വാസു എം.ടിയാകുന്നു

മൂന്ന് ആൺകുട്ടികൾക്കു ജന്മം നൽകിയ കൂടല്ലൂർ മാടത്ത് തെക്കേപ്പാട്ടെ അമ്മാളു അമ്മ വീണ്ടും ഗർഭിണിയായപ്പോൾ പെൺകുഞ്ഞിനെ കൊതിച്ചു. എന്നാൽ, ആരോഗ്യം മോശമായതിനാൽ ഇനിയൊരു പ്രസവം അമ്മാളുവിന് അപകടമാണെന്നായിരുന്നു വൈദ്യന്മാർ പറഞ്ഞത്. ഗർഭമലസിപ്പിക്കാൻ തീക്ഷ്ണമായ മരുന്നുകളും അവർ നിർദേശിച്ചു. എന്നാൽ ഗർഭസ്ഥശിശു മരിച്ചില്ല. അതോടെ, മരുന്നിനി നൽകേണ്ടെന്ന് വൈദ്യന്മാർ തിരുത്തി.

 അങ്ങനെ, കർക്കടകത്തിലെ ഉത്രട്ടാതി നക്ഷത്രത്തിൽ പുന്നയൂർകുളത്തുകാരൻ ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും നാലാമത്തെ മകനായി വാസുദേവൻ പിറന്നു. ‘‘വീണ്ടും ഒരാൺകുട്ടിയെന്ന നിരാശയേക്കാൾ, മാരക മരുന്നുകൾ എെൻറ ആരോഗ്യം നശിപ്പിച്ചുകാണുമെന്നുള്ള ഭയമായിരുന്നു അമ്മക്ക് പിന്നീടുണ്ടായിരുന്നത്. അന്ന് എല്ലാരുംകൂടി കൊല്ലാൻ നോക്കിയ കുട്ടിയാണിത് എന്ന് അമ്മ അയൽപക്കത്തുകാരോട് പറയുന്നത് കേട്ടിട്ടുണ്ട്-എം.ടി. ഒരിക്കൽ പറഞ്ഞു. തറവാട്ടുഭാഗത്തിൽ വീടില്ലാത്തതുകൊണ്ട് അമ്മാളുവും ആങ്ങളമാരും അനിയത്തിയും മുത്തശ്ശിയുമെല്ലാം ഒരു വലിയമ്മയുടെ വീട്ടുപറമ്പിലെ കൊട്ടിലിൽ കഴിയവെയാണ് എം.ടി ജനിച്ചത്.

വാശി മാറ്റാൻ സ്കൂളിൽ

തീക്ഷ്ണമരുന്നുകളുടെ ഫലമാകാം കുട്ടിക്ക് ചെറുപ്പത്തിൽ ആരോഗ്യം നന്നേ കുറവായിരുന്നു. എന്നാൽ, വാശിക്ക് ഒട്ടും കുറവില്ല. ശല്യം സഹിക്കാനാവാതെവന്നപ്പോൾ അമ്മ അവനെ കോപ്പൻ മാഷുടെ ഏകാധ്യാപകവിദ്യാലയത്തിൽ വിട്ടു. അവിടെ വലിയമ്മയുടെ ഇളയ മകൻ കുട്ടൻ രണ്ടാംക്ലാസിൽ ആയിരുന്നതിനാൽ വാസുവിനെയും അവിടെത്തന്നെ ഇരുത്തി. അക്ഷരങ്ങൾ പഠിച്ചത് ഓർമയില്ലെങ്കിലും കോപ്പൻ മാഷുടെ ക്ലാസിലിരുന്ന് ശ്രീകൃഷ്ണചരിതം മണിപ്രവാളം കാണാപ്പാഠം ചൊല്ലിയിരുന്നത് എം.ടിക്ക് ഓർമയുണ്ട്. ശ്ലോകങ്ങൾ കാണാപ്പാഠം പഠിക്കാൻ നല്ല ഉത്സാഹമായിരുന്നു. സ്കൂൾ അവധി ആയപ്പോഴേക്കും വാസു വാശിയൊക്കെ വിട്ട് നല്ല കുട്ടിയായിരുന്നു. പുതിയ കൊല്ലം മലമക്കാവിലെ ഡിസ്ട്രിക്ട് ബോർഡ് വക എലമെൻററി സ്കൂളിൽ നാലാം ക്ലാസിൽ ഇരുത്തി. താവഴിയിലെ പരമേശ്വരൻ അമ്മാവൻ നാലാംക്ലാസിൽ പഠിപ്പിക്കുന്നതിനാലായിരുന്നു വാസുവിനെ ആ ക്ലാസിൽ ഇരുത്തിയത്. ‘‘നാലു മാസം മാത്രം കോപ്പൻ മാഷുടെ രണ്ടാംക്ലാസിൽ ഇരുന്ന ഞാൻ അങ്ങനെ പെട്ടെന്ന് നാലാംക്ലാസിൽ എത്തി’’ -എം.ടിയുടെ വാക്കുകൾ.

