ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ തെക്കൻ കേരളത്തിലെ മാത്രമല്ല, തെന്നിന്ത്യയിലെ തന്നെ ഇസ്ലാമിക പണ്ഡിതരുടെ ആധികാരിക മുന്നേറ്റങ്ങളിലൊന്നാണ്. രൂപവത്കരണത്തിന്റെ 70ാം വാർഷിക വേളയിൽ സംഘടന മുന്നോട്ടുവെക്കുന്ന പ്രമേയവും സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും സംബന്ധിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ‘മാധ്യമ’വുമായി സംസാരിച്ചു. പ്രസക്ത ഭാഗങ്ങൾ:
മുസ്ലിം സമുദായത്തിന്റെ സാമൂഹിക-സാംസ്കാരിക - വിദ്യാഭ്യാസ-ആത്മീയ മേഖലകളിലെ സമഗ്ര പുരോഗതിയും ഇസ്ലാമിക നവോത്ഥാനവും ലക്ഷ്യമിട്ട് പണ്ഡിത ശ്രേഷ്ഠരുടെ മുൻകൈയിൽ 1955ലാണ് തിരു-കൊച്ചി കേന്ദ്രമാക്കി ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പിറവിയെടുത്തത്. അന്നുമുതൽ സമുദായത്തെ ബാധിക്കുന്ന സങ്കീർണമായ പല സാമൂഹിക പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെടാനും പലതിലും ഗുണപരമായ ഫലം കണ്ടെത്താനും സംഘടനക്ക് സാധിച്ചു.
സമുദായം വെല്ലുവിളി നേരിട്ട, അന്തസ്സ് ചോദ്യം ചെയ്യപ്പെട്ട ഘട്ടങ്ങളിലൊക്കെയും പ്രതിരോധിക്കാൻ മുന്നിരയിൽ ദക്ഷിണയുണ്ടായിരുന്നു. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഏക സിവിൽകോഡിന് മുറവിളി ഉയർന്നപ്പോൾ ഡൽഹിയിൽ സമരം ചെയ്ത് അദ്ദേഹത്തെക്കൊണ്ട് ഏക സിവിൽകോഡ് നടപ്പാക്കില്ലെന്ന് പറയിച്ചത് ഒരുദാഹരണം മാത്രം. ശരീഅത്ത് പ്രക്ഷോഭം, പൗരത്വ ഭേദഗതിക്കെതിരിലെ സമരങ്ങൾ, മഅ്ദനി വിഷയം തുടങ്ങി സമുദായം പ്രതിക്കൂട്ടിലായ സമകാലിക പ്രശ്നങ്ങളിലൊക്കെയും ഇടപെട്ടു.
മൂവായിരത്തോളം പ്രാഥമിക മദ്റസകളും ബിരുദ-ബിരുദാനന്തര കോഴ്സുകളുള്ള ആർട്ട്സ് ആൻഡ് സയൻസ് പഠിപ്പിക്കുന്ന 16 സ്ഥാപനങ്ങളും സംഘടനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. അനാഥ പെൺകുട്ടികളെ ദത്തെടുത്ത് വിദ്യാഭ്യാസം പകർന്നുനൽകി വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്കെത്തിക്കുന്നതടക്കം നിരവധി സേവനപ്രവർത്തനങ്ങളും നടത്തുന്നു.
‘ഉറച്ച ആദർശം, ഒരുമയുള്ള ഉമ്മത്ത്’ എന്ന പ്രമേയത്തിലെ കാമ്പയിനടക്കം ഒരുവർഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രമേയത്തിന്റെ തലക്കെട്ടിൽ തന്നെ അതിന്റെ എല്ലാ കാമ്പും ഉൾക്കൊള്ളുന്നുണ്ട്. സമുദായം നേരിടുന്ന ആദർശപരമായ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനൊപ്പം സമുദായത്തിന്റെ മുഴുവനായ ഐക്യവും ഇതര സമുദായങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് നാടിന്റെ സാഹോദര്യവും സമാധാനവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും കാമ്പയിൻ ലക്ഷ്യമിടുന്നു. ടേബിൾ ടോക്കുകളും മറ്റു പ്രവർത്തനങ്ങളും എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നുണ്ട്.
ഞങ്ങളുടെ പ്രസ്ഥാനത്തിന് രാഷ്ട്രീയ ആഭിമുഖ്യമില്ല. എല്ലാ മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികളോടും സമദൂരമാണ് സൂക്ഷിച്ചുപോരുന്നത്. അതേസമയം മുസ്ലിം സമുദായത്തിലെ ഏതെങ്കിലും സംഘടനകളെ ഭീകരവാദികളെന്നും അപകടകാരികളെന്നും ചാപ്പകുത്തി ഒറ്റപ്പെടുത്തുന്ന സമീപനം ആര് നടത്തിയാലും അതംഗീകരിച്ചു കൊടുക്കാനാവില്ല.
ഇന്ത്യയുടെ ഭരണഘടനയെയും നിയമവാഴ്ചയെയും ദേശീയതയെയും അഖണ്ഡതയെയും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനവും മുസ്ലിം സമുദായത്തിൽ കേരളത്തിലോ നമ്മൾ അറിയുന്ന മറ്റു പ്രദേശങ്ങളിലോ ഇല്ല എന്നതാണ് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ നിലപാട്. തങ്ങൾക്ക് ഇഷ്ടമല്ലാത്തവരെയും ഒപ്പം നിൽക്കാത്തവരെയും തീവ്രവാദികളാക്കി ആർ.എസ്.എസിന്റെ സ്വരത്തിൽ സി.പി.എംപോലുള്ള സംഘടനകൾ സംസാരിക്കുന്നത് ശരിയല്ല.
