ന്യൂഡൽഹി: അഞ്ച് മാസം മുമ്പ് വീട് വിട്ടിറങ്ങിയ മകൻ തേജ് പ്രതാപിനെ തിരിച്ചു വിളിച്ച് ആർ.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിെൻറ ഭാര്യയുമായ റാബ്രി ദേവി. ‘‘മതി മകനേ..ഇനി വീട്ടിലേക്ക് തിരിച്ചു വരൂ’’ റാബ്രി ദേവി മകനോട് അഭ്യർഥിച്ചു.
വിവാഹ മോചനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആർ.ജെ.ഡി നേതാവ് കൂടിയായ തേജ് പ്രതാപ് യാദവ് വീട് വിട്ടിറങ്ങിയത്. പലപ്പോഴും മാതാപിതാക്കളെ പുറത്തുവെച്ച് കാണാറുണ്ടെങ്കിലും പട്നയിലെ വീട്ടിലേക്ക് തിരികെ വരാൻ തേജ് പ്രതാപ് തയാറായിട്ടില്ല. ദിവസവും മകനുമായി ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന് റാബ്രി ദേവി പറഞ്ഞു.
തേജ് പ്രതാപും അദ്ദേഹത്തിെൻറ ഇളയ സഹോദരൻ തേജസ്വി യാദവും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ അതിലൊന്നും സത്യമില്ലെന്നും അതെല്ലാം സ്ഥാപിത താൽപര്യക്കാരുടെ സൃഷ്ടിയാണെന്നുമായിരുന്നു റാബ്രി ദേവിയുടെ മറുപടി. ചിലർ തെൻറ മകനെ തെറ്റായ വഴിക്ക് നയിക്കുന്നു. ശത്രുക്കൾക്ക് അതിന് കഴിഞ്ഞു. ബി.ജെ.പി, ജെ.ഡി.യു പ്രവർത്തകരാണതിന് പിന്നിെലന്നും റാബ്രി ദേവി ആരോപിച്ചു.
ലാലു പ്രസാദ് യാദവ് അഴിമതി കേസിൽ ജയിലിലായതോടെ ഇളയ മകൻ തേജസ്വി യാദവാണ് പാർട്ടി ഭരണം ഏറ്റെടുത്തിരിക്കുന്നത്. ലാലു പ്രസാദ് യാദവിെൻറ അസാന്നിധ്യം ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം എത്രയും പെട്ടെന്ന് തിരികെ വരുമെന്നാണ് പ്രതീക്ഷയെന്നും റാബ്രിദേവി പറഞ്ഞു.
ആർ.ജെ.ഡി നേതാവ് ചന്ദ്രിക റായിയുടെ മകളെയാണ് തേജ് പ്രതാപ് യാദവ് വിവാഹം കഴിച്ചത്. എന്നാൽ തങ്ങൾ തമ്മിൽ ഒട്ടും പൊരുത്തമില്ലെന്ന് പറഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ തേജ് പ്രതാപ് തെൻറ വിവാഹ മോചനം പ്രഖ്യാപിച്ചു. ഇരു കുടുംബങ്ങളും മധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും വിവാഹ മോചനമെന്ന ആവശ്യത്തിൽ തേജ്പ്രതാപ് ഉറച്ചു നിൽക്കുകയും ഇക്കാര്യത്തിൽ തെൻറ രക്ഷിതാക്കൾ തന്നോടൊപ്പം നിന്നില്ലെന്ന് ആരോപിച്ച് വീട് വിട്ടിറങ്ങുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.