ബ്രിജ് ഭൂഷണിനെതിരെ പ്രതിഷേധവുമായി വീണ്ടും ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: ബ്രിജ് ഭൂഷണിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി വീണ്ടും ജന്തർ മന്തറിൽ. ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് താരങ്ങൾ രംഗത്തെത്തിയത്. വനിതാ ഗുസ്തിതാരങ്ങളായ ഏഴുപേർ ബ്രിജ് ഭൂഷണിനെതിരെ കൊണാട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ലൈംഗികാതിക്രമവും വധഭീഷണിയും നടത്തിയെന്ന് ആരോപിച്ച് റെസ്ലിങ് ഫെഡറേഷൻ ചീഫിനെതിരെ നേരത്തെ പരാതിയുയർന്നിരുന്നു. പ്രധാനമന്ത്രിയിൽ വിശ്വാസമുള്ളതിനാൽ നിയമവഴികൾ സ്വീകരിക്കില്ലെന്നും എന്നാൽ സർക്കാർ വേണ്ട നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്നുമായിരുന്നു അന്ന് സമരത്തിനൊടുവിൽ ഇവർ പറഞ്ഞിരുന്നത്. കായിക മന്ത്രാലയവുമായി ചർച്ച നടത്തിയപ്പോഴും മതിയായ നടപടി സ്വീകരിച്ചില്ല.

പിന്നീട് കായിക മന്ത്രി അനുരാഗ് താക്കൂർ ഇവരുമായി ചർച്ച നടത്തുകയും ആരോപണങ്ങൾ ഗുരുതരമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ പോലും അധികൃതർ തയാറാക്കിയിരുന്നില്ല. ഇതിനെതിരെ താരങ്ങൾ ഡൽഹി വനിതാ കമീഷനിൽ പരാതി നൽകുകയും ഡൽഹി പൊലീസിന് കമീഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

റെസ്ലിങ് ഫെഡറേഷന്റെ പരിശീലന സമയങ്ങളിൽ പലതവണ കുറ്റാരോപിതനായ വ്യക്തി ലൈംഗികാതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഡി.സി.ഡബ്ള്യു ചീഫ് സ്വാതി മലിവാൽ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷൺ ശരൺ സിങ് കുറ്റാരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. തനിക്കെതിരെ നടത്തിയ ഏല്ലാ ആരോപണങ്ങളും തെറ്റാണെന്നും എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

മെയ് 7ന് നടക്കാനിരിക്കുന്ന റെസ്ലിങ് ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ബ്രിജ് ഭൂഷൺ അന്ന് വ്യക്തമാക്കിയിരുന്നു. ബ്രിജ് ഭൂഷണിനെതിരെ ലൈംഗീകാതിക്രമങ്ങൾ ആരോപിച്ച കായിക താരങ്ങളോട് ഇക്കാര്യം ചോദിച്ചറിയുമെന്ന് ഫെഡറേഷൻ അറിയിച്ചു.

Tags:    
News Summary - Wrestlers protest against Brij Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.