1921ലെ മലബാർ പോരാട്ടത്തെ കുറിച്ചുള്ള പ്രമുഖരുടെ അനുഭവസാക്ഷ്യങ്ങൾ....
1921ലെ സംഭവത്തിന് പലരും പലവിധത്തിലുള്ള പേരാണ് നൽകിയിട്ടുള്ളത്. മാപ്പിള ലഹള, കർഷക ലഹള, ഖിലാഫത്ത് കലാപം എന്നിങ്ങനെ. എന്നാൽ വാസ്തവം ഇതാണ്. അതൊരു സാമുദായിക പോരാട്ടമോ ജന്മികളുടെ നേരെയുള്ള പകപോക്കേലാ ഒന്നുമായിരുന്നില്ല. അതൊരു കറകളഞ്ഞ സ്വാതന്ത്ര്യ സമരം തന്നെയായിരുന്നു. 1857ലെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരത്തിെൻറ മാതൃകയിലുള്ള ഒരു സമരം തന്നെയായിരുന്നു 1921ൽ തെക്കേ മലബാറിൽ നടന്നത്. അന്നുണ്ടായത് പോലെയുള്ള അനുഭവങ്ങൾ ഇതിലുമുണ്ടായിട്ടുണ്ട്. അനവധി പേർ തൂക്കുമരത്തിൽ ഏറ്റപ്പെട്ടു. പരസ്യമായി സ്ഥലത്ത് കൊണ്ടുവന്നു നിർത്തി തോക്കിനിരയാക്കി. അനവധി പേർ അന്തമാനിേലക്ക് നാടുകടത്തപ്പെട്ടു. വിചാരണ കൂടാതെ പലരെയും ദീർഘകാലം തടവിൽ പാർപ്പിച്ചു. വിവിധങ്ങളായ ദുരന്തങ്ങൾക്ക് 1857ലെ പോലെ തന്നെ 1921ലും ജനങ്ങൾ വിധേയരായി. എന്നാൽ, ഖിലാഫത്ത് പ്രസ്ഥാനവും കോൺഗ്രസിെൻറ പ്രവർത്തനവും ഒന്നായി നടക്കുേമ്പാൾ ഭരണകർത്താക്കൾക്ക് തങ്ങളുടെ അടിത്തറക്ക് ഇളക്കം തട്ടിയിരിക്കുന്നുവോ എന്ന ഭീതി ജനിക്കുകയുണ്ടായി. തത്ഫലമായി രാഷ്ട്രീയ പ്രവർത്തനങ്ങൾ പറ്റെ നശിപ്പിക്കണമെന്ന വ്യാമോഹത്തോടുകൂടി അവർ പല അക്രമങ്ങൾക്കും മുതിർന്നു. അടക്കാനാവാത്ത വേദന കൊണ്ട് ജനങ്ങൾ ക്ഷുഭിതരായി. അങ്ങനെയാണ് 1921ലെ സംഭവമുണ്ടായത്.
(ഇ. മൊയ്തു മൗലവി,
'മൗലവിയുടെ ആത്മകഥ')
മാപ്പിളമാരുടെ ആക്രമണങ്ങൾക്ക് ഹിന്ദുക്കൾ ഇരയായതിെൻറ പ്രധാന കാരണം മാപ്പിളമാരെ പട്ടാളം ആക്രമിക്കുമ്പോൾ ഹിന്ദുക്കൾ ഒപ്പം കൂടിയതിനാലും മാപ്പിളയുടെ ദൃഷ്ടിയിൽ തെൻറ അധ്വാനത്തിെൻറ ഫലം അനുഭവിക്കുന്ന വസ്തു ഉടമസ്ഥരായ ഹിന്ദുക്കളായിരുന്നതിനാലും ആയിരുന്നു. ജന്മികളിൽ അധികവും ഹിന്ദുക്കളായിരുന്നല്ലോ. അതോടൊപ്പം ബ്രിട്ടീഷുകാരോട് കൂറ് പുലർത്തിയ ഹിന്ദുക്കളും മാപ്പിളമാരായ ചേക്കുട്ടിയേയും അയ്തൃഹാജിയേയും പോലെയുള്ളവരും മാപ്പിളമാരുടെ ശത്രുക്കളായിരുന്നു എന്നതും പ്രസ്താവ്യമാണ്. ബ്രിട്ടീഷ് ഗവൺമെൻറിനോട് യുദ്ധം ചെയ്യാൻ ഒന്നാമതായി ഒരുങ്ങിപ്പുറപ്പെട്ടത് വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയാണ് എന്നതിന് സംശയില്ല. ലഹളത്തലവന്മാരിൽ ഏറ്റവും പ്രധാനിയും കുഞ്ഞഹമ്മദാജി തന്നെയായിരുന്നു. ലഹളയുടെ ആരംഭത്തിൽ അയാൾ കൊള്ളക്കാരുടെ ആക്രമണങ്ങളിൽനിന്ന് ഹിന്ദുക്കെള രക്ഷിച്ച് കൊള്ള ചെയ്തിരുന്ന മാപ്പിളമാരെ ശിക്ഷിച്ചു. ഗവൺമെൻറിന് സഹായകമായ മാപ്പിളമാരെ അയാൾ ദ്രോഹിക്കുകയും കൊല്ലുകയും ചെയ്തു. കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവൃത്തിപഥം പിഴച്ചിരുന്നെങ്കിലും അയാൾ സാധാരണക്കാരിൽ എത്രയോ ഉപരിയുള്ള ദേശാഭിമാനിയും മതാഭിമാനിയും ആയിരുന്നെന്ന് പറയുന്നത് തൽക്കാലം പലർക്കും നിന്ദ്യമായി തോന്നിയാലും പരമാർഥമാണെന്ന് കാലാന്തരേണ ബോധ്യപ്പെടും.