ഇക്കാര്യത്തിലും ‘ദക്ഷിണ’ക്ക് വ്യക്തമായ നിലപാടുണ്ട്. സ്ഥാപിത താൽപര്യങ്ങളുടെ പേരിൽ മുസ്ലിം സമുദായത്തിൽപ്പെട്ട പ്രസ്ഥാനങ്ങളിൽ തീവ്രവാദം ആരോപിക്കുകയും ഫാഷിസത്തിന് വെട്ടാൻ പാകത്തിന് നമ്മുടെ തലപിടിച്ചുകൊടുക്കുകയും ചെയ്യുന്നവരെ മുസ്ലിം സമുദായം ഒന്നടങ്കം മാനസികമായി പടിക്കുപുറത്ത് നിർത്തണം എന്നതാണ് സംഘടനയുടെ അചഞ്ചല നിലപാട്.
അത് പ്രസ്ഥാനം പരസ്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്. തങ്ങൾക്ക് ആഭിമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രീതിയും കൈയടിയും നേടാൻ വേണ്ടി മുസ്ലിം സമുദായ സംഘടനകൾക്കുമേൽ വർഗീയത ആരോപിക്കുകയും തീവ്രവാദികളെന്ന് അധിക്ഷേപിക്കുകയും ചെയ്യുന്ന സമുദായത്തിലെ ചില നേതാക്കളോട് പറയാനുള്ളത്, നിങ്ങൾ ചെയ്യുന്നത് പ്രവാചകന്റെ നിലപാടുകളോടുള്ള അനീതിയാണെന്നാണ്. ദൈവത്തോട് പശ്ചാത്തപിച്ച് മടങ്ങേണ്ട കാര്യവുമാണത്. ഒരു രാഷ്ട്രീയ സംഘടനയോടും വിധേയത്വം ഇല്ലാത്ത ദക്ഷിണ കേരള ജംഇയ്യതുൽ ഉലമക്ക് ഇക്കാര്യം തുറന്നുപറയുന്നതിന് ഒരു മടിയും മറയും ഇല്ല.
മുസ്ലിം സൗഹൃദവേദി കുറച്ചുകാലം നന്നായി പ്രവർത്തിച്ചു. അത്തരമൊരു സംവിധാനം തന്നെയാണ് പ്രമേയം ലക്ഷ്യം വെക്കുന്നതും. ഓരോ സംഘടനക്കും അവരവരുടേതായ ലക്ഷ്യങ്ങളും പ്രവർത്തന ശൈലിയുമുണ്ട്. അതൊക്കെ നിലനിൽക്കേതന്നെ യോജിക്കാവുന്ന മേഖലകളിലൊക്കെ യോജിച്ച് സമുദായത്തിന്റെ പൊതുപ്രശ്നങ്ങളിൽ ഇടപെടുക എന്നതാണ് ഉദ്ദേശിക്കുന്നത്. അപ്പോഴും ഇതരസമുദായങ്ങൾക്ക് ദോഷം വരുത്തുന്നതൊന്നും സംഭവിക്കുകയുമരുത്. മുസ്ലിം സൗഹൃദവേദിക്ക് ഇനിയും പ്രസക്തിയും സാധ്യതയുമുണ്ട്. വർഗീയത ഇല്ലാതാക്കാൻ അത്തരം കൂട്ടായ്മകൾക്ക് കഴിയും. അത്തരം മുന്നേറ്റങ്ങൾ നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യമാണ്.
അക്കാര്യം മനസ്സിലാക്കിത്തന്നെയാണ് പ്രമേയത്തിൽ പ്രഥമ പരിഗണനയായി ‘ഉറച്ച ആദർശം’ എന്ന തലക്കെട്ട് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വ്യക്തിയെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് ആധുനിക ലിബറലിസം. അത് ഒരു തരത്തിലും മുസ്ലിം സമുദായത്തിന് അംഗീകരിക്കാനാവില്ല. ബോധവത്കരണം തന്നെയാണ് അത്തരം ആശയങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം. ‘ദക്ഷിണ’യുടെ മേൽനോട്ടത്തിലുള്ള പള്ളികളിലെ ഖുത്തുബകളിൽ ഇമാമുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കി സമുദായ അംഗങ്ങളെ ബോധവത്കരിക്കും.
തീർച്ചയായും അതാവശ്യമാണ്. കേരളത്തിലെ മദ്റസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നു എന്നും മറ്റും വ്യാപകമായ അസത്യ പ്രചാരണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. പ്രചാരണം കള്ളമാണെന്നറിയുന്ന, അത് തിരുത്താൻ ബാധ്യതയുള്ള അധികൃതർ മൗനമവലംബിക്കുന്നത് അധാർമികതയാണ്. സർക്കാർ ജോലികളിൽ 12 ശതമാനം പ്രാതിനിധ്യം ലഭിക്കേണ്ട മുസ്ലിം സമുദായത്തിന് അതിന്റെ പകുതി പോലും ലഭിച്ചിട്ടില്ല.
അറബിക് സർവകലാശാല വേണമെന്നത് എല്ലാ മുന്നണികളും പ്രകടന പത്രികയിൽ പറഞ്ഞതാണ്, അതുണ്ടായില്ല. അറബിഭാഷയുടെ വികാസം മുസ്ലിംകൾക്ക് മാത്രമല്ല പ്രയോജനപ്പെടുന്നത്. വിദേശത്ത് ജോലിക്കുപോകുന്ന എല്ലാ സമുദായങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും ഗുണം ചെയ്യും. ജാതി-സമുദായ സെൻസസ് നടപ്പാക്കണമെന്ന ആവശ്യത്തിനൊപ്പമാണ് സംഘടന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.