ചെറുതുരുത്തി: ചേലക്കര നിയോജക മണ്ഡലത്തിലുൾപ്പെട്ട ചെറുതുരുത്തിയിൽ കലാമണ്ഡലം പരിസരത്ത് കാറിൽ കൊണ്ടുവന്ന 19.70 ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്പെഷൽ സ്ക്വാഡ് പിടികൂടി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് വാഹനപരിശോധനക്കിടെ പണം പിടികൂടിയത്.
ഷൊർണൂർ കുളപ്പുള്ളി പുള്ളിപ്പറമ്പിൽ വീട്ടിൽ ചന്ദ്രന്റെ മകൻ ജയൻ (62), മകൻ ജയകൃഷ്ണൻ (22), കാർ ഓടിച്ചിരുന്ന രാമചന്ദ്രൻ എന്നിവരെയാണ് ആദായ നികുതി വകുപ്പ് ഡിറ്റക്ഷൻ വിഭാഗം ഉദ്യോഗസ്ഥൻ കെ. അർജുന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
കാറിന്റെ ഡിക്കിൽ ബാഗിലാണ് പണം കണ്ടത്. ബാങ്കിൽനിന്ന് പിൻവലിച്ച പണമാണെന്ന് ജയൻ പറഞ്ഞെങ്കിലും അവ്യക്തതയുള്ളതിനാൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് പണം തൽക്കാലം പിടിച്ചെടുത്തു. പണം പിടിച്ചതിന് പിന്നാലെ അത് ചേലക്കരയിൽ വോട്ടർമാരെ സ്വാധീനിക്കാൻ സി.പി.എം കൊണ്ടുവന്നതാണെന്ന് കോൺഗ്രസും പി.വി. അൻവർ എം.എൽ.എയും ആരോപിച്ചപ്പോൾ ജയൻ ബി.ഡി.ജെ.എസ് ഭാരവാഹിയാണെന്ന് സി.പി.എം വ്യക്തമാക്കി.
വ്യവസായിയായ ജയൻ കുളപ്പുള്ളിയിൽ വർക്ഷോപ്പും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കനറാ ബാങ്ക് കുളപ്പിള്ളി ശാഖയിലെ അക്കൗണ്ടിൽനിന്ന് 25 ലക്ഷം രൂപ പിൻവലിച്ചിരുന്നതായി ജയൻ തെരഞ്ഞെടുപ്പ് സ്ക്വാഡ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അതിൽ കുറച്ച് പണം ചെലവായി. ഒരു തുക വീട്ടിലുണ്ട്.
വീട്ടിലേക്ക് ടൈൽ വാങ്ങാൻ ചേർത്തലയിലേക്ക് പണവുമായി പോകുകയാണെന്നും ജയൻ പറയുന്നു. കലാമണ്ഡലം ആർട്ട് ഗാലറിയിൽ എത്തിച്ചാണ് കാറിലുണ്ടായിരുന്നവരെ ചോദ്യംചെയ്തത്. ജയൻ ബി.ഡി.ജെ.എസ് ഒറ്റപ്പാലം താലൂക്ക് സെക്രട്ടറിയാണെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനിടെ, ജയന്റെ കുളപ്പുള്ളിയിലെ വീട്ടിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അഞ്ചു ലക്ഷം രൂപ കണ്ടെടുത്തു. പണത്തിന്റെ ഉറവിടം സംബന്ധിച്ചും ആധികാരികത സംബന്ധിച്ചും കമീഷന്റെ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.
പാലക്കാട്: ചെറുതുരുത്തിയിൽ കാറിൽനിന്ന് പിടികൂടിയ പണം കൊണ്ടുപോയയാളുടെ വീട്ടിൽ റെയ്ഡ്. വ്യവസായിയായ സി.സി. ജയന്റെ ഷൊർണൂർ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന നടന്നത്. തെരഞ്ഞെടുപ്പ് സ്ക്വാഡും ഇൻകം ടാക്സുമാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.