വൈപ്പിൻ: മുനമ്പത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകലും ആക്രമിക്കലും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തലും അന്വേഷിച്ച പൊലീസിന് മുന്നിൽ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ക്ലൈമാക്സ്. നാലംഗ സംഘം 17കാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയാണ് വ്യാജമെന്ന് കണ്ടെത്തിയത്. പിണങ്ങിപ്പോയ കാമുകനെ തിരികെ കൊണ്ടുവരുന്നതിന് സമൂഹ മാധ്യമത്തിൽ കൃത്രിമ അക്കൗണ്ട് സൃഷ്ടിച്ച് പെൺകുട്ടി തന്നെയാണ് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി പരാതി നൽകി പൊലീസിനെ വട്ടംചുറ്റിച്ചത്.
സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിന്‍റെ നേതൃത്വത്തിൽ നാലംഗ സംഘം വായമൂടിക്കെട്ടി നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും അവിടെ വെച്ച് കരണത്തടിച്ചെന്നും പൊലീസിനോട് പറഞ്ഞു. ഇൻസ്റ്റയിലെ സുഹൃത്ത് ബലമായി ഇഷ്ടമാണെന്ന് പറയിപ്പിച്ച് മൊബൈലിൽ ഷൂട്ട് ചെയ്ത് കാമുകന് അയപ്പിച്ചതായും പരാതിപ്പെട്ടു. ഇയാൾ മുഖം മൂടി ധരിച്ച് വീട്ടിൽ വന്ന് പെൺകുട്ടിയെ കത്തികൊണ്ട് ആക്രമിച്ചതായും ഒച്ചയെടുത്തതിനെ തുടർന്ന് നായ് ഓടിച്ചപ്പോൾ മതിൽ ചാടി രക്ഷപ്പെട്ടുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തുടർന്ന് ആശുപത്രിയിലുമായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വീട്ടിലും പരിസരത്തും അന്വേഷണം നടത്തി.
ഒരാൾക്ക് അത്രയെളുപ്പത്തിൽ മതിൽ ചാടിക്കടക്കാൻ കഴിയില്ലെന്ന് പ്രാഥമികമായി പൊലീസ് വിലയിരുത്തി. പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് പൊലീസിനെതിരെ പ്രക്ഷോഭവുമുണ്ടായി. ഇൻസ്റ്റ സുഹൃത്തിനെ തേടിയ പൊലീസ് ഒടുവിലെത്തിയത് ഈ പെൺകുട്ടിയിലേക്ക് തന്നെയായിരുന്നു. അവർ സൃഷ്ടിച്ച അക്കൗണ്ടായിരുന്നു ഇത്. തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും ആക്രമണവും സ്വയമുണ്ടാക്കിയ കഥ. കത്തികൊണ്ട് മുറിവേൽപിച്ചതും സ്വന്തമായി തന്നെ. പിണങ്ങിപ്പോയ കാമുകനെ തിരിച്ചു കൊണ്ടുവരാനുള്ള പെൺകുട്ടിയുടെ ശ്രമമായിരുന്നു ഇതൊക്കെയെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.