ആനന്ദ് പട്വര്ധന് കഴിഞ്ഞാല്‍ ഇന്ത്യയില്‍ സിനിമയുടെ പൊളിറ്റിക്കല്‍ സെന്‍സര്‍ഷിപ്പിനെതിരെ ശക്തമായ നിയമപോരാട്ടങ്ങള്‍ നടത്തിയ സംവിധായകനാണ് ജയന് ചെറിയാന്. 30 വർഷത്തിനുള്ളിൽ അദ്ദേഹമെടുത്ത മൂന്ന് മലയാള സിനിമകൾ മാത്രം മതി ഈ സംവിധായകനുള്ളിലെ തീയുടെ ചൂടറിയാൻ. ഉപരിപ്ലവമായല്ല മറിച്ച് സിനിമയുടെ ഉള്ളടക്കത്തില്‍ തന്നെ കൃത്യമായ രാഷ്ട്രീയം തീവ്രമായി പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തിന്റെ പാപ്പിലിയോ ബുദ്ധക്കും കാ ബോഡി സ്കേപ്സിനും ചലച്ചിത്രമേളകളിൽ പ്രദർശാനുമതി നിഷേധിക്കപ്പെട്ട ചരിത്രമുണ്ട്. ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ജയൻ ചെറിയാന്റെ 'റിഥം ഓഫ് ദമാം' മത്സരവിഭാഗത്തിലാണ്. തന്റെ ചിത്രത്തെക്കുറിച്ചും സമകാലിക രാഷ്ട്രീയാവസ്ഥയെക്കുറിച്ചും ജയൻ ചെറിയാൻ സംസാരിക്കുന്നു
പോർചുഗീസ് അടിമകളായി ഇന്ത്യയിലെത്തിയ ആഫ്രിക്കൻ വംശജരാണ് സിദ്ദികൾ. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലും അവർ അടിമകളായി തുടരുകയാണ്. ഇവരെക്കുറിച്ച് കൃത്യമായ രേഖകൾ എങ്ങുമില്ല. അങ്ങനെയാണ് ചരിത്രം തിരസ്കരിച്ചവരെ തേടിയിറങ്ങിയത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ബ്രാഹ്മണ അടിമത്തത്തിന്റെ ഇരകളായി വിവേചനം നേരിടേണ്ടിവരുന്ന ഉത്തര കന്നഡയിലെ സിദ്ദി ഗോത്രക്കാരുടെ പാരമ്പര്യവും ജീവിതവും സംസ്കാരവും പഠിക്കാൻ അവർക്കൊപ്പം ജീവിച്ചു. ഇന്ന് കൊങ്കൺ മേഖലയിൽ കാണുന്ന കവുങ്ങ് തോട്ടങ്ങളും കരിമ്പ് പാടങ്ങളുമൊക്കെ അവരുടെ ചോരയും വിയർപ്പും കൊണ്ടുണ്ടായതാണ്.
ആ ജനതയുടെ കായികക്ഷമതയെ ചൂഷണം ചെയ്യുക മാത്രമല്ല ഉണ്ടായത്. സംസ്കാരവും കലയും ഉൾപ്പെടെ കവർന്നെടുത്ത സാംസ്കാരിക വംശഹത്യയാണ് രാജ്യത്ത് നടന്നത്. ലിപിയില്ലാത്ത സിദ്ദി ഭാഷയിലെ ആദ്യ ചിത്രമെടുക്കാൻ 10 വർഷമാണ് വേണ്ടിവന്നത്. അഭിനേതാക്കളെല്ലാം സിദ്ദി ഗോത്രത്തിൽപെട്ടവരാണ്.
സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ടുപോയവരുടെ ശബ്ദം ഉറക്കെ കേൾപ്പിക്കാനുള്ള ശ്രമമാണ് എന്റെ സിനിമകൾ. ജാതി സ്വത്വത്തെ കുറിച്ചുള്ള അന്വേഷണമായിരുന്നു പാപ്പിലിയോ ബുദ്ധ. നമ്മളെത്ര നവോത്ഥാനത്തെക്കുറിച്ച് പ്രസംഗിച്ചാലും അതിന്റെ പേരിൽ മതിലുകെട്ടിയാലും ജാതി അസമത്വം ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ആദിവാസി യുവാവിനെ കാറിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയത് കണ്ടില്ലേ. കേരളത്തിലെ മധ്യവർഗം തല്ലിക്കൊന്ന മധുവിനെപ്പോലെ, അതിനെക്കാളും ദുരിതരായ മനുഷ്യർ ഇപ്പോഴും അട്ടപ്പാടിയിലുണ്ട്. ജാതി എന്നത് നമ്മുടെ സമൂഹത്തിൽ ആഴത്തിലിറങ്ങിയ വേരാണ്.
അത് പടർന്നുപന്തലിച്ചുകൊണ്ടേയിരിക്കുന്നു. 1939ൽ ഡോ. അംബേദ്കർ നിരീക്ഷിച്ച കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അത്തരം അനീതികൾക്കെതിരെ ശബ്ദം ഉയർത്തുമ്പോഴാണ് അംബേദ്കറെ പോലും പരിഹസിക്കാൻ ഭരണാധികാരികൾക്ക് തോന്നുന്നത്.
