യമുന, ഗംഗ, ഗോമതി...; സ്​ഥലങ്ങൾക്ക്​ പിന്നാലെ ഗസ്റ്റ്​ ഹൗസുകളുടെയും പേര്​ മാറ്റി യോഗി സർക്കാർ

ലഖ്​നോ: സ്​ഥലങ്ങളുടെ പേരുമാറ്റൽ തുടരുന്നതിനിടെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്​ സർക്കാർ ഒമ്പത്​ ഗസ്റ്റ്​ ഹൗസുകളുടെ പേരുകൾ നദികളുടെയും പുണ്യസ്​ഥലങ്ങളുടെയും പേരിലേക്ക്​ മാറ്റുന്നു.

ഡൽഹിയിലെ യു.പി ഭവൻ ഇനിമുതൽ യു.പി ഭവൻ 'സംഘം' എന്നും യു.പി സദൻ യു.പി സദൻ 'ത്രിവേണി' എന്നും അറിയപ്പെടുമെന്ന്​ യു.പി എസ്​​റ്റേറ്റ്​ വകുപ്പ്​​ അറിയിച്ചു.

ലഖ്​നോവിലെ മഹാത്മാ ഗാന്ധി റോഡിലെ വി.വി.ഐ.പി ഗസ്റ്റ്​ ഹൗസ്​ ഇനി മുതൽ വി.വി.ഐ.പി ഗസ്റ്റ്​ ഹൗസ്​ സാകേത്​ എന്നാകും അറിയപ്പെടുക. ഡാലിബാഗിലെ വി.വി.ഐ.പി ഗസ്റ്റ്​ ഹൗസ്​ 'യമുന'യാകും. വിക്രമാദിത്യ മാർഗിലെയും മീരാഭായി മാർഗിലെയും വി.വി.ഐ.പി ഗസ്റ്റ്​ ഹൗസുകൾ യഥാക്രമം 'ഗോമതി' 'സരയൂ' എന്നറിയപ്പെടും.

ബട്‌ലർ പാലസ് കോളനിയിലെ ഗസ്റ്റ് ഹൗസിന് 'നമിശരണ്യ' എന്ന് പേരിട്ടു. മുംബൈയിലെ അതിഥി മന്ദിരത്തെ യു.പി ഗസ്റ്റ് ഹൗസ് 'വൃന്ദാവൻ' എന്ന് വിളിക്കും. കൊൽക്കത്തയിലെ സംസ്​ഥാന ഗസ്റ്റ് ഹൗസിന് 'ഗംഗ' എന്ന് പേരിടും.

ഉത്തർപ്രദേശിലെ മന്ത്രിമാരും നിയമസഭാംഗങ്ങളും സമീപഭാവിയിൽ ഡസനോളം ജില്ലകളുടെയും പട്ടണങ്ങളുടെയും പേരുമാറ്റാൻ പദ്ധതിയിടുന്നുണ്ട്​. സാംബലിനെ 'പൃഥ്വിരാജ് നഗർ' അല്ലെങ്കിൽ 'കൽക്കി നഗർ' എന്ന് പുനർനാമകരണം ചെയ്യണമെന്ന് സെക്കൻഡറി വിദ്യാഭ്യാസ സഹമന്ത്രി ഗുലാബ് ദേവി ആവശ്യപ്പെട്ടിരുന്നു.

ജില്ലയുടെ പേര് 'ചന്ദ്രനഗർ' എന്ന് മാറ്റാൻ ഫിറോസാബാദ് ജില്ലാ പഞ്ചായത്ത് ഇതിനകം ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. ആഗസ്റ്റിൽ യോഗി സർക്കാർ സുൽത്താൻപൂരിന്‍റെ പേര് കുശ്​ ഭവൻപൂർ എന്ന് മാറ്റാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ശ്രീരാമന്‍റെ മകന്‍റെ പേരാണ് കുശൻ.

അംഗീകാരം ലഭിച്ചാൽ യോഗി സർക്കാർ പുനർനാമകരണം ചെയ്യുന്ന മൂന്നാമത്തെ ജില്ലയായി സുൽത്താൻപൂർ മാറും. നേരത്തെ ഫൈസാബാദിനെ അയോധ്യയെന്നും അലഹബാദിനെ പ്രയാഗ്​ രാജ്​ എന്നും യോഗി സർക്കാർ പുനർനാമകരണം ചെയ്​തിരുന്നു.  

Tags:    
News Summary - Yogi Adityanath government renames nine guest houses after rivers, religious places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.