യെമി യാമസാക്കി

ഉടൻ വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങി, തിരികെയെത്തിയില്ല; ജാപ്പനീസ് വിനോദസഞ്ചാരിയെ ഗോകർണത്ത് കാണാതായി

ബംഗളൂരു: ജപ്പാനിൽ നിന്നുള്ള വിനോദസഞ്ചാരിയെ കർണാടകയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗോകർണത്ത് കാണാതായി. 43കാരിയായ യെമി യാമസാക്കിയെയാണ് കാണാതായത്. ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഭർത്താവ് ദെയി യാമസാക്കിയോടൊപ്പമാണ് യെമി ഗോകർണത്തെത്തിയത്. ഇവിടെയുള്ള ഒരു കോട്ടേജിലാണ് ഇരുവരും താമസിച്ചിരുന്നത്. തന്നോട് ഉടൻ തിരികെയെത്താമെന്ന് പറഞ്ഞ് ഫെബ്രുവരി അഞ്ചിന് രാവിലെ പത്ത് മണിയോടെ യെമി പുറത്തേക്ക് പോയതാണെന്ന് ഭർത്താവ് പറഞ്ഞു. എന്നാൽ, ഏറെനേരമായിട്ടും തിരികെയെത്തിയില്ല. തുടർന്നാണ് പൊലീസിൽ അറിയിച്ചത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യെമി ഒറ്റയ്ക്ക് കോട്ടേജിന് പുറത്തേക്ക് പോകുന്നത് വ്യക്തമാണ്. എന്നാൽ പിന്നീട് എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനായിട്ടില്ല. യെമി അസ്വസ്ഥയായിരുന്നെന്നും വിഷാദാവസ്ഥയിലായിരുന്നെന്നും ഭർത്താവ് പൊലീസിനെ അറിയിച്ചു.

പുറത്തേക്ക് പോകുമ്പോൾ യെമി ഫോൺ എടുത്തിരുന്നില്ല. എന്നാൽ, പിന്നീട് ഭർത്താവിന് ഇവർ ഇ-മെയിൽ അയച്ചതായി കണ്ടെത്തി. താൻ സുരക്ഷിതയാണെന്നും അന്വേഷിച്ച് വരേണ്ടതില്ലെന്നുമാണ് മെയിലിലുണ്ടായിരുന്നത്.

സംഭവത്തിൽ ജാപ്പനീസ് എംബസി ഇടപെട്ടതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. യെമി ഭർത്താവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമായിരിക്കാമിതെന്നും പൊലീസ് പറയുന്നു. കേരളത്തിലേക്ക് പോയിരിക്കാമെന്നാണ് അനുമാനമെന്നും ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Woman tourist from Japan goes 'missing' in Gokarna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.