മുംബൈ: തടവുശിക്ഷക്ക് വിധിക്കപ്പെട്ട എൻ.സി.പി എം.എൽ.എ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. മുംബൈയിലെ ബൈകുള ജയിലിനു മുന്നിൽ സോലാപുർ എം.എൽ.എയായ രമേശ് കാദം പൊലീസുകാരനെ ചീത്തവിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.
വൈദ്യപരിശോധനക്കായി ജെ.ജെ ആശുപത്രിയിൽ എത്തിക്കാൻ രമേശ് കാദത്തെ ജയിലിനു പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകാനുള്ള വാഹനം ഗതാഗതകുരുക്കിൽപെട്ട് എത്തിയിട്ടില്ലെന്ന് അറിയിച്ചതോടെ എം.എൽ.എ അകമ്പടിക്കെത്തിയ പൊലീസുകാരോട് തട്ടികയറുകയായിരുന്നു. ‘‘ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയില്ല.’’ –ക്ഷുഭിതനായ എം.എൽ.എ പൊലീസകാരനോട് കൈചൂണ്ടി ഭീഷണിപ്പെടുത്തി. സംഭവം മൊബൈലിൽ പകർത്തുന്നതു കണ്ടിട്ടും എം.എൽ.എ ചീത്തവിളി നിർത്തിയില്ല. പൊലീസുകാരനെതിരെ അഴിമതികേസ് നൽകുമെന്നും രമേശ് പറഞ്ഞു.
വാഹനം ഗതാഗതകുരുക്കിൽ പെട്ടതുകൊണ്ടാണ് വരാൻ വൈകുന്നതെന്ന് പൊലീസുകാർ വിശദീകരിച്ചെങ്കിലും തന്നെ പുറത്ത് നിർത്തിപ്പിച്ചുവെന്ന് എം.എൽ.എ ചീത്തവിളിക്കുകയായിരുന്നു. പൊലീസുകാരനോട് കയർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എം.എൽ.എക്കെതിരെ അന്വേഷണം നടത്തുമെന്ന്ബി.ജെ.പി നേതാവ് കീർത്തി സൊമൈയ്യ വ്യക്തമാക്കി.
ഡെവലപ്പ്മെൻറ് കോർപറേഷനിൽ നിന്ന് 350 കോടിയുടെ അഴിമതി നടത്തിയ കേസിൽ 2015 ആഗസ്റ്റിലാണ് എം.എൽ.എ രമേശ് കാദം തടവുശിക്ഷക്ക് വിധിക്കപ്പട്ടത്. മഹാരാഷ്ട്രയിലെ അന്നാബൗ സമതേ വികസന കോർപറേഷൻ ചെയർമാൻ ആയിരുന്ന രമേശ്, മടാങ് വിഭാഗത്തിനുള്ള ഫണ്ടുകൾ ഫണ്ടുകൾ വഴിവിട്ട് ചിലവഴിച്ചെന്നതാണ് കേസ്. തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്കാണ് രമേശ് പണം മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.