡിയയിൽ മനോഹര സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നു. എന്നാൽ, ഇത്തരം ഘട്ടങ്ങളിൽ സമൂഹ മാധ്യമങ്ങളിൽനിന്ന് പുറത്തുകടന്ന് യഥാർഥ വികാരങ്ങൾ പ്രകടിപ്പിക്കണം. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറത്തേക്ക് നോക്കണം. സ്വന്തം മനസ്സാക്ഷിയോട് കാര്യങ്ങൾ ചോദിക്കണം.

ചില ആളുകൾ പറയുന്നത് ഗുസ്തിക്കാരുടെ മനസ്സ് ശരിയായ സ്ഥലത്തല്ലെന്നാണ്. പക്ഷേ, ഞങ്ങളുടെ ഹൃദയവും മനസ്സും എല്ലാം ശരിയായ സ്ഥാനത്തുതന്നെയാണ്. മറ്റ് അത്‍ലറ്റുകൾ അവരുടെ മനസ്സ് എവിടെയാണെന്ന് പരിശോധിക്കട്ടെ..അവരുടെ ഹൃദയം അവരുടെ അടുക്കലല്ല’ -വിനേഷ് ഫോഗട്ട് പറഞ്ഞു.

Tags:    
News Summary - why top cricketers, others silent? Vinesh Phogat asks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.