മുസ്ലിം ലീഗ് സി.പി.എമ്മിനെ കടിച്ചുകീറി വിമർശിക്കാത്തതിന്റെ അർഥം അവരുമായി സഖ്യത്തിലാവാൻ പോവുന്നുവെന്നല്ല. ഞങ്ങളങ്ങനെ കൂറുമാറുന്ന പാർട്ടിയല്ല. വലിയ സംഭവവികാസങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിലേ അങ്ങനെയൊക്കെ സംഭവിക്കൂ
ജനാധിപത്യവിശ്വാസികളും ന്യൂനപക്ഷ സമൂഹങ്ങളും ഏറെ ആശങ്കയിൽ നിലകൊള്ളുന്ന, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അനിശ്ചിതത്വം നിറഞ്ഞ ഒരു കാലത്ത് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രതീക്ഷകളും പങ്കുവെക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി
രാജ്യത്തെ ന്യൂനപക്ഷവിഷയങ്ങളിൽ സദാ ബദ്ധശ്രദ്ധരായി നിൽക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. പൗരത്വഭേദഗതി വിഷയത്തിൽ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത് ലീഗ് ആണ്. പാർലമെന്റിൽ മൂന്ന് എം.പിമാരേ ഞങ്ങൾക്കുള്ളൂവെങ്കിലും ഓരോ വിഷയം വരുമ്പോഴും അതിൽ ഇടപെടുന്നതിലും മറ്റ് പാർട്ടിക്കാർക്ക് പ്രേരകശക്തിയാവുന്നു ലീഗ്. ആ നിലക്ക് ഇൗ പ്രസ്ഥാനത്തിന്റെ സാന്നിധ്യം രാജ്യത്ത് പ്രധാനപ്പെട്ടതാണ്. ശാക്തികബലമില്ലെങ്കിലും ഉള്ള ബലം കൊണ്ട് ഞങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സി.എ.എ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനെ ബി.ജെ.പിയുടെ ഗതികേടായാണ് മനസിലാക്കേണ്ടത്. അവർ തെരഞ്ഞെടുപ്പടുക്കുമ്പോൾ വലിയ അന്താളിപ്പിലാണ്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിഷയങ്ങൾ കൊണ്ടു വന്ന് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാം എന്നായിരുന്നു ബി.ജെ.പി കരുതിയിരുന്നത്. എന്നാൽ ജനങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങൾ രാജ്യത്തുണ്ട്. കർഷകരുടെ പ്രശ്നങ്ങൾ, വിലക്കയറ്റം, ചൈനയുമായുള്ള അതിർത്തി പ്രശ്നം ഇതൊക്കെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജയിക്കൂല എന്ന പേടി ഉള്ളതു കൊണ്ടാണ് ഇപ്പോൾ പൗരത്വനിയമം കൊണ്ടു വന്നത്. അസമിലും ബംഗാളിലും ഇതിന്റെ പേരിൽ കുറച്ചു വോട്ടുകിട്ടുമെന്നായിരുന്നു പ്രതീക്ഷ. അവിടെ ഇത് തിരിച്ചടിയാവാനാണ് സാധ്യത. അതിലും വലിയ മറുതന്ത്രങ്ങളാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ നടക്കുന്നത്.
മറ്റ് പാർട്ടികളെക്കാൾ വലിയ സാമ്പത്തിക ശക്തിയാണ് ബി.ജെ.പി എന്നത് ശരിയാണ്. മറ്റു പാർട്ടികളെ അവർ സാമ്പത്തികമായി വരിഞ്ഞുമുറക്കുന്നുമുണ്ട്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പക്ഷെ വോട്ടർമാരുടെ കൈയിൽ പണമില്ല. അവരുടെ വയറിന്റെ പ്രശ്നം ബാക്കിയാണ്. അതും വലിയ ഘടകമാണ്. പണമുള്ളത് കൊണ്ട് മാത്രം ബി.ജെ.പിക്ക് ജയിച്ചുകയറാനാവില്ല. ഒടുവിൽ ദരിദ്രർ ജയിക്കുന്നതാണ് ലോകത്തിന്റെ ചരിത്രം.
