പാലക്കാട്: പതഞ്ജലി ഗ്രൂപ്പിന്റെ തെറ്റിദ്ധാരണജനകമായ ഔഷധപരസ്യങ്ങൾക്കെതിരെ രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 11 കേസുകൾ. ഇതിൽ 10 കേസുകളും കേരളത്തിലെ വിവിധ ജില്ലകളിലെ ഡ്രഗ്സ് വിഭാഗമാണ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട്-നാല്, പാലക്കാട്-മൂന്ന്, എറണാകുളം-രണ്ട്, തിരുവനന്തപുരം-ഒന്ന് വീതം കേസുകളാണ് വിവിധ കോടതികളിലെത്തിയത്. കൂടാതെ, ജനകീയാരോഗ്യപ്രവർത്തകൻ ഡോ. കെ.വി. ബാബു പ്രധാനമന്ത്രിയുടെ ഓഫിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിദ്വാർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബ്ൾ അഡ്വൈർടൈസ്മെന്റ്) ആക്ട് 1954 സെക്ഷൻ 3(ഡി) പ്രകാരം ചട്ടത്തിലുൾപ്പെടുത്തിയ രോഗങ്ങൾക്ക് മരുന്ന് നിർദേശിച്ചും ഫലസിദ്ധി വാഗ്ദാനംചെയ്തും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങൾക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചതിനാണ് പതഞ്ജലി ഗ്രൂപ്പിന്റെ നിർമാണ യൂനിറ്റായ ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബ രാംദേവ്, ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണൻ എന്നിവരെ പ്രതികളാക്കി കേസെടുത്തത്.
തെളിയിക്കപ്പെട്ടാൽ ആറു മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. രാംദേവും ബാലകൃഷ്ണയും ഇതുവരെ ഹാജരായിട്ടില്ലെങ്കിലും വിവിധ കോടതികളിൽ വിചാരണ നേരിടേണ്ടിവരും. എറണാകുളം ജില്ലയിൽ ഫയൽചെയ്ത രണ്ടു കേസുകളിലൊന്നിൽ 2025 ജനുവരി 30നും മറ്റൊന്നിൽ 2025 ഫെബ്രുവരി 17നും പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ഫയൽചെയ്ത കേസ് ഈ മാസം 21ന് പരിഗണിക്കും.
2023 ഒക്ടോബർ മുതലാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശത്തിൽ പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടി തുടങ്ങിയത്. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ കെ. സുജിത് കുമാറിന്റെ നിർദേശപ്രകാരം കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം. വർഗീസ് രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി-നാലിൽ പ്രോസിക്യൂഷൻ നടപടികൾക്കായി ആദ്യമായി കേസ് ഫയൽചെയ്തത്.
നിരോധിക്കപ്പെട്ട പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിലൂടെ ചട്ടം ലംഘിച്ചതിന് ദിവ്യ ഫാർമസിക്കെതിരെ സംസ്ഥാന ഡ്രഗ്സ് വിഭാഗം ഇതുവരെ 29 പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ (എഫ്.ഐ.ആർ) സമർപ്പിച്ചിട്ടുണ്ട്. ഇവയോരോന്നായി കോടതിയിൽ എത്തുന്നുണ്ട്. ഡോ. കെ.വി. ബാബു തന്നെയാണ് സംസ്ഥാന ഡ്രഗ്സ് വിഭാഗത്തിലും പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.