കോഴിക്കോട്: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് കീഴിലെ ട്രെയ്നിങ് സെന്ററിനനുവദിച്ച തുക സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തിൽ മൂന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സർക്കാർ പണം കൈകാര്യംചെയ്യുന്നതിൽ ഗുരുതര ക്രമക്കേട് നടത്തിയ അക്കൗണ്ട്സ് ഓഫിസർ സുഷമ കുമാരി, ജൂനിയർ സൂപ്രണ്ട് എസ്. സുനിത, സീനിയർ ക്ലർക്ക് എസ്. റോയ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സർക്കാർ പണം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര ക്രിമിനൽ കുറ്റകൃത്യം നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തുന്നതെന്ന് കാണിച്ച് അഡീഷനൽ സെക്രട്ടറി ഉത്തരവിറക്കി. തസ്തികയിൽ തുടരുന്നത് അന്വേഷണ നടപടികളെ ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.
കാർഷിക വികസന കർഷക ക്ഷേമവകുപ്പിന് കീഴിലെ ട്രെയിനിങ് സെന്ററായ സമേതിയുടെ പരിശീലന പരിപാടിക്ക് 2018ൽ അനുവദിച്ച 10 ലക്ഷം രൂപ അക്കൗണ്ട് നമ്പറിലും ബാങ്കിലെ ഐ.എഫ്.എസ്.സി കോഡിലും മാറ്റം വരുത്തി സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് 2020ൽ മാറ്റിനൽകി എന്നാണ് കണ്ടെത്തൽ.
സമേതി ഡയറക്ടറുടെ അക്കൗണ്ട് നമ്പറിലും ബാങ്കിന്റെ ഐ.എഫ്.എസ്.സി കോഡിലും മാറ്റംവരുത്തി സർക്കാർ പ്ലാൻ ഫണ്ട് തുകയായ 10 ലക്ഷം രൂപ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള മാറ്റങ്ങൾ വരുത്തിയത് കൃഷിവകുപ്പ് ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് വിഭാഗം ബി.ഐ.എം.എസ് സോഫ്റ്റ്വെയറിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.
സർക്കാർ പണം കൈകാര്യംചെയ്യുന്നതിൽ ക്രിമിനൽ കുറ്റകൃത്യം നടന്നതായി കാണിച്ച് അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളണമെന്നും കൃഷിവകുപ്പ് ഡയറക്ടർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.