തിരുവനന്തപുരം: സുനാമി ബാധിതരായ കുട്ടികൾക്കുള്ള പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിൽ 1.74 കോടി ചെലവഴിച്ചില്ലെന്ന് എ.ജിയുടെ റിപ്പോർട്ട്. ഇത് ദേശീയ സ്‌കോളർഷിപ്പായതിനാൽ ബാക്കി തുക കേന്ദ്ര സർക്കാരിന് തിരിച്ചു നൽകണമെന്നായിരുന്നു വ്യവസ്ഥ.
എന്നാൽ, ഓഡിറ്റിന് ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ, ബാക്കി തുകയായ 1.74 കോടി 2022 ഡിസംബർ 31-ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിലുണ്ട്. ഈ തുക കേന്ദ്ര സർക്കാരിന് തിരിച്ച് നൽകിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള യോഗ്യരായ കുട്ടികൾക്ക് പ്രതിമാസം 300 രൂപ വീതം സ്‌കോളർഷിപ്പ് നൽകാനായിരുന്നു പദ്ധതി. ഓഡിറ്റിന് ഹാജരാക്കിയ രേഖകളുടെ പരിശോധനയിൽ പല വീഴ്ചകളും സംഭവിച്ചു. സുനാമി ബാധിതരായ കുട്ടികൾക്ക് പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് നൽകുന്നതിനായി സൂക്ഷിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ 53.49 ലക്ഷം രൂപ ബാക്കിയുണ്ടെന്ന് മലപ്പുറം കലക്ടർ 2019 ഡിസംബർ 12ന് കത്ത് നൽകി.
സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളാരും മലപ്പുറം ജില്ലയിൽ ഇല്ലാത്തതിനാൽ തുക എങ്ങനെ സറണ്ടർ ചെയ്യണമെന്നായിരുന്നു ഡിസിയുടെ കത്തിലെ ചോദ്യം. സുനാമി ബാധിത ജില്ലകളിലെ കലക്ടർമാർ ബാക്കി തുക ക്രെഡിറ്റ് ചെയ്യണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി 2020 മാർച്ച് 15ലെ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
പിന്നീട്, 2022 ജനുവരി 11ന് പ്രിൻസിപ്പൽ സെക്രട്ടറി, എല്ലാ ഡി.സിമാർക്കും ഉപയോഗിക്കാത്ത തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം മെയിൻ ബ്രാഞ്ച് അക്കൗണ്ടിലേക്ക് മാറ്റാൻ നിർദേശിച്ചു. ഓഡിറ്റിന് ഹാജരാക്കിയ രേഖകളിൽ ഇത് സംബന്ധിച്ച് കൂടുതൽ കത്തിടപാടുകൾ നടന്നതായി കണ്ടെത്തിയില്ല. ഉപയോഗിക്കാതെ ബാക്കിയുള്ള തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം മെയിൻ ബ്രാഞ്ചിലെ ദുരന്തനിവാരണ വകുപ്പിന്റെ അക്കൗണ്ടിലേക്ക് മാറ്റാൻ എല്ലാ ഡി.സിമാർക്കും നിർദേശം നൽകി. എന്നാൽ സറണ്ടർ ചെയ്ത ഫണ്ടുകളുടെ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.