തിരുവനന്തപുരം: ശമ്പള പ്രതിസന്ധി മറികടക്കാൻ അടിയന്തര സാമ്പത്തിക സഹായം നൽകി 108 ആംബുലൻസ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കാൻ നടന്ന ചർച്ച പരാജയം. ഇതിനിടെ സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം വിതരണം ചെയ്തു. ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനി നടപടികൾക്കെതിരെ സമരം തുടരാൻ സി.ഐ.ടി.യു തീരുമാനിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് സി.ഐ.ടി.യു പ്രതിനിധികളും കമ്പനി ഓപറേഷൻസ് മേധാവി ശരവണനും തമ്മിൽ നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടായില്ല. സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം എന്ന നിലപാട് സി.ഐ.ടി.യു നേരത്തെതന്നെ എതിർത്തിരുന്നു. ഒക്ടോബർ പിന്നിട്ടിട്ടും സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം എന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ജീവനക്കാർ അറിയിച്ചു.
അതേസമയം മുൻ നിശ്ചയപ്രകാരം സെപ്റ്റംബറിലെ പകുതി ശമ്പളം ശനിയാഴ്ച ജീവനക്കാർക്ക് നൽകി. കേരള മെഡിക്കൽ സർവിസസ് കോർപറേഷനിൽ നിന്ന് തുക ലഭിക്കുന്ന അടിസ്ഥാനത്തിൽ സെപ്റ്റംബറിലെ ബാക്കി ശമ്പളം വിതരണം ചെയ്യുമെന്ന് സ്വകാര്യ കമ്പനി അധികൃതർ വ്യക്തമാക്കി. എന്നാൽ ഒക്ടോബറിലെ ശമ്പള വിതരണം സംബന്ധിച്ച വ്യക്തത അധികൃതർ നൽകിയിട്ടില്ല. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്.
ശമ്പളം മുടങ്ങിയതോടെ 108 ആംബുലൻസ് ജീവനക്കാർ സർവിസ് നിർത്തി സംസ്ഥാന വ്യാപകമായി പണിമുടക്കുകയാണ്. പ്രതിഷേധസൂചകമായി വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ സമരവും സംഘടിപ്പിച്ചു. വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകിയതോടെയാണ് നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ സർവിസസ് കോർപറേഷൻ അടിയന്തര ഇടപെടലുമായി മുന്നോട്ടുവന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച യൂനിയൻ നേതാക്കളുമായി ചർച്ച നടത്തിയത്. ചർച്ച പരാജയപ്പെട്ടതോടെ സമരം തുടരാനാണ് ഒരു വിഭാഗം ജീവനക്കാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.