കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മധുര മലയാളം ഉള്ളിടത്തോളം എം.ടിയുടെ ഓർമകളും നിലനിൽക്കുമെന്ന് സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
വേർപെട്ട് പോകുന്നെങ്കിലും താങ്കളുടെ സ്മരണകൾ മായാതെ മറയാതെ ഇവിടെയുണ്ടാകും. അങ്ങ് കുറിച്ചിട്ട വരികളത്രയും ഇന്നും ജീവൻ തുടിക്കുന്നുണ്ടെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
പ്രിയപ്പെട്ട എം.ടി,
കഥയും കഥാപശ്ചാത്തലങ്ങളും കഥാപാത്രങ്ങളെയും ബാക്കിയാക്കി മടങ്ങുകയാണോ. വേർപെട്ട് പോകുന്നെങ്കിലും താങ്കളുടെ സ്മരണകൾ മായാതെ മറയാതെ ഇവിടെയുണ്ടാകും. അങ്ങ് കുറിച്ചിട്ട വരികളത്രയും ഇന്നും ജീവൻ തുടിക്കുന്നുണ്ട്. അതിൽ മനുഷ്യാനുഭവങ്ങൾ മുഴുവനുണ്ട്. എല്ലാത്തരം മനുഷ്യരുടെയും ജീവിതവുമുണ്ട്. അതുകൊണ്ട് തന്നെ മധുര മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഓർമകളും നിലനിൽക്കും.
എം.ടി, നിങ്ങളെ വായിച്ചത് പോലെ തന്നെ സാമീപ്യവും ആസ്വദിക്കാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നു. ‘ചന്ദ്രിക’ നവതി ആഘോഷത്തിന്റെ ഭാഗമായാണ് അവസാനം കണ്ടത്. ദീർഘനേരം സംസാരിച്ചു. ഉള്ളിലന്നും എഴുതാതെ വെച്ചത് ബാക്കിയുണ്ടെന്ന് തോന്നിയിരുന്നു. ബാക്കിയുണ്ടായിരുന്ന കഥകളുടെ കെട്ടഴിക്കാതെയുള്ള മടക്കം വേദനാജനകം തന്നെയാണ്. ദൈവം നിശ്ചയിച്ച അനിവാര്യമായ യാത്രയാണല്ലോ. ശാന്തിയോടെ മടങ്ങുക. ആദരാഞ്ജലികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.