മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്നാഥ് ഷിൻഡെയെ ലക്ഷ്യമിട്ട് ‘ഗദ്ദാർ’ പ്രയോഗം നടത്തുകയും പാരഡി പാടുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കംറ. എക്സിൽ പോസ്റ്റ് ചെയ്ത വാർത്താകുറിപ്പിലാണ് വിവാദ വിഷയത്തിൽ കംറ നിലപാട് വ്യക്തമാക്കിയത്.
'ഒരു വിനോദ വേദി വെറുമൊരു വേദി മാത്രമാണ്. എല്ലാത്തരം ഷോകൾക്കുമുള്ള ഒരിടം. എന്‍റെ ഹാസ്യത്തിന് ഹാബിറ്റാറ്റ് (അല്ലെങ്കിൽ മറ്റേതെങ്കിലും വേദി) ഉത്തരവാദിയല്ല. ഞാൻ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും അധികാരമോ നിയന്ത്രണമോ ഇല്ല. ഒരു ഹാസ്യകലാകാരന്‍റെ വാക്കുകൾക്ക് വേണ്ടി ഒരു വേദിയെ ആക്രമിക്കുന്നത് തക്കാളി കൊണ്ടു പോകുന്ന ലോറി മറിച്ചിടുന്നത് പോലെയാണ്. നിങ്ങൾക്ക് വിളമ്പിയ ബട്ടർ ചിക്കൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല.' -കുനാൽ കംറ വ്യക്തമാക്കി.
ഇന്നത്തെ മാധ്യമങ്ങൾ നമ്മളെ മറിച്ചു വിശ്വസിപ്പിക്കാൻ ആഗ്രഹിക്കുമെങ്കിലും, നമ്മുടെ സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ശക്തരെയും സമ്പന്നരെയും പ്രീതിപ്പെടുത്താൻ മാത്രം ഉപയോഗിക്കാനുള്ളതല്ല. ശക്തനായ ഒരു പൊതുപ്രവർത്തകന്‍റെ ചെലവിൽ തമാശ പറയാൻ നിങ്ങൾക്ക് കഴിയാത്തത് എന്‍റെ അവകാശത്തെ മാറ്റം വരുത്തില്ല. എനിക്കറിയാവുന്നത് വെച്ച്, നമ്മുടെ നേതാക്കളെയും നമ്മുടെ രാഷ്ട്രീയ സംവിധാനത്തെയും പരിഹസിക്കുന്നത് നിയമത്തിന് എതിരല്ല. -കംറ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച ഖാറിലെ യൂനികോണ്ടിനെന്റൽ ഹോട്ടലിലെ ഹാബിറ്റാറ്റ് കോമഡി ക്ലബിലെ പരിപാടിയിലാണ് ഏക്നാഥ് ഷിൻഡെയെ ലക്ഷ്യമിട്ടുള്ള കംറയുടെ വിവാദ പരാമർശം. ഏക്നാഥ് ഷിൻഡെയെ ലക്ഷ്യമിട്ട് ‘ഗദ്ദാർ’ (ഒറ്റുകാരൻ, രാജ്യദ്രോഹി എന്നെല്ലാം അർഥം) പ്രയോഗം നടത്തുകയും പാരഡി പാടുകയുമാണ് കംറ ചെയ്തത്.
കംറ എക്സിൽ പങ്കിട്ട വിഡിയോയിൽ 'താനെയിൽ നിന്നുള്ള ഒരു നേതാവിനെ' പരാമർശിക്കുന്ന ദിൽ തോ പാഗൽ ഹേയിലെ ഒരു സ്പൂഫ് ഗാനം ആലപിക്കുകയും ഷിൻഡെയുടെ ശരീരപ്രകൃതിയെ കുറിച്ചും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ കുറിച്ചും പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. അതേസമയം, വിഡിയോയിൽ ഷിൻഡെയുടെ പേര് കംറ പരാമർശിച്ചിരുന്നില്ല.
പരാമർശം വിവാദമായതോടെ ശിവസേന പ്രവർത്തകർ ഹാബിറ്റാറ്റ് സ്റ്റുഡിയോ അടിച്ചു തകർത്തു. സ്റ്റുഡിയോ ആക്രമിച്ച സംഭവത്തിൽ രാഹുൽ കനാൽ അടക്കം 12 ശിവസേന പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശിവസേന നേതാവ് രാഹുൽ കനാലിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് കംറക്കായി തിരച്ചിൽ ഊർജിതമാക്കി. കംറ പുതുച്ചേരിയിലുണ്ടെന്നും അവിടത്തെ പൊലീസിന്റെ സഹായം തേടിയതായും ആഭ്യന്തര സഹമന്ത്രി അറിയിച്ചു.
പരാമർശം വിവാദമായതോടെ കുനാൽ കംറക്കെതിരെ മുംബൈ പൊലീസും നഗരസഭയും നടപടി ശക്തമാക്കി. അനധികൃത നിർമാണം ആരോപിച്ച് ഹാബിറ്റാറ്റ് സ്റ്റുഡിയോക്കെതിരെ നഗരസഭയും നടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.