പ്രയാസപ്പെട്ട് നാലും അഞ്ചും കഴിഞ്ഞ് കുമരനല്ലൂർ ഹൈസ്കൂളിൽ ആറാംക്ലാസിൽ (ഫസ്റ്റ് ഫോമിൽ) എത്തിയതോടെ വാസു പഠനത്തിൽ മികവു കാണിച്ചുതുടങ്ങി. ആദ്യ വർഷം തന്നെ ക്ലാസിലെ ഏറ്റവും മാർക്കുവാങ്ങിയ കുട്ടിയായി. ഒപ്പം വായനയിലും എഴുത്തിലും താൽപര്യം കാണിച്ചു.

വാക്കുകൾ ചേർത്തുവെച്ച്...

കളിക്കൂട്ടുകാരില്ലാത്ത ഒറ്റപ്പെട്ട കുട്ടിയായിരുന്നു വാസു. കുറച്ചെങ്കിലും അടുപ്പമുണ്ടായിരുന്നത് നേരെ മൂത്ത ജ്യേഷ്ഠനായ കൊച്ചുണ്യേട്ടൻ എന്ന എം.ടി.എൻ. നായരുമായിട്ടായിരുന്നു. വായനയിലേക്ക് അടുപ്പിക്കുന്നതിലും കൊച്ചുണ്യേട്ടന് വലിയ പങ്കുണ്ട്. എഴുത്തെന്ന് കേട്ടാൽ ആദ്യമൊക്കെ അച്ഛന് ഇഷ്ടമായിരുന്നില്ല. ഒറ്റക്കുള്ള കളിയുടെ ഭാഗമായി, വാക്കുകൾ വെച്ച് കവിതയുടെ വരികൾ ഉണ്ടാക്കിയാണ് എഴുതിത്തുടങ്ങിയത്. തുടക്കത്തിൽ വലിയ സംതൃപ്തി തോന്നിയില്ലെങ്കിലും വിനോദം തുടർന്നു. കവിതയോടായിരുന്നു പ്രിയം കൂടുതൽ. ചങ്ങമ്പുഴ കവിതകൾ ഏറെ ഇഷ്ടമായിരുന്നു. ഇവയുടെ കോപ്പി കിട്ടാൻ പ്രയാസമായിരുന്നതിനാൽ ആരോടെങ്കിലും ഉടൻ തരാം എന്നുപറഞ്ഞ് കൊണ്ടുവന്ന് അതു മുഴുവൻ പകർത്തി എഴുതും. വാസു ‘രമണൻ’ പകർത്തി എഴുതിയ പച്ച ബയൻറിട്ട നോട്ട്ബുക്ക്, എം.ടിയുടെ പ്രിയ ഓപ്പു കാർത്യായനി അമ്മ കുറെ നാൾ സൂക്ഷിച്ചുവെച്ചിരുന്നു.

‘ശിവജി അഥവാ കാട്ടെലി’ എന്ന നാടകമായിരുന്നു വാസൂന്റെ ആദ്യ സാഹിത്യ രചന എന്നാണ് കാർത്യായനി അമ്മ പറഞ്ഞത്. ഒരു നോട്ടുബുക്കിലായി പെട്ടിയുടെ അടിയിൽ വാസു ഒളിച്ചുവെച്ച ആ ‘കാട്ടെലി’ ഒളിച്ചുതന്നെ ഓപ്പുവും വായിച്ചു. അച്ഛന്റെ പെങ്ങളുടെ മകളായ, മൂന്നു വയസ്സു മൂത്ത കാർത്യായനി ആയിരുന്നു വാസുവിന്റെ അന്നത്തെ ഏറ്റവും അടുപ്പമുള്ള ആളുകളിലൊന്ന്. രണ്ടിൽ നിന്ന് നാലിലേക്ക് ‘ചാടി’ എത്തിയതിനാൽ എട്ടാം ക്ലാസിൽ ഇരുവരും ഒന്നിച്ചായി.

