കൊറഗർക്ക് 2003ൽ അനുവദിച്ച 1.80 ലക്ഷം 20 വർഷമായിട്ടും ചെലവഴിച്ചില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട് : കാസർകോട് ജില്ലയിലെ പ്രാക്തന ഗോത്ര വർഗ വിഭാഗമായ കൊറഗർക്ക് അനുവദിച്ച 1.80 ലക്ഷം രൂപ 20 വർഷമായിട്ടും ചെലവഴിച്ചില്ലെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. ചൂരൽ, മുള എന്നിവ കൊണ്ടുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നതിനും, പരിശീലിപ്പിക്കുന്നതിനും 2003 ലാണ് 1.80 ലക്ഷം രൂപ തുക അനുവദിച്ചത്. കാഞ്ഞങ്ങാട് യാത്ര ടൂറിസം റിസർച്ച് ആൻഡ് ആക്ഷൻ എന്ന സന്നദ്ധ സംഘടനക്ക് അനുവദിച്ച തുക ചെലവഴിക്കാത്തതിനാൽ പലിശ സഹിതം 3.67 ലക്ഷം തിരിച്ചടപ്പിച്ചു.

ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തടുങ്ങിയതോടെ 20 വർഷത്തിനു ശേഷമാണ് പലിശ സഹിതം 3,67,600 രൂപ തിരിച്ചടച്ചത്. ഈ തുക വിനിയോഗിക്കുകയോ, പദ്ധതി നടപ്പാക്കാത്തതിനാൽ സർക്കാരിലേക്ക് യഥാസമയം തിരിച്ചടക്കുകയോ ചെയ്തിരുന്നില്ല. ഇത് യാത്ര ടൂറിസം റിസർച്ച് ആൻഡ് ആക്ഷൻ എന്ന സംഘടനയുടെ സെക്രട്ടറിയായ കെ.കെ വിജയന്റെയും, കാലാകാലങ്ങളിൽ മാറി വന്ന കാസർകോട് ജില്ല ട്രൈബൽ ഓഫീസർമാരുടെയും ഭാഗത്തു നിന്നും സംഭവിച്ചിട്ടുള്ള വീഴ്ചയാണെന്നും പരിശോധനയിൽ കണ്ടെത്തി.

അതിനാൽ യാത്ര ടൂറിസം റിസർച്ച് ആൻഡ് ആക്ഷൻ എന്ന സംഘടനക്കോ ഇതിന്റെ സെക്രട്ടറിയായ കെ.കെ വിജയനോ ഭാവിയിൽ ഇത്തരം പദ്ധതികൾ (എൻ.ജി.ഒ.കൾ വഴി) അനുവദിക്കരുതെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തു. പദ്ധതികൾ നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥതലത്തിൽ ഫണ്ട് വിനിയോഗം സംബന്ധിച്ച് കൂടുതൽ ജാഗ്രത കൈക്കൊള്ളേണ്ടതാണെന്നും എല്ലാ ജില്ല ട്രൈബൽ ഓഫീസർമാർക്കും നിർദേശം നൽകണം. ഭരണവകുപ്പ് അതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തമെന്നും ധനകാര്യ വിഭാഗം നിർദേശം നൽകി.

ജില്ല രജിസ്ട്രാർ ഓഫീസിലെ രേഖകൾ പരിശോധിച്ചതിൽ യാത്ര ടൂറിസം റിസർച്ച് ആൻഡ് ആക്ഷൻ എന്ന സംഘടന ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 230/95 നമ്പർ രജിസ്ട്രേഷൻ പുതുക്കിയിട്ടുണ്ടെന്നും വ്യക്തമായി. തുടർന്ന് ജില്ല സ്ക്വാഡ് കാഞ്ഞങ്ങാട് ഭാഗത്ത് യാത്ര ടൂറിസം റിസർച്ച് ആൻഡ് ആക്ഷൻ എന്ന സംഘടനയെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഈ സംഘടനക്ക് നിലവിൽ ഓഫീസ് ഇല്ല. സംഘടനയുടെ സെക്രട്ടറിയായ കെ.കെ.വിജയന്റെ വീട്ടിൽ ഒരു ഭാഗത്തായാണ് സംഘടന പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി.

അന്വേഷണം നടത്തുന്നതിന് സമാന്തരമായി, ഈ തുക സർക്കാരിലേക്ക് തിരിച്ചടക്കാനുള്ള ശ്രമങ്ങൾ കാസർകോട് ജില്ല ട്രൈബൽ ഓഫീസിൽ നിന്നും ആരംഭിച്ചിരുന്നു. ആർ.ബി.ഐയിൽ നിന്ന് തുക പലിശ സഹിതം ആകെ 33,67,600 രൂപ തിരികെ ലഭ്യമാക്കി. തുടർന്ന് 2023 ജൂൺ ഏഴിന് പിൻവലിച്ച് തുക ഇ-ചലാൻ പ്രകാരം കാസർകോട് ജില്ല ട്രഷറിയിൽ തിരിച്ചടച്ചുവെന്ന് കാസർകോട് ജില്ല ട്രൈബൽ ഓഫിസർ അറിയിച്ചു. ആദിവാസി വികസനത്തിന് അനുവദിച്ച് തുകയാണ് 20 വർഷം കഴിഞ്ഞിട്ടും ചെലഴിക്കാതെ പോയത്. 

Tags:    
News Summary - 1.80 lakh allocated to Koragar in 2003 was reportedly not spent even after 20 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.