ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴു വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ജന്തർമന്തറിനു പുറത്തേക്ക് വ്യാപിപ്പിച്ചു.
സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ നൂറുകണക്കിന് ആളുകളുമായി പൊലീസ് തടസ്സം മറികടന്ന് ഡൽഹിയുടെ ഹൃദയഭാഗമായ കൊണാട്ട്പ്ലേസിലൂടെ തിങ്കളാഴ്ച വൈകീട്ട് ഗുസ്തി താരങ്ങൾ മാർച്ച് നടത്തി.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും മാർച്ചിൽ പങ്കെടുത്തു. സമരം ജന്തർമന്തറിൽ മാത്രമായി ഒതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഡൽഹിയിലെ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും സമരനേതാക്കൾ തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജന്തർമന്തർ സമരവേദി പൊലീസ് ഏറക്കുറെ ജയിലിന് തുല്യമാക്കിയിട്ടുണ്ട്. സമരത്തിലേക്ക് കൂടുതൽ ആളുകൾക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. അതിനാൽ മറ്റു സ്ഥലങ്ങളിലേക്കു കടക്കും. ഡൽഹിയിലെ വിവിധ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. മേയ് 21നുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കും.
സമരം അന്താരാഷ്ട്ര തലത്തിലെത്തിക്കുമെന്നും താരങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പിന്തുണയുമായി ബി.ജെ.പി നേതാവും ജമ്മു-കശ്മീർ മുൻ ഗവർണറുമായ സത്യപാൽ മാലിക് തിങ്കളാഴ്ച ജന്തർമന്തർ സമരവേദിയിലെത്തി. താരങ്ങൾ നടത്തിയ വാർത്തസമ്മേളനത്തിലും സത്യപാൽ മാലിക് പങ്കെടുത്തു.
കേന്ദ്ര വനിത-ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി, ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങി ബി.ജെ.പിയുടെ 43 വനിത എം.പിമാർക്ക് പിന്തുണ ആവശ്യപ്പെട്ട് സമരക്കാർ കഴിഞ്ഞ ദിവസം ഇ-മെയിലയച്ചു. ഏപ്രിൽ 23ന് ആരംഭിച്ച സമരം 23 ദിവസം പിന്നിട്ടു.
ബ്രിജ് ഭൂഷണിനെ മേയ് 21നകം അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്ന് സംയുക്ത കിസാൻ മോർച്ചയും യു.പി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകളും കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.