സിലോണിൽനിന്ന് പണം വന്നില്ല

പുന്നയൂർകുളത്തുകാരനായ നാരായണന്‍ നായർ പോസ്റ്റ് ഓഫിസിൽ താൽക്കാലിക ജോലിക്കായാണ് കൂടല്ലൂരിൽ എത്തുന്നത്. അവിടെ സ്കൂളിൽ മാഷായും ജോലി നോക്കിയിരുന്നു. അവിടെ വെച്ചാണ് തെക്കേപ്പാട്ടുനിന്ന് അമ്മാളുഅമ്മയെ വിവാഹം കഴിക്കുന്നത്. പിന്നീട് ജോലിക്കായി സിലോണിലേക്ക് പോയി. ആദ്യകാലത്ത് വിഷമങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും പിന്നീട് അവിടെ രാഷ്ട്രീയ ഗതികൾ മാറി. അതോടെ പണമയക്കുന്നതിലടക്കം നിയന്ത്രണം വന്നത് എം.ടിയുടെ തുടർപഠനത്തെ ബാധിച്ചു.

നല്ല മാർക്കോടെ സിക്സ്ത്ത് ഫോറം (എസ്.എസ്.എൽ.സി) ജയിച്ചപ്പോൾ, ‘‘അവനെ മെഡിസിനയക്കണം, അതിന് കോളജിൽ സെക്കൻഡ് ഗ്രൂപ്പിൽ ചേർക്കണം’’ എന്നൊക്കെ വീട്ടുകാർ പറഞ്ഞിരുന്നു. എം.ടി പത്താംക്ലാസ് കഴിഞ്ഞപ്പോൾ കൊച്ചുണ്യേട്ടൻ മംഗലാപുരത്ത് പഠിക്കുകയാണ്. രണ്ടുപേർക്ക് ഒരേസമയം പഠിക്കാൻ പണമുണ്ടാവില്ലെന്നു പറഞ്ഞ് അച്ഛന്റെ കത്തു വന്നു. മറ്റു രണ്ടു ജ്യേഷ്ഠന്മാരും ജോലിയിൽ പ്രവേശിച്ചിരുന്നുവെങ്കിലും സഹായിക്കാൻ പറ്റുന്ന അവസ്ഥയിൽ എത്തിയിരുന്നില്ല. വാസു വിഷമം പുറത്തുകാണിച്ചില്ല. ‘‘വയസ്സു തികയാത്തതുകൊണ്ട് അവന് കോളജിൽ ചേരാൻ പറ്റിയില്ല’’ എന്ന അമ്മയുടെ കള്ളം നാട്ടിൽ വിജയിക്കുകയും ചെയ്തു.