(കെ. മാധവൻ നായർ,
'മലബാർ കലാപം')
ഏറനാടിനെ ഏറെ കുഴക്കിയ ആ ലഹള മലപ്പുറത്തിനും തിരൂരങ്ങാടിക്കും ഒത്ത നടുവിലായ കോട്ടക്കലിനെ ബാധിച്ചില്ല. രണ്ടു കാരണങ്ങളാണ് അതിനുള്ളതെന്ന് തോന്നുന്നു. മുഖ്യമായത് മുസ്ലിം ജനതയിൽ വലിയമ്മാമനുണ്ടായിരുന്ന സ്വാധീനം തന്നെ. രണ്ടാമത്തെ കാരണം, കോവിലകത്തിന് കുടിയാൻമാരോടുണ്ടായിരുന്ന മൃദുസമീപനമാണ്. നിലമ്പൂർ കോവിലകത്തോടും മറ്റും ഉണ്ടായിരുന്നതുപോലെ കുടിയാൻമാർക്ക് കോട്ടക്കൽ കോവിലകത്തോട് പകയുണ്ടായിരുന്നില്ല. 1916 മുതൽ തന്നെ മലബാറിൽ പല സ്ഥലങ്ങളിലും കുടിയാൻ യോഗങ്ങൾ കൂടിയിട്ടുണ്ട്. ഏതായാലും മലബാർ കലാപം കോട്ടക്കലിനെ നേരിട്ട് ബാധിക്കാതെ കടന്നുപോയി. മലബാർ ലഹളയുടെ പേരിൽ മലബാറിൽ നടമാടിയ ക്രൂരതക്ക് ചരിത്രത്തിൽ സമാനതകളില്ല. മുസ്ലിം സമുദായത്തിൽപ്പെട്ട പുരുഷൻമാരെയെല്ലാം പിടിച്ച് ക്രൂരമായി മർദിച്ചു. കൊന്നൊടുക്കി, അല്ലാത്തവരെ അന്തമാനിലേക്ക് നാടുകടത്തി. മാപ്പിളയാണെന്ന് കണ്ടാൽ മതി എന്ത് ക്രൂരതയും ചെയ്യാം.
(ഡോ. പി.കെ. വാര്യർ, 'സ്മൃതി
പർവം' ആത്മകഥയിൽനിന്ന്)
1921ലെ മലബാർ ലഹളയുടെ കാലത്ത് എെൻറ കുടുംബം ഏലംകുളം മനയ്ക്കലിൽനിന്ന് ആറുമാസം മാറി താമസിച്ചു. കലാപാനന്തരം സ്ഥലത്ത് എത്തി നോക്കിയപ്പോൾ കുടുംബത്തിെൻറ സ്വത്തുവഹകൾക്ക് യാതൊരു കേടുപാടും ഉണ്ടായിരുന്നില്ല. കാരണം ഞാൻ ജന്മിമാരുടെയോ ബ്രിട്ടീഷുകാരുടെയോ പക്ഷത്തായിരുന്നില്ല. മറ്റൊരു ഉദാഹരണം കോട്ടക്കൽ പി.എസ്. വാര്യരുടേതാണ്. അദ്ദേഹവും കുടുംബവും കോട്ടക്കലിൽനിന്ന് മാറിയില്ല. തിരൂരങ്ങാടി സംഭവത്തെ തുടർന്ന് കോട്ടക്കൽ ചന്തയിൽനിന്ന് പ്രതിഷേധം പുറപ്പെട്ടുവെങ്കിലും വാര്യർക്കോ കുടുംബത്തിനോ നാശനഷ്ടം സമരപോരാളികൾ വരുത്തിവെച്ചില്ല. അതിന് കാരണം വാര്യർ ബ്രിട്ടീഷ് അനുകൂലികളായിരുന്നില്ല എന്നത് സമരപോരാളികൾക്ക് അറിയാമായിരുന്നു.
(ഇ.എം.എസ്, മലബാർ കലാപത്തിെൻറ 75ാം വാർഷിക ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.