മുംബൈ: ഇൻഡ്യ, മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യങ്ങളിൽ തങ്ങളെ ഉൾപ്പെടുത്തിയാൽ മാത്രമേ താൻ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കൂവെന്ന് വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) നേതാവും ഡോ. ബി.ആർ. അംബേദ്കറുടെ ചെറുമകനുമായ പ്രകാശ് അംബേദ്കർ. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ചു.
ഞായറാഴ്ച മണിപ്പൂരിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ പ്രകാശ് അംബേദ്കറിനെ രാഹുൽ ഗാന്ധി ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നിരവധി തവണ ആശയവിനിമയം നടത്തിയിട്ടും വി.ബി.എയെ ഇൻഡ്യ സഖ്യത്തിലോ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിയിലോ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രകാശ് അംബേദ്കർ ചൂണ്ടിക്കാട്ടി.
“ഭാരത് ജോഡോ ന്യായ് യാത്രയിലേക്കുള്ള താങ്കളുടെ ക്ഷണം ഞാൻ ഉപാധികളോടെ സ്വീകരിക്കുന്നു. ദീർഘനാളായി കാത്തിരിക്കുന്ന ഇൻഡ്യ സഖ്യത്തിലും എം.വി.എയിലും ചേരാനുള്ള ക്ഷണം ലഭിക്കാതെ യാത്രയിൽ പങ്കെടുക്കുന്നത് എനിക്ക് ബുദ്ധിമുട്ടായിരിക്കും. മുന്നണി പ്രവേശനം ലഭികാതെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്നത് ഊഹാപോഹങ്ങൾക്ക് ഇടയാക്കും. അത് പ്രതികൂലമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കും’ -അദ്ദേഹം കത്തിൽ വ്യക്തമാക്കി.
അതിനാൽ, എത്രയും പെട്ടെന്ന് വി.ബി.എയെ ഇരുസഖ്യത്തിലും ഉൾപ്പെടുത്തണമെന്ന് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി.ബി.എയെയും ഇടതുപാർട്ടികളെയും ഉൾപ്പെടുത്തി ഇൻഡ്യ സഖ്യമായി മത്സരിക്കാനാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും വോട്ട് ശിഥിലമാകുന്നത് തടയാൻ ഇത് സഹായിക്കുമെന്നും ശിവസേനയും (യുബിടി) ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയും പറഞ്ഞിരുന്നു. 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര കടന്നുപോകുന്നത്. 6,713 കിലോമീറ്റർ താണ്ടുന്ന യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.