താന്നിക്കുന്നു കയറിയ പുസ്തകക്കാലം

കോളജിൽ പോകാനാകാത്ത വിഷമം മറികടന്നത് വായനയുടെ ലോകത്ത് മുങ്ങിനിവർന്നായിരുന്നു. പത്രമാസികകൾ അപൂർവമായി മാത്രം ലഭിക്കുമായിരുന്ന ഗ്രാമത്തിൽനിന്ന് ആറേഴു നാഴിക നടന്ന് മഹാകവി അക്കിത്തത്തിന്റെ വീട്ടിൽചെന്ന് പുസ്തകങ്ങൾ വാങ്ങിയായിരുന്നു വായന. വായനക്കൊപ്പം എഴുത്തും തുടങ്ങി. പലതും എഴുതിനോക്കുന്നു. വിലാസം കിട്ടിയ മാസികകൾക്കെല്ലാം അവ അയച്ചു നൽകുന്നു. എന്നും വൈകീട്ട് നാലു മണിക്ക് കൂടല്ലൂർ പോസ്റ്റ് ഓഫിസിൽ പോയി, തന്റെ പേര് അച്ചടിച്ച മാസിക ഏതെങ്കിലും വന്നുവോ എന്ന് നോക്കുമായിരുന്നു. കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ ചിലതെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിനിടെ, ജ്യേഷ്ഠൻ പഠനം നിർത്തിയതോടെ വാസുവിന് പഠിക്കാൻ അവസരമായി. പാലക്കാട് വിക്ടോറിയയിൽ ചേർന്നതോടെ പുസ്തകങ്ങളുടെ യഥാർഥ ലോകം കണ്ടു. വലിയ ലൈബ്രറി. പലരുടെയും ഉപയോഗിക്കാത്ത കാർഡിൽ കുറെ പുസ്തകങ്ങൾ എടുത്തു. വിശ്വസാഹിത്യമെല്ലാം വിക്ടോറിയ ലൈബ്രറിയിലൂടെ അടുത്തറിഞ്ഞു. അച്ഛൻ മാസത്തിൽ അയക്കുന്ന അമ്പതു രൂപയിൽ പഠനവും മറ്റെല്ലാ ചെലവും കഴിയണമായിരുന്നു. കലാലയ ജീവിതത്തിന്റെ ആഘോഷങ്ങളിലൊന്നും അതുകൊണ്ടുതന്നെ ഭാഗമായിരുന്നില്ല. ‘പുസ്തകങ്ങളും ലൈബ്രറിയുമുള്ള ഒരു ആന്തര ലോകം എനിക്കായി ഉണ്ടാക്കി’യെന്നായിരുന്നു അക്കാലത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. കോളജ് കാലത്ത് ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ ചെറുകഥ പ്രസിദ്ധീകൃതമായി.

എഴുതാനുള്ളതാണ് ജീവിതം

പുറത്തുപോയി ഒരു ചായകുടിക്കാൻ എന്തു വഴി എന്നാലോചിച്ചിരിക്കുേമ്പാഴാണ്, എഴുത്തിെൻറ ആദ്യ പ്രതിഫലം മണിയോർഡറായി ഹോസ്റ്റൽ മുറിയിൽ എത്തുന്നത്. അച്ഛൻ അയക്കുന്ന അമ്പതു രൂപയിൽ ഫീസും ഹോസ്റ്റൽ അടവുകളും കഴിഞ്ഞാൽ ഒന്നും ബാക്കിയില്ലാത്ത അന്ന് ആ 10 രൂപയുടെ മണിയോർഡർ എന്നിലുണ്ടാക്കിയ ആശ്വാസം, ഒരു വലിയ വ്യാപാരിയുടെ മകനായ റൂംമേറ്റ് സ്വാമിക്ക് മനസ്സിലായിരുന്നില്ല. പിന്നെ ചില ആനുകാലികങ്ങളിലെല്ലാം രചനകൾ വന്നു. മദ്രാസിൽനിന്ന് ഇറങ്ങുന്ന ജയകേരളം മാസികയിൽ കുറച്ചു കഥകൾ അടിച്ചുവന്നു. ബഷീർ അതിൽ സ്ഥിരം കോളമെഴുത്തുകാരനായിരുന്നു. അൽപനാൾ കഴിഞ്ഞ് കോളജിൽ വെച്ചുതന്നെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. കുട്ടികൾ എല്ലാവരുംകൂടി ചേർന്നാണ് ഇത് സാധ്യമാക്കിയത്. 1953ല്‍ വിക്ടോറിയയിൽനിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി പുറത്തിറങ്ങി. എഴുത്തുകൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ലെന്നും എന്തെങ്കിലും ജോലി വേണമെന്നുമുള്ള ചിന്തയോടെയാണ് പുറത്തിറങ്ങിയത്. അതേസമയം എഴുത്തിൽനിന്ന് വിട്ടുനിൽക്കുന്ന ഒരു ജോലിയിൽ താൽപര്യവുമില്ലായിരുന്നു. രണ്ടും സാധ്യമാകുന്ന അധ്യാപക ജോലി ആയിരുന്നു ആഗ്രഹം. എങ്ങനെ ആയാലും എഴുത്താണ് ഇനിയുള്ള ജീവിതമെന്ന് തീരുമാനിച്ചുകൊണ്ടാണ് വാസു വിക്ടോറിയയുടെ പടിയിറങ്ങുന്നതും ആ വാസു എം.ടിയാകുന്നതും. 

Tags:    
News Summary - from vasu to mt vasudevan nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.