പൗരത്വവിഷയത്തിൽ കേരളത്തിന്റെത് ഇരട്ടത്താപ്പാണ്. പൗരത്വസമരവുമായി ബന്ധപ്പെട്ട പഴയ കേസുകൾ കേരളം ഇതു വരെ പിൻവലിച്ചില്ല. മറ്റ് സംസ്ഥാനങ്ങളിൽ കേസുകൾ ഒഴിവാക്കിക്കൊടുത്തു. പൗരത്വ നിയമത്തിന് എതിരാണെന്ന് ഇടതുപക്ഷ സർക്കാർ പറയുമ്പോൾ മിനിമം ആനുകൂല്യമെന്ന നിലയിൽ കേസുകൾ പിൻവലിക്കണം. ഇവിടെ പഴയ കേസുകൾ പിൻവലിച്ചില്ലെന്ന് മാത്രമല്ല, പുതിയ കേസുകൾ എടുക്കുകയും സമരക്കാരെ ജയിലിലടക്കുകയും ചെയ്യുന്നു. ഇത് വിരോധാഭാസമാണ്. ഇരട്ടത്താപ്പാണ്. സി.എ.എ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പറയുന്നതിൽ കാര്യമില്ല. അതിനുളള അധികാരം സ്റ്റേറ്റ് ഗവൺമെന്റിനുണ്ടാവില്ല. ആ സത്യം ജനങ്ങളാട് തുറന്നുപറയണം. നിയമപരമായി നമുക്ക് നീങ്ങാമെന്നാണ് പറേയണ്ടത്. സർക്കാർ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പറയണം. ബംഗാളിൽ മമത പറയുന്നതു പോലെ ഇവിടെ ആരും പൗരത്വത്തിന് അപേക്ഷിക്കേണ്ടതില്ലെന്നും അതിന്റെ പേരിൽ ഒന്നും സംഭവിക്കില്ലെന്നും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ സംസ്ഥാന സർക്കാറിനാവണം.
സി.എ.എ പോലുള്ള വിഷയത്തിൽ കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനമുണ്ടെന്ന് ആരോപിച്ച് പാർട്ടിയെ തളർത്തുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണ്. ഇതുപോലുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിന് തലേന്ന് പുറത്തെടുത്തിട്ട് ന്യൂനപക്ഷങ്ങളെ പ്രകോപിതരാക്കി വിഭാഗീയത ഉണ്ടാക്കൽ ബി.ജെ.പിയുടെ തന്ത്രമാണ്. അത് തിരിച്ചറിഞ്ഞ് തന്ത്രത്തിൽ വിഷയം കൈകാര്യം ചെയ്യുകയാണ് കോൺഗ്രസ്. ഈ യുദ്ധമുഖത്ത് അതാണ് ബുദ്ധി. അതേ സമയം അല്ലാത്ത ചില ഘട്ടങ്ങളിൽ നിലപാട് സ്വീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്നതായി ലീഗിനും പരാതിയുണ്ട്. അത് കോൺഗ്രസിനോട് തുറന്നു പറയാറുമുണ്ട്. ഇൻഡ്യ സഖ്യത്തിലും ഞങ്ങളത് തുറന്നു പറഞ്ഞിട്ടുണ്ട്.
ഇടതുമുന്നണിയുടെ പൊന്നാനി പരീക്ഷണം ഇത്തവണയും ഫ്ലോപ് ആവും. ഇത്തവണ പൊന്നാനിയിൽ പ്രതീക്ഷിച്ച ഫൈറ്റ് ഇല്ല. സത്യത്തിൽ കുറച്ചൂടെ നല്ലൊരു ഫൈറ്റ് പ്രതീക്ഷിച്ചിരുന്നു. പല തരം പരീക്ഷണങ്ങൾ ഇടതു മുന്നണി പൊന്നാനിയിൽ നടത്തി നോക്കിയതാണ്. ആവനാഴിയിലെ എല്ലാ അടവുകളും പയറ്റിയതാണ്. ഇനിയൊന്നും അവിടെ ഇടതു പക്ഷത്തിന് പരീക്ഷിക്കാനില്ല.
സമസ്ത-ലീഗ് പ്രശ്നം മാധ്യമങ്ങൾ വെറുടെ ഊതിവീർപ്പിച്ചതാണ്. വലിയ സംഘടനയാവുമ്പോൾ വ്യത്യസ്ത ചർച്ചകളുണ്ടാവും. പക്ഷെ അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല, അതിന്റെ പേരിൽ ഒരു അടിയൊഴുക്കും മലപ്പുറത്തോ പൊന്നാനിയിലോ ഉണ്ടാവാൻ പോവുന്നില്ല. ലീഗിന്റെയും സമസ്തയുടെയും അണികൾ ഒന്നാണ്. അത് കൊണ്ട് സമസ്തക്കും ലീഗിനും രണ്ടാവാൻ പറ്റില്ല.
മുസ്ലിം ലീഗ് സി.പി.എമ്മിനെ കടിച്ചുകീറി വിമർശിക്കാത്തതിന്റെ അർഥം അവരുമായി സഖ്യത്തിലാവാൻ പോവുന്നുവെന്നല്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗ് ഇടതുപക്ഷത്തേക്ക് കൂടുമാറുമെന്ന പ്രചാരണം വെറുതെയാണ്. ഞങ്ങളങ്ങനെ കൂറുമാറുന്ന പാർട്ടിയല്ല.വലിയ സംഭവവികാസങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിലേ അങ്ങനെയൊക്കെ സംഭവിക്കൂ.
പാർലമെന്റ് തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവും എന്ന കാര്യത്തിൽ തർക്കമില്ല. വിലക്കയറ്റവും മാവേലി സ്റ്റോറിൽ നിത്യോപയോഗസാധനങ്ങൾ ഇല്ലാത്തതും റാഗിങ്ങും എല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.