ബിജ്നോർ (യു.പി): ഡൽഹിയിൽ കർഷകരെ പൊലീസ് ക്രൂരമായി വേട്ടയാടിയപ്പോൾ ഉത്തർപ്ര ദേശ് അംരോഹ ജില്ലയിലെ റസുൽപുർ മാഫി ഗ്രാമത്തിലുള്ളവർ തീരുമാനിപ്പിച്ചുറപ്പിച്ചതാണ്, ഇനിയൊരു ബി.ജെ.പി നേതാവും ഇങ്ങോട്ട് വരേണ്ടെന്ന്. മുന്നറിയിപ്പ് നൽകാൻ അവർ ഗ്രാമത്തിൽ വലിയ ബോർഡും സ്ഥാപിച്ചു.
ശനിയാഴ്ച സ്ഥാപിച്ച ബോർഡിലെ വരികൾ ഇങ്ങനെയാണ്: ‘ബി.ജെ.പിക്കാർ ഇൗ ഗ്രാമത്തിൽ പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു. ജീവനും വസ്തുക്കളും നഷ്ടമായാൽ അവർതന്നെയായിരിക്കും ഉത്തരവാദികൾ.’ ഇതിെൻറ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വൈറലായി. ഗാന്ധിജയന്തി ദിനത്തിൽ ഡൽഹിയിലേക്ക് നടത്തിയ കിസാൻ മാർച്ചിൽ ഇൗ ഗ്രാമത്തിലെ 20 കർഷകരുമുണ്ടായിരുന്നു. എന്നാൽ, ആയിരക്കണക്കിന് കർഷകരെ ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ യു.പി-ഡൽഹി അതിർത്തിയിൽ പൊലീസ് തടഞ്ഞ് ലാത്തിച്ചാർജ് നടത്തിയും ജലപീരങ്കി ഉപയോഗിച്ചും തുരത്തുകയായിരുന്നു.
കർഷകരെ പൊലീസ് നേരിട്ടതിന് അതേപോലെ തിരിച്ചടിക്കാനാണ് തീരുമാനമെന്ന് ഗ്രാമവാസിയായ ഗുർമീത് സിങ് പറഞ്ഞു. ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ തങ്ങൾ സഞ്ചരിച്ച ട്രാക്ടറിെൻറ ടയർ പൊലീസ് പഞ്ചറാക്കുകയും മർദിക്കുകയും ചെയ്തു. പ്രായമായ കർഷകരെ പോലും പൊലീസ് ഒഴിവാക്കിയില്ല. ഞങ്ങൾ ഏറെ പ്രയാസമനുഭവിച്ചു.
ഇൗ സമയത്താണ് ഗ്രാമത്തിൽ എത്തുന്ന ബി.ജെ.പി നേതാക്കളെയും ഇതേപോലെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചതെന്ന് ഗുർമീത് സിങ് കൂട്ടിച്ചേർത്തു. തെൻറ ഭർത്താവും കർഷക മാർച്ചിൽ പെങ്കടുത്തിരുന്നുവെന്നും ന്യായമായ ആവശ്യമുന്നയിക്കുന്നത് കുറ്റകരമാണോ എന്നും പൂനം സിങ് ചോദിച്ചു. എന്നാൽ, സംഭവം ബി.ജെ.പിക്കെതിരായ ചിലരുടെ ഗൂഢാലോചനയാണെന്നും പരാതിയെക്കുറിച്ച് താൻ ഗ്രാമീണരുമായി സംസാരിക്കുമെന്നും പാർട്ടി അംരോഹ ജില്ല പ്രസിഡൻറ് റിഷിപാൽ നാഗർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.