ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ ലൈംഗികാതിക്രമത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. ബുധനാഴ്ചയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ബ്രിജ്ഭൂഷൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം തുടരുകയാണ്.
ഏതാനും ടൂർണമെന്‍റുകളുടെ വിവരങ്ങളും മറ്റ് രേഖകളും ആവശ്യപ്പെട്ട് ഗുസ്തി ഫെഡറേഷന് നോട്ടീസ് നൽകിയിട്ടുണ്ട്. വനിതാ താരങ്ങൾ പരാതിയിൽ പറയുന്ന ടൂർണമെന്‍റുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തേടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. നിരന്തര ലൈംഗികാതിക്രമം ബ്രിജ് ഭൂഷന്‍റെ ഭാഗത്തുനിന്നുണ്ടായെന്നാണ് താരങ്ങൾ വ്യക്തമാക്കുന്നത്. പരാതി നൽകിയിട്ടും ബ്രിജ് ഭൂഷനെതിരെ നടപടിയല്ലാത്ത സാഹചര്യത്തിലാണ് താരങ്ങളുടെ സമരം.
ലൈംഗിക പരാതികൾ പരിശോധിക്കാൻ ഗുസ്തി ഫെഡറേഷൻ രൂപം നൽകിയ മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പൊലീസ് തേടിയിട്ടുണ്ട്. ഒളിമ്പ്യൻ മേരികോമിന്‍റെ നേതൃത്വത്തിലാണ് മേൽനോട്ട സമിതി രൂപീകരിച്ചിരുന്നത്.
ലൈംഗികാതിക്രമ പരാതി ഉന്നയിച്ചവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് സമരക്കാർ ആരോപിച്ചിരുന്നു. കോടതിയിൽ രഹസ്യമൊഴി നൽകണമെന്ന് ഗുസ്തി താരങ്ങൾ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.
ബ്രിജ് ഭൂഷണെതിരെ ഏപ്രിൽ 21നാണ് ഏഴ് വനിതാ താരങ്ങൾ പൊലീസിൽ പരാതി നൽകിയത്. എന്നാൽ, പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മടിച്ചതോടെ ഇവർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ്, പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസുകളെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.