കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുസ് ലിം ലീഗ് നേതാവും രാജ്യസഭ എം.പിയുമായ അബ്ദുസമദ് സമദാനി. ലോകത്തെ ശൂന്യമാക്കി കൊണ്ട് എം.ടി വിട പറഞ്ഞിരിക്കുന്നുവെന്ന് സമദാനി പറഞ്ഞു.
മഹാമേരു പോലെനിന്ന അപൂർവ മനുഷ്യൻ, കലാതിവർത്തി. സന്യാസിയെ പോലെയാണ് ചിലപ്പോൾ പെരുമാറിയിരുന്നത്. അദ്ദേഹത്തോട് മറുത്ത് എന്തെങ്കിലും പറഞ്ഞാൽ ചെറുചിരിയായിരിക്കും പ്രതികരണം. പക്ഷേ ഉള്ളിൽ വികാരങ്ങളുടെ കടൽ കൊണ്ടു നടന്നു.
മാനുഷികമായ കാഴ്ചപ്പാട്, ഇന്ത്യയെ കുറിച്ച് നമുക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞുവച്ച ശേഷമാണ് എം.ടി പോകുന്നതെന്നും സമദാനി വ്യക്തമാക്കി.
അപൂർവ്വത്തിൽ അപൂർവ്വമായി നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി വാസുദേവൻ നായർ. മാനവികതയുടെ പാഠപുസ്തകങ്ങളായിത്തീർന്ന അദ്ദേഹത്തിൻ്റെ രചനകൾ മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും സ്നേഹവും താപവും പകർന്നുനൽകി. സ്വത്വാ വിഷ്കാരത്തിൻ്റെ രാജശില്പിയായി എഴുത്തിൽ അദ്ദേഹം വിസ്മയം തീർത്തു. എം.ടി എന്നത് മലയാളത്തിനും മലയാളികൾക്കും മഹിതമായൊരു അനുഭവവും ഗൃഹാതുരമായൊരു അനുഭൂതിയുമാണ്.
ദേശീയ മഹാകവി രവീന്ദ്രനാഥ ടാഗോറിനെ 'ഇൻഡ്യയുടെ മഹാനായ കാവൽക്കാരൻ' എന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിക്കുകയുണ്ടായത്. നമ്മുടെ ഭാഷയുടെയും സാഹിത്യത്തിന്റെയും ഏറ്റവും വലിയ കാവൽക്കാരനായിരുന്നു എം.ടി. അതോടൊപ്പം ഇന്ത്യയുടെ ആഴവും പരപ്പുമുൾക്കൊണ്ട ആ പ്രതിഭ ദേശാന്തരങ്ങളിൽ ദേശത്തിന്റെയും അതിൻ്റെ ദേശീയതയുടെയും മഹിമ പരത്തുകയും ചെയ്തു.
രാജ്യത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രശസ്ത എഴുത്തുകാരെ കൊണ്ടുവന്ന് തുഞ്ചൻ മഠത്തിലെ സാഹിത്യ ഉത്സവത്തിൽ പങ്കെടുപ്പിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്ത എം.ടി ഭാരതീയ സാഹിത്യത്തിന്റെ സമഗ്രതയെയും സാകല്യത്തെയും മലയാളത്തിലേക്ക് കൊണ്ടുവരാനും ഭാഗ്യമുണ്ടായ എഴുത്തുകാരനാണ്. എത്രയോ ഹിന്ദി, ഉർദു എഴുത്തുകാർ എം.ടിയുടെ ക്ഷണപ്രകാരം തിരൂരിലെത്തി. ഭീഷ്മ സാഹ്നി, മജ്റൂഹ് സുൽത്താൻപുരി, അലി സർദാർ ജാഫ്രി, ഗുൽസാർ തുടങ്ങിയ എത്രയോ പേർ. അവർക്കെല്ലാം എം.ടി ആത്മമിത്രവുമായിരുന്നു. എം.ടി ഇല്ലായിരുന്നുവെങ്കിൽ അവരൊന്നും കേരളം കണികാണുകമായിരുന്നില്ല. എം.ടിക്ക് ശേഷം ഇനിയങ്ങനെയൊരു മഹത്തായ സാംസ്കാരികാനുഭവം അചിന്ത്യമാണ്.
തീവ്രമായ സ്വത്വബോധവും മാനുഷിക വികാരങ്ങളുടെ പ്രക്ഷുബ്ധതയും ഉള്ളിൽ കൊണ്ടുനടക്കുമ്പോഴും കഥാപാത്രങ്ങളിലേക്ക് പകർന്നു കൊടുക്കുമ്പോഴുമെല്ലാം എം.ടി ഒരു വൈരാഗിയെ പോലെ നിസ്സംഗനായിരുന്നു. ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ നിസ്സംഗമായ ഒരു ചെറുപുഞ്ചിരി മാത്രം പ്രകടിപ്പിച്ച അദ്ദേഹം അക്കാര്യത്തിലും സംസ്കാരത്തിന്റെയും സ്വഭാവവിശേഷത്തിന്റെയും ഉന്നത നിലവാരമാണ് കാത്തുസൂക്ഷിച്ചത്.
എം.ടിയുമായി സാമിപ്യ സമ്പർക്കത്തിന് ഭാഗ്യമുണ്ടായതിലും അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പത്തിനും സ്നേഹത്തിനും പത്രീഭൂതനാകാൻ സാധിച്ചതിലും അഭിമാനിക്കുന്നു. എം.ടിയുടെ അഗാധ ഹൃദയത്തിൽ നേടിയ ഇടത്തിലുള്ള കൃതാർത്ഥതയും ഒരു സായൂജ്യം പോലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.