അട്ടപ്പാടിയിലടക്കം ദലിതരുടെ ഭൂമി ഭൂമാഫിയ കൈയേറുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും സർക്കാറിന്റെ ഭാഗത്ത് നിഷ്ക്രിയത്വം തുടരുകയാണെന്ന ആരോപണം ശക്തമാണ്. സർക്കാറെന്ന് പറയുന്നത് രാഷ്ട്രീയക്കാരാണ്. രാഷ്ട്രീയക്കാർക്ക് വേണ്ടത് വോട്ടുകളാണ്. വോട്ടുബാങ്കുകൾ സംരക്ഷിച്ച് മാത്രമേ സർക്കാർ മുന്നോട്ടുപോകൂ. മധ്യവർഗമാണ് ഇന്ന് കേരളം ഭരിക്കുന്നത്. അവരുടെ താൽപര്യങ്ങൾ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്.
ദലിത് സമൂഹത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്ക് ഇപ്പോൾ തന്നെ നിരവധി സംഘടനകളുണ്ട്. അതാണ് ശാപവും. ദലിത് ആദിവാസി സമൂഹം ഒറ്റക്കെട്ടായിനിന്ന് വോട്ടുബാങ്ക് സൃഷ്ടിച്ചാൽ മാത്രമേ ഈ സമൂഹം രക്ഷപ്പെടൂ. എസ്.എൻ.ഡി.പിയുടെ വോട്ടുബാങ്കിനെ സ്വാധീനിക്കാൻ വെള്ളാപ്പള്ളി നടേശനും നായർ വോട്ടുകളെ സ്വാധീനിക്കാൻ സുകുമാരൻ നായർക്കും കഴിയുമെന്ന രാഷ്ട്രീയ പാർട്ടികളുടെ ചിന്തയാണ് അവരെ വലിയവരാക്കുന്നത്.
ക്രിസ്ത്യൻ മതമേലധ്യക്ഷർ മാത്രം വിചാരിച്ചാൽ മതി പല നിയോജക മണ്ഡലങ്ങളിലും ജനവിധി മാറിമറിഞ്ഞെന്നിരിക്കും. എന്നാൽ, ദലിതരിൽ ആരെയാണ് അത്തരത്തിൽ ഉയർത്തിക്കാണിക്കാൻ ഇന്ന് കഴിയുന്നത്. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും ചായസൽക്കാരങ്ങളിൽ പൗരപ്രമുഖരും മതമേലധ്യക്ഷരും ഇടംപിടിക്കുമ്പോൾ എന്തുകൊണ്ടാണ് ആദിവാസി-ദലിത് സമൂഹത്തിലുള്ളവർക്ക് കസേര ലഭിക്കാത്തത്?
വോട്ടുകൊണ്ട് പ്രയോജനമുള്ളവരെ തൃപ്തിപ്പെടുത്താനേ ഏത് ഭരണകൂടവും ശ്രമിക്കൂ. ആദിവാസികളെ സംഘടിക്കാൻ അനുവദിക്കാത്തതിന് പിന്നിലും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുണ്ട്. പ്രത്യേകിച്ച്, ഇടതുപക്ഷ പാർട്ടികൾ. ആദിവാസികളുടെയും ദലിതരുടെയും രക്ഷകരായാണല്ലോ അവർ ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ, പോളിറ്റ് ബ്യൂറോയിലോ ജില്ല കമ്മിറ്റികളിലോ എത്ര ദലിതരുണ്ടെന്ന് ചോദിച്ചാലോ.
പക്ഷേ, അതിലൊന്നിലും ആർക്കും പരാതിയില്ല. കാരണം ഈ സമൂഹത്തിന്റെ വോട്ട് ചോദിക്കാതെ തന്നെ തങ്ങൾക്ക് തന്നെ കിട്ടുമെന്ന് ഇടുപക്ഷത്തിനറിയാം. അതിനാൽ അവിടെ സമ്മർദത്തിന്റെയോ വിലപേശലിന്റെയോ ആവശ്യം വരുന്നില്ല. പക്ഷേ, മറ്റ് സമുദായങ്ങളുടെ വോട്ടുകൾ അങ്ങനെയല്ല. മാറിക്കൊണ്ടേയിരിക്കും. അതുകൊണ്ട് അവരുടെ വിലപേശലുകൾക്കും പ്രശ്നങ്ങൾക്കും സർക്കാർ അടിയന്തര പ്രാധാന്യം നൽകും.
30 വർഷത്തിനിടയിൽ ആദിവാസി ദലിത് സമൂഹത്തിന്റെ ഉന്നമനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ച തുകയുടെ പകുതിയെങ്കിലും അർഹരുടെ കൈകളിലേക്ക് നേരിട്ട് എത്തിച്ചിരുന്നെങ്കിൽ ഭൂമിക്കും കടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഒരു ദലിതനും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യേണ്ടിവരുമായിരുന്നില്ല.
സർക്കാർ ആനുകൂല്യങ്ങൾ ഇടനിലക്കാരായിനിന്ന് മറ്റുള്ളവർ തട്ടിയെടുക്കുകയാണ്. അത്തരം കുറ്റവാളികൾക്കെതിരെ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത്? കോർപറേഷനിലെ പട്ടികജാതി-വർഗ ഫണ്ട് തട്ടിപ്പിലെ അന്വേഷണത്തിന് എന്തുസംഭവിച്ചുവെന്ന് പരിശോധിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.