തിരുവനന്തപുരം: തുർക്കിയ, സിറിയ മേഖലയിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി കേരളം പത്ത് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് ചർച്ചയുടെ മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കേന്ദ്ര സർക്കാർ വഴി മാത്രമേ തുക കൈമാറാനാകൂ. എന്നാലും തങ്ങളാലാകുന്ന സമാശ്വാസമെന്ന നിലയിലാണ് തുക അനുവദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗൻവാടി ജീവനക്കാർ, ആശവർക്കർ, പ്രീ പ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ, സാക്ഷരത പ്രവർത്തകർ എന്നിവരുടെ വേതന പ്രശ്നത്തിന് ഈ വർഷം പരിഹാരം കാണും. ഇത് വെറും പറച്ചിലല്ലെന്നും നടപ്പാക്കാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപ്പാക്കുന്ന ഓപറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കായി പത്ത് കോടിയും അരൂർ പട്ടണത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അഞ്ച് കോടിയും വകയിരുത്തി. ടൂറിസം ഇടനാഴിയിൽ അരുവിക്കര, ബോണക്കാട്, നെയ്യാർഡാം, പൊന്മുടി, വർക്കല, പരവൂർ എന്നീ സ്ഥലങ്ങളെയും ഉൾപ്പെടുത്തി. എം.എൽ.എമാരുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് ഗ്രാമവണ്ടി പദ്ധതിക്ക് തുക അനുവദിക്കാമെന്നും അദ്ദേഹം അറിയിച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ
• പഞ്ചായത്തുതല സ്പോർട്സ് കൗൺസിൽ വിപുലീകരണ പദ്ധതിയിൽ സ്കൂളുകളിലെ കായിക പരിശീലനത്തിന് മൂന്ന് കോടി രൂപ
• കോഴിക്കോട് വിമാനത്താവള റോഡ് വികസിപ്പിക്കാൻ നടപടി
• അഷ്ടമുടിക്കായൽ ശുചീകരണത്തിന് അഞ്ച് കോടി
• കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് കേന്ദ്രത്തിന് ഒരു കോടി
• മലപ്പുറത്തെ മൂടാൽ ബൈപാസിന് അഞ്ച് കോടി
• മട്ടന്നൂർ അന്താരാഷ്ട്ര യോഗ പരിശീലന കേന്ദ്രം പൂർത്തിയാക്കാൻ നടപടി
• മലപ്പുറം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പൂർത്തിയാക്കും
• പട്ടയമിഷന് രണ്ട് കോടി
• കേരള ബാർ കൗൺസിൽ സ്ഥാപിക്കുന്ന കേരള ലോയേഴ്സ് അക്കാദമിക്ക് ഒരു കോടി
• നിലമ്പൂർ ബൈപാസിന് അനുവദിച്ച തുക സ്ഥലമേറ്റെടുക്കലിന് ഉപയോഗിക്കാം
• കരമന-കളിയിക്കാവിള റോഡ് വികസനം അതിവേഗം പൂർത്തിയാക്കും
• മാജിക് പ്ലാനെറ്റിലെ ഭിന്നശേഷിക്കാരുടെ കലാമേളയായ സമ്മോഹനത്തിന് 20 ലക്ഷം രൂപ
• പാലക്കാട്ടെ കനാൽ നവീകരണ പരിപാടിയിൽ വാളയാർ ഡാം പരിസരവും ഉൾപ്പെടുത്തും
• എറണാകുളം സീപോർട്ട്-എയർപോർട്ട് റോഡ് നവീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.