ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ മുസ്‍ലിം പള്ളി സന്ദർശനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. മോഹൻ ഭഗവത് ഡൽഹിയിലെ പള്ളിയും മദ്റസയും സന്ദർശിച്ചതിന് ശേഷം മുസ്‍ലിംകളോടുള്ള ബി.ജെ.പിയുടെയും സർക്കാരുകളുടെയും 'നിഷേധാത്മക മനോഭാവത്തിൽ' മാറ്റമുണ്ടാകുമോ എന്ന് മായാവതി ചോദിച്ചു. തുറസ്സായ സ്ഥലത്ത് മുസ്‍ലിംകൾ നമസ്കരിക്കുന്നത് യോഗി സർക്കാരിന് സഹിക്കാൻ കഴിയുന്നില്ലെന്നും മായാവതി ട്വീറ്റിൽ പറഞ്ഞു.
മോഹൻ ഭാഗവത് ആൾ ഇന്ത്യ ഇമാം ഓർഗനേസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ മദ്റസയിൽവെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച്ച നീണ്ടു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആർ.എസ്.എസ് മേധാവി മുസ്‍ലിം മതപണ്ഡിതരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഭാഗവത് രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണെന്നും കൂടിക്കാഴ്ച്ചക്കുശേഷം ഉമർ അഹമ്മദ് ഇല്ല്യാസി പറഞ്ഞിരുന്നു.
മായാവതിയുടെ ട്വീറ്റ്
'മോഹൻ ഭാഗവത് പള്ളിയും മദ്റസയും സന്ദർശിക്കുകയും ഉലമാക്കളെ കാണുകയും രാഷ്ട്രപിതാവെന്നും രാഷ്ട്രഋഷിയെന്നുമൊക്കെ വിളിക്കപ്പെടുകയും ചെയ്തല്ലോ. ഇനിയെങ്കിലും മുസ്‍ലിംകളോടും അവരുടെ പള്ളികളോടും മദ്റസകളോടുമുള്ള ബി.ജെ.പിയുടെയും അവരുടെ സർക്കാരുകളുടെയും 'നിഷേധാത്മക മനോഭാവത്തിൽ' മാറ്റമുണ്ടാകുമോ'-മായാവതി ട്വിറ്ററിൽ ചോദിച്ചു.
മറ്റൊരു ട്വീറ്റിൽ അവർ യു.പിയിലെ യോഗി സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ നടപടികളേയും ചോദ്യം ചെയ്തു. 'മുസ്‍ലിംകൾ തുറസ്സായ സ്ഥലത്ത് ഏതാനും മിനിറ്റുകൾ മാത്രം പ്രാർഥിക്കുന്നതുപോലും യു.പി സർക്കാരിന് സഹിക്കാനാവുന്നില്ല. സർക്കാർ സ്വകാര്യ മദ്റസകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ ശ്രമിക്കുകയാണ്. ഈ വിഷയത്തിൽ ആർ.എസ്.എസ് മേധാവിയുടെ മൗനത്തിൽ നിന്ന് എന്ത് അർഥമാണ് ഉരുത്തിരിഞ്ഞത് എന്നുകൂടി ആലോചിക്കേണ്ടതുണ്ട്'-മായാവതി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.