നൂറു കോടി കോഴ: കലങ്ങിത്തെളിയാനേറെ

ആലപ്പുഴ: നൂറു കോടി രൂപ വാഗ്ദാനം ചെയ്ത്​ അജിത്​ പവാറിനുവേണ്ടി എം.എൽ.എമാരെ വിലയ്ക്ക്​ എടുക്കാൻ തോമസ്​ കെ. തോമസ്​ എം.എൽ.എ ശ്രമിച്ചെന്ന ആരോപണത്തിൽ കലങ്ങിത്തെളിയാനുള്ളത്​ ഏറെ കാര്യങ്ങൾ.

ഇപ്പോഴത്തെ സർക്കാർ രണ്ടരവർഷം പിന്നിട്ടപ്പോൾതന്നെ മന്ത്രിയാകാൻ തോമസ്​ കെ. തോമസ്​ അവകാശവാദമുന്നയിച്ചിരുന്നു. എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു അന്ന്​ തോമസ്​ കെ. തോമസ്​. ഇരുവരും ആലപ്പുഴയിൽ ജില്ലാ പ്രസിഡന്‍റുമാരെ നിയമിച്ചത്​ വിവാദമായിരുന്നു. പ്രഫുൽ പട്ടേൽ ഇടപെട്ടാണ്​ തോമസിനെ അനുനയിപ്പിച്ചത്​. തുടർന്നും ചാക്കോയുമായി ഇടഞ്ഞുതന്നെയാണ്​ തോമസ്​​ നിലകൊണ്ടത്​. ചാക്കോ ആലപ്പുഴയിൽ പ​ങ്കെടുക്കുന്ന യോഗങ്ങളിൽ പാർട്ടിയുടെ ഇവിടുത്തെ ഏക എം.എൽ.എ പ​ങ്കെടുക്കുമായിരുന്നില്ല.

എൻ.സി.പി പിളർന്നപ്പോൾ പ്രഫുൽ പട്ടേൽ അജിത്​ പവാറിനൊപ്പം ബി.ജെ.പി ചേരിയിലേക്ക്​ പോയെങ്കിലും തോമസ്​ എൽ.ഡി.എഫിനൊപ്പം നിൽക്കുകയായിരുന്നു. ചാക്കോയുമായുള്ള പോരിന്​ പൊടുന്നനെ വിരാമമിട്ട്​ മൂന്നുമാസം മുമ്പ്​ ഇരുവരും ഒരുമിച്ചത്​ എല്ലാവരെയും അദ്​ഭുതപ്പെടുത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കവുമായി ചാക്കോ രംഗത്തെത്തിയത്​. തോമസിന്‍റെ ചില നീക്കങ്ങൾ പാർട്ടിക്ക്​ സംസ്ഥാനത്ത്​ വലിയ തിരിച്ചടിയാകുമെന്ന്​ വന്നതോടെ അദ്ദേഹവുമായി ഒത്തുപോകാൻ ചാക്കോ നിർബന്ധിതനാകുകയായിരുന്നുവെന്ന്​​ പറയപ്പെട്ടിരുന്നു.

മന്ത്രിയെ മാറ്റാൻ ചാക്കോ നടത്തിയ നീക്കങ്ങൾക്ക്​ തടയിടാനാണ്​ കോഴ ആരോപണം ആന്‍റണി രാജു ഉയർത്തിയതെന്നാണ്​ തോമസ്​ പറയുന്നത്​. എൻ.സി.പിയുടെ മന്ത്രിമാറ്റം തടയാൻ എൽ.ഡി.എഫിലെ ഘടകകക്ഷി ഗൂഢനീക്കം നടത്തിയെന്ന ഗുരുതര ആരോപണമാണ്​ അദ്ദേഹം ഉന്നയിക്കുന്നത്​. എൽ.ഡി.എഫിൽ എൻ.സി.പിയുടെ സീറ്റാണ്​ കുട്ടനാട്​. അത്​ കൈയടക്കാൻ ഘടക കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ്​ ശ്രമിക്കുന്നുവെന്നും തോമസ്​ ആരോപിക്കുന്നു. ഇതോടെ എൽ.ഡി.എഫിൽ ഘടക കക്ഷികൾ തമ്മിലെ പോരും വെളിച്ചത്താവുന്നു. മന്ത്രിയെ നിശ്ചയിക്കുന്നത്​ അതത്​ ഘടകകക്ഷികളാണ്​ എന്നതാണ്​ എൽ.ഡി.എഫിലെ കീഴ്​വഴക്കം. എൻ.സി.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടും മന്ത്രിമാറ്റത്തിന്​ മുഖ്യമന്ത്രി തയാറാവാത്തത്​ എന്തുകൊണ്ട്​ എന്നതും വ്യക്തമാകേണ്ടതുണ്ട്​.

Tags:    
News Summary - 100 Crore Bribery: A lot of